ബംഗളുരു: ഇന്ത്യൻ സൂപ്പർലീഗ് ഫുട്‌ബോൾ ടൂർണമെന്റിലെ ചെന്നൈ ഫ്രാഞ്ചൈസിയെ സ്വന്തമാക്കാനൊരുങ്ങി അഭിഷേക് ബച്ചൻ. റിലയൻസ്, സ്റ്റാർ ഇന്ത്യ എന്നിവർക്കൊപ്പം ഫുട്‌ബോൾ ഡെവലപ്‌മെന്റ് സ്പോർട്സ് പ്രൈവറ്റ് ലിമിറ്റഡും ചേർന്ന് പുതുതായി രൂപീകരിച്ച ചെന്നൈ ഫ്രാഞ്ചൈസിയെ ബച്ചൻ സ്വന്തമാക്കാൻ ഒരുങ്ങുന്നതിന്റെ ചർച്ചകൾ അവസാനഘട്ടത്തിലാണെന്നും ഐ.എസ്. എൽ വൃത്തങ്ങൾ അറിയിച്ചു. ചെന്നൈ ഫ്രാഞ്ചൈസിയുടെ മറ്റ് ഉടമകളുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ലെങ്കിലും അഭിഷേക് ബച്ചൻ പേരു പുറത്തുവരുന്നതിൽ എതിർപ്പു പ്രകടിപ്പിച്ചില്ല. ഇന്ത്യൻ പ്രോകബഡി ലീഗിലെ ജയ്പൂർ പിൻക് പാന്തേഴ്‌സ് ടീമിന്റെയും ഉടമ അഭിഷേകാണ്.

ചെന്നൈ ടീമിന്റെ ടെക്‌നിക്കൽ പാർട്ണറായ ക്ഷത്രിയ സ്‌പോർട്‌സിന്റെ സി.ഇ.ഒ പ്രശാന്ത് അഗർവാളിനും ചെന്നൈ ടീമിൽ നിർണായക സ്ഥാനം ഉണ്ടായിരിക്കും. ക്ഷത്രിയ ഗ്രൂപ്പുമായി ബന്ധമുള്ള ഇറ്റാലിയൻ സൂപ്പർ ക്‌ളബ് ഇന്റർമിലാനെയും ചെന്നൈ ടീമിന്റെ സഹ പാർട്ണർമാരാക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. ചെന്നൈ ടീമിന്റെ ഓണർഷിപ്പ് സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ശരിയായ സമയത്ത് തന്നെ നടത്തുമെന്ന് ഐ.എസ്.എല്ലിന്റെ പുതിയ സി.ഇ.ഒ അനുപം ദത്ത പറഞ്ഞു.

ഇറ്റാലിയൻ ക്ലബ് എ.സി.മിലാനും ചെന്നൈ ഫ്രാഞ്ചൈസിയുടെ ഓഹരികൾ വാങ്ങാൻ താൽപര്യം പ്രകടിപ്പിച്ചതായാണു സൂചന. സൺ ഗ്രൂപ്പ്, റിലയൻസ്, സ്റ്റാർ ഇന്ത്യ എന്നിവർ ചേർന്ന് ബംഗളുരു ഫ്രാഞ്ചൈസിയുണ്ടാക്കിയെങ്കിലും അഭിപ്രായ ഭിന്നത മൂലം ഇന്ത്യൻ സൂപ്പർ ലീഗ് തുടങ്ങും മുൻപ് പിന്മാറിയിരുന്നു. ബംഗളുരു ഫ്രാഞ്ചൈസിയുടെ 14 കളിക്കാരും ചെന്നൈയ്ക്കു വേണ്ടിയായിരിക്കും ഐ.എസ്.എല്ലിൽ കളിക്കുകയെന്ന് ഫുട്‌ബോൾ ഡെവലപ്‌മെന്റ് സ്പോർട്സ് പ്രൈവറ്റ് ലിമിറ്റഡ് സി.ഇ.ഒ. അനുപം ദത്ത വ്യക്തമാക്കി.