കൊച്ചി: കേരളാ ബ്ലാസ്റ്റേഴ്‌സ് എന്ന് പറഞ്ഞ് ഇരമ്പിയാർത്ത ആരാധകരെല്ലാം ഒരടിയിൽ നിശബ്ദമായി. ബ്രസീലിയൻ താരം റോബർട്ടോ കാർലോസിന്റെ നേതൃത്വത്തിൽ എംത്തിയ ഡൽഹി ഡൈനാമോസിനോട് ബ്ലാസ്‌റ്റേഴ്‌സ് പൊരുതി തോറ്റു. 87ാം മിനിറ്റിൽ ഗാഡ്‌സെയാണ് കേരളാ ആരാധകർക്ക് മേൽ തറച്ച ഗോൾ നേടിയത്. ആദ്യപകുതിയിൽ ഡൽഹിയും കേരളവും നിറഞ്ഞു കളിക്കുകയായിരുന്നു. എന്നാൽ,രണ്ടാം പകുതിയിൽ ഇക്കാര്യത്തിൽ മാറ്റം വന്നു.

കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലെ നിറഞ്ഞ ഗാലറികളിലെ ആരാധകരുടെ ആർപ്പു വിളികൾക്കു മുന്നിലാണ് ഐ.എസ്.എല്ലിന്റെ നാലാമങ്കത്തിൽ ബഌസ്റ്റേഴ്‌സ് പന്തു തട്ടാൻ ഇറങ്ങിയത്. ഇപ്പോഴത്തെ തോൽവിയോട് കേരളാ ബ്ലാസ്‌റ്റേഴ്‌സിന് തുടർച്ചയായി രണ്ട് തോൽവിയായി. 87ാം മിനിറ്റിൽ പിറന്ന ഗോളിന് ശേഷം തിരിച്ചടിക്കാൻ ബ്ലാസ്റ്റേഴ്‌സ് തീവ്രശ്രമം നടത്തിയെങ്കിലും അത് വിജയിച്ചില്ല. 90ാം മിനിറ്റിൽ മലയാളി താരം വിനീതിന്റെ ഗോളെന്നുറച്ച അവസരം ഡൈനാമോസ് ഗോളി അത്ഭുതകരമായി രക്ഷപെടുത്തുകയായിരുന്നു.

മത്സരത്തിന്റെ ആദ്യപകുതി ആവേശകരമായെങ്കിലും ഗോൾ പിറന്നില്ല. ബഌസ്റ്റേഴ്‌സിന്റെ മാർക്വീ താരം കാർലോസ് മർച്ചനേ, പ്രതിരോധ നിര താരം സന്ദേശ് ജിങ്കാൻ, അറ്റാക്കിങ് മിഡ്ഫീൽഡർ കാവിൻ ലോബോ, മലയാളി താരം സി.കെ. വിനീത് എന്നിവർ ആദ്യ ഇലവനിൽ സ്ഥാനം നേടി.

സ്വന്തം തട്ടകത്തിൽ നടന്ന ആദ്യ മത്സരത്തിൽ നോർത് ഈസ്റ്റ് യുനൈറ്റഡിനെതിരെ 3-1ന് ജയിച്ച് പ്രശംസനീയമായ രീതിയിൽ തുടക്കമിട്ട ബഌസ്റ്റേഴ്‌സ് പിന്നീടുള്ള കളികളിൽ നിറംമങ്ങുകയായിരുന്നു. രണ്ടാം മത്സരത്തിൽ മുംബൈക്കെതിരെ ഗോൾരഹിത സമനില വഴങ്ങിയ കേരള ടീം, പെലെയെ സാക്ഷിനിർത്തി കൊൽക്കത്തയിൽ നടന്ന മൂന്നാം മത്സരത്തിൽ അത്‌ലറ്റികോയോട് തോൽവി വഴങ്ങി. ഇന്ന് കളികാണാൻ ബ്ലാസ്റ്റേഴ്‌സ് ഉടമ സച്ചിനും എത്തിയിരുന്നു. എന്നാൽ ടീം വിജയിക്കുന്നത് കാണാൻ സച്ചിന് യോഗമുണ്ടായില്ല.

അതേസമയം,ഡൽഹിയുടെ പ്‌ളേയിങ് ഇലവനിൽ മലയാളി താരം അനസ് എടത്തൊടിക സ്ഥാനം നേടിയിരുന്നു. കാർലോസ് നയിക്കുന്ന ടീമിൽ ലോകത്തെ മുൻനിര കഌുകൾക്ക് പന്തുതട്ടിയ ഫ്‌ളോറന്റ് മലൂദയും ജോൺ ആർനെ റീസെയ എന്നിവർക്കൊപ്പം കഴിഞ്ഞ സീസണിലെ സൂപ്പർ താരങ്ങളായ ഗുസ്താവോ ഡോസ് സാന്റോസും ഹാൻസ് മുൾഡറും കളിക്കളത്തിൽ ഇറങ്ങി.