കൊൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗിൽ സീസണിലെ നിർണായക മത്സരത്തിന് ഇറങ്ങുന്ന കേരളാ ബ്ലാസ്റ്റേഴ്‌സിന് കനത്ത തിരിച്ചടി. പരിക്കു കാരണം കൊമ്പന്മാരുടെ സൂപ്പർ താരം ഇയാൻ ഹ്യൂം ടീമിൽ നിന്നും പുറത്തായി. സീസണിലെ ഇനിയുള്ള മത്സരങ്ങളിൽ ഹ്യൂം കളിച്ചേക്കില്ലെന്ന് ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് അറിയിച്ചു. എഫ്.സി ഗോവയ്‌ക്കെതിരായ മത്സരത്തിലായിരുന്നു ഹ്യൂമിന് പരിക്കേറ്റത്. അതേസമയം പൂർവാധികം ശക്തിയോടെ തിരിച്ചു വരുമെന്ന് ഹ്യൂം ട്വിറ്ററിൽ കുറിച്ചു.

ഇന്ന് കോൽക്കത്തയ്‌ക്കെതിരായി കേരള ബ്ലാസ്റ്റേഴ്‌സിന്റെ മത്സരമുള്ളത്. നിലവിലുള്ള ചാമ്പ്യന്മാരായ എടികെയ്‌ക്കെതിരേ വിജയിച്ചാൽ മാത്രമേ കേരളത്തിന് പ്ലേ ഓഫ് സാധ്യതയുള്ളൂ. ഈ സാഹചര്യത്തിൽ സൂപ്പർ താരത്തിന് പരിക്കേറ്റത് ടീമിനെ പ്രതിരോധത്തിലാക്കാൻ സാധ്യതയുണ്ട്. കേരള ബ്ലാസ്റ്റേഴ്‌സിന് ഇന്ന് ക്യാപ്റ്റൻ സന്ദേശ് ജിങ്കനെ ഇറക്കാനും കഴിയില്ല. നാല് മഞ്ഞക്കാർഡുകൾക്കുള്ള സസ്‌പെൻഷൻ കാരണം എടികെയുമായുള്ള മത്സരം ജിങ്കനു നഷ്ടപ്പെടും. ഭാഗ്യതാരം ദീപേന്ദ്ര നേഗിയും ഇന്നു കളിക്കില്ല.

14 മത്സരങ്ങളിൽ നിന്ന് 20 പോയിന്റുമായി ലീഗിൽ ആറാം സ്ഥാനത്തുള്ള കേരള ബ്‌ളാസ്റ്റേഴ്‌സിന് ഇന്നത്തെ മത്സരം നിർണായകമാണ്. 13 മത്സരങ്ങളിൽ 17 പോയിന്റുമായി എട്ടാം സ്ഥാനത്തുള്ള എ.ടി.കെ കൊൽക്കത്തയാണ് കേരളത്തിന്റെ എതിരാളികൾ. ഇന്ന് ജയിക്കാനായാൽ എഫ്.സി ഗോവയേയും ജംഷഡ്പൂരിനെയും മറികടന്ന് നാലാം സ്ഥാനത്ത് എത്താം. അതേസമയം, പ്ലേ ഓഫ് സാദ്ധ്യതകൾ നിലനിർത്താൻ അവശേഷിക്കുന്ന നാല് മത്സരങ്ങളും ബ്ലാസ്റ്റേഴ്‌സിനെ ജയിച്ചേ മതിയാകൂ. ഈ സാഹചര്യത്തിൽ കേരളത്തിനായി കൂടുതൽ ഗോളുകൾ നേടിയ ഹ്യൂമിന്റെ പുറത്താകൽ കേരളത്തിന് കനത്ത തിരിച്ചടിയാകുമെന്ന് ഉറപ്പാണ്.