ബെംഗലൂരു: ഐഎസ്എൽ ക്ലബ് ബെംഗലൂരു എഫ്‌സിയോട് വിടപറഞ്ഞ മലയാളി വിങ്ങർ ആഷിഖ് കുരുണിയൻ എടികെ മോഹൻ ബഗാനിൽ ചേരും.അഞ്ചു വർഷത്തെ കരാറിലാണ് 25കാരനായ ആഷിഖ് കൊൽക്കത്തയിലെത്തിയത്. എടികെയുടെ പച്ചയും മറൂണും കലർന്ന ജേഴ്‌സി അണിയാൻ ഇനിയും കാത്തിരിക്കാനാവില്ലെന്ന് ആഷിക് നേരത്തെ സമൂഹമാധ്യമങ്ങളിലൂടെ വ്യക്തമാക്കിയിരുന്നു. വൈകിട്ടോടെ ആഷിഖുമായുള്ള കരാർ എടികെ ഔദ്യോഗികമായി പുറത്തുവിട്ടു. 19ാം നമ്പർ ജേഴ്‌സിയിലാണ് ആഷിഖ് കൊൽക്കത്തക്കായി കളിക്കുക.

യൂറോപ്യൻ ക്ലബ്ബായ വിയ്യാറയലിനുവേണ്ടി ജൂനിയർ തലത്തിൽ കളിച്ചിട്ടുള്ള തനിക്ക് അവിടത്തെ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ച് മതിപ്പു തോന്നിയിരുന്നുവെന്നും അതുപോലെയുള്ള സൗകര്യങ്ങളാണ് കൊൽക്കത്തയിലും ലഭിക്കുകയെന്നും ആഷിഖ് പറഞ്ഞു.

ഏതൊരു ഫുട്‌ബോളറുടെയും സ്വപ്നമാണ് കൊൽക്കത്തയിൽ കളിക്കുക എന്നത്. ആഴ്ചകൾക്ക് മുമ്പ് ഏഷ്യൻ കപ്പ് യോഗ്യതാ ചാമ്പ്യൻഷിപ്പ് കളിക്കാൻ കൊൽക്കത്തയിലെത്തിയപ്പോൽ അവിടുത്തെ കാണികളുടെ ആവേശവും പിന്തുണയും അടുത്തറിയാനായെന്നും ആഷിഖ് പറഞ്ഞു.

ഇന്ന് രാവിലെയാണ് ആഷിഖ് ക്ലബ് വിട്ടതായി ബിഎഫ്‌സി ട്വിറ്ററിലൂടെ അറിയിച്ചത്. ആഷിഖിന് ബെംഗളൂരു ക്ലബ് എല്ലാവിധ ആശംസകളും അറിയിക്കുകയും ചെയ്തിരുന്നു. ആഷിഖിനെ കേരളാ ബ്ലാസ്റ്റേഴ്‌സ് അടക്കമുള്ള ക്ലബ്ബുകൾ നോട്ടമിട്ടിരുന്നു. പൂണെ എഫ്‌സി സി അക്കാദമിയിലൂടെ കരിയർ തുടങ്ങിയ ആഷിഖ് പൂണെക്കായാണ് ഐഎസ്എല്ലിൽ ആദ്യം കളിക്കാനിറങ്ങിയത്.

2019ലാണ് ആഷിഖ് ബെംഗലൂരുവിലെത്തിയത്. ഐഎസ്എലിൽ ആകെ 65 മത്സരങ്ങൾ കളിച്ച ആഷിഖ് ഇന്ത്യൻ ദേശീയ ടീമിലെയും നിർണായക സാന്നിധ്യമാണ്. ക്ലബ് കരിയറിൽ ആകെ മൂന്ന് ഗോളുകളാണ് ആഷിഖ് നേടിയത്. 25 ദേശീയ മത്സരങ്ങളിൽ ഒരു തവണയും ആഷിഖ് ലക്ഷ്യം കണ്ടു.

ആഷിഖ് ബെംഗളൂരു വിട്ടതായി ക്ലബ് ബെംഗളൂരു അധികൃതർ അറിയിച്ചു. ബെംഗളൂരു എഫ്.സിയുടെ ഔദ്യോഗിക പേജിലൂടെയാണ് ആഷിഖ് ടീം വിടുകയാണെന്ന വാർത്ത പുറത്തുവന്നത്. ആഷിഖിന് ക്ലബ്ബ് എല്ലാവിധ ആശംസകളും നൽകി. 2019-ൽ പുണെ എഫ്.സിയിൽ നിന്നാണ് ആഷിഖ് ബെംഗളൂരുവിലെത്തിയത്. ആഷിഖിനെ നൽകിയപ്പോൾ ബെംഗളൂരു മോഹൻ ബഗാന്റെ പ്രബീർ ദാസിനെ സ്വന്തമാക്കിയിട്ടുണ്ട്.