- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പന്തടക്കത്തിൽ മുമ്പരായിട്ടും കണ്ണൊന്ന് തെറ്റിയപ്പോൾ മഞ്ഞപ്പടയ്ക്ക് തുടക്കത്തിലേ കണ്ണീര്; അരങ്ങേറ്റ മത്സരത്തിൽ ഏകപക്ഷീയമായ ഒരുഗോളിന് എടികെ-മോഹൻ ബഗാന് വിജയം; റോയ് കൃഷ്ണ വലകുലുക്കിയപ്പോൾ തലയിൽ കൈവച്ച് ബ്ലാസ്റ്റേഴ്സ് താരങ്ങൾ; ഐഎസ്എല്ലിലെ ആദ്യ മത്സരത്തിൽ മഞ്ഞപ്പടയുടെ ആരാധകർക്ക് നിരാശ
ഗോവ: ഐഎസ്എല്ലിൽ എടികെ-മോഹൻ ബഗാന് ഇത് പുതിയ അവതാരമാണ്. അരങ്ങേറ്റം മോശമായില്ല താനും. കേരള ടീം ബ്ലാസ്റ്റേഴ്സിനെ ഏകപക്ഷീയമായ ഒരുഗോളിന് കീഴടക്കി എടികെ മോഹൻ ബഗാൻ ഏഴാമത് സൂപ്പർ ലീഗിന് തുടക്കം കുറിച്ചു. കഴിഞ്ഞ സീസണിൽ 15 ഗോളുമായി ടോപ് സ്കോററായ ഫിജിയൻ താര റോയ് കൃഷ്ണയാണ് 67 മിനിറ്റ് നേരത്തെ ഗോൾ വരൾച്ചയ്ക്ക് ശേഷം ബ്ലാസ്റ്റേഴ്സ് വല കുലുക്കിയത്. മൂന്നു പോയിന്റ് നേടി എടികെ മോഹൻ ബഹാന് മികച്ച തുടക്കവുമായി.
മഞ്ഞപ്പട 4-2-3-1 എന്ന പ്രതിരോധ താളത്തിലാണ് ആദ്യപകുതിയിൽ എടികെയെ തടുത്തുനിർത്തിയത്. ഇടവേള കഴിഞ്ഞപ്പോൾ കണ്ണൊന്ന് പതറിയപ്പോൾ കൂൾ കൂളായി റോയ് കൃഷ്ണ ഫിനിഷ് ചെയ്തു. ബോക്സിലേക്കുവന്ന പന്ത് വിൻസന്റ് ഗോമസിനും സിഗോഞ്ചയ്ക്കും ക്ലിയർ ചെയ്യാൻ കഴിഞ്ഞില്ല. സിഡോയുടെ ദുർബലമായ ഹെഡ്ഡർ ബോക്സിനു വെളിയിൽ മാർക്ക് ചെയ്യാതെ നിന്ന റോയ് കൃഷ്ണയുടെ കാൽപ്പാകത്തിൽ. മുന്നോട്ടുകയറിയ ഫിജി സ്ട്രൈക്കർ പന്ത് കൃത്യമായി ബ്ലാസ്റ്റേഴ്സ് വലയിലെത്തിച്ചു.
ആദ്യപകുതിയിൽ ബ്ലാസ്റ്റേഴ്സ് ഗോളെന്നുറപ്പിച്ച സുവർണാവസരം പാഴാക്കിയിരുന്നു. കളി സമയത്തിന്റെ 60 ശതമാനവും പന്ത് കാൽക്കൽ നിയന്ത്രിച്ചിട്ടും ബ്ലാസ്റ്റേഴ്സിന് ഗോൾ കണ്ടെത്താൻ കഴിഞ്ഞില്ല. കൂടുതൽ കോർണർ (6) നേടിയതും ബ്ലാസ്റ്റേഴ്സായിരുന്നു.തീർച്ചയായും എല്ലാ കണ്ണുകളും 131 വർഷത്തെ പാരമ്പര്യമുള്ള മോഹൻ ബഗാന്റെ ഐഎസ്എൽ അരങ്ങേറ്റ മത്സരത്തിലായിരുന്നു. മൂന്നുതവണ ചാമ്പ്യന്മാരായ എടികെയുമായുള്ള ബഗാന്റെ കൂടിച്ചേരലിന് ശേഷമുള്ള മത്സരത്തിന്റെ ആകാംക്ഷ നിറഞ്ഞുനിന്നു.
കഴിഞ്ഞ സീസണിൽ ഐലീഗിൽ മോഹൻ ബഗാനെ വിജയത്തിലേക്ക് നയിച്ച കിബു വികുന ബ്ലാസ്റ്റേഴ്സ് ജേഴ്സിയിൽ വന്നതും ഇന്നത്തെ കൗതുക കാഴ്ചയായിരുന്നു. ഐഎസ്എല്ലിന്റെ ഏറ്റവും വിജയകരമായ കോച്ച് അന്റോണിയോ ലോപസ് ആയിരുന്നു എടികെ മോഹൻ ബഗാന്റെ തലപ്പത്ത്. 3-5-2 ലൈനപ്പിൽ ഹബ്ബാസ് ടീമിനെ കളിക്കളത്തിൽ ഇറക്കി. 12 മാസത്തെ പരിക്കിന് ശേഷം സന്ദേശ് ജിംഗാൻ പ്രതിരോധത്തിലാണ് ഇറങ്ങിയത്.ആദ്യ 45 മിനിറ്റിൽ ബ്ലാസ്റ്റേഴ്സിന് ബോൾ പൊസഷൻ കൂടുതലുണ്ടായിരുന്നെങ്കിലും കളി എടികെ-മോഹൻ ബഗാന്റെ കൈയിൽ തന്നെയായിരുന്നു. രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്സ് കൂടുതൽ ആക്രമണകാരികളായി. എന്നാൽ, നോട്ടപ്പിശകിന്റെ രൂപത്തിൽ ഗോൾ പിറന്നത് ദൗർഭാഗ്യവുമായി. ആരാധകരുടെ ഹൃദയം തച്ചുടയക്കാൻ പോന്നൊരു തോൽവിയും.
മറുനാടന് ഡെസ്ക്