മഡ്ഗാവ്: ഐഎസ്എല്ലിലെ നിർണായക മത്സരത്തിൽ ലീഗിലെ അവസാന സ്ഥാനക്കാരോടും ബ്ലാസ്‌റ്റേഴ്‌സിന്റെ സമനില. ാെഡീഷ് എഫ്‌സിയുമായി പോയിന്റ് പങ്കുവച്ചതോടെ ബ്ലാസ്റ്റേഴ്‌സിന്റെ പ്ലേ ഓഫ് മോഹങ്ങൾ അവസാനിച്ചു. ലീഗിൽ ബ്ലാസ്റ്റേഴ്‌സിനു ഇനി മൂന്നു മത്സരങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. അതിൽ ജയിച്ചാലും പ്ലേ ഓഫ് സാധ്യത കുറവാണ്.

സമനിലയോടെ ബ്ലാസ്റ്റേഴ്‌സ് ഒൻപതാം സ്ഥാനത്തേക്ക് കയറി. ഈസ്റ്റ് ബംഗാളും ഒഡീഷയുമാണ് ബ്ലാസ്റ്റേഴ്‌സിനു പിന്നിൽ. ഇരുവരും ഓരോ മത്സരങ്ങൾ കുറച്ചാണ് കളിച്ചിട്ടുള്ളത്. ബ്ലാസ്റ്റേഴ്‌സിനായി മുറെയും ഹൂപ്പറും ഗോൾ നേടിയപ്പോൾ ഡിഗോ മൗറിസിയോ ഇരട്ടഗോളുമായി ഒഡീഷയുടെ രക്ഷകനായി.ആദ്യ പകുതിയിൽ ഒഡീഷ അപ്രതീക്ഷിത ഗോളുമായി ബ്ലാസ്റ്റേഴ്‌സിനെ ഞെട്ടിച്ചു. 45 ാം മിനിറ്റിലായിരുന്നു മൗറിസിയോയുടെ ആദ്യ ഗോൾ. കളിയുടെ ഒഴുക്കിന് വിപരീതമായി ഒഡീഷ മുന്നിലെത്തി. ജെറി ബോക്‌സിലേക്ക് ചിപ്പ് ചെയ്തു നൽകിയ പന്ത് ബ്ലാസ്റ്റേഴ്‌സ് പ്രതിരോധക്കാരുടെ ഇടയിലൂടെ മൗറിസിയോ ഗോളിലേക്ക് തട്ടിയിട്ടു. ഒഡീഷയുടെ ഗോളോടെ ഒന്നാം പകുതി പിരിഞ്ഞു.

രണ്ടാം പകുതിയുടെ തുടക്കത്തിൽ ബ്ലാസ്റ്റേഴ്‌സ് ഒപ്പമെത്തി. ഗാരി ഹൂപ്പറുടെ അസിസ്റ്റിൽ മുറെയുടെ ഗോൾ. സന്ദീപ് സിംഗിന്റെ പാസുമായി ബോക്‌സിലേക്ക് കയറിയ ഹൂപ്പർ പന്ത് പിന്നിലേക്ക് നൽകുകയായിരുന്നു. ഓടിയെത്തിയ മുറെ കൃത്യമായി കാലുവച്ചു. 68 ാം മിനിറ്റിൽ സഹലിന്റെ അസിസ്റ്റിൽ ഹൂപ്പർ ബ്ലാസ്റ്റേഴ്‌സിനു ലീഡ് സമ്മാനിച്ചു. മധ്യനിരയിൽനിന്ന് ബോക്‌സിനു വെളിയിൽനിന്ന സഹലിലേക്ക് വിൻസെന്റെ ഗോമസിന്റെ നീളൻ പാസ്. പ്രതിരോധക്കാരെ വെട്ടിയൊഴിഞ്ഞ സഹൽ, ബോക്‌സിലേക്ക് ഓടിക്കയറിയ ഹൂപ്പറിലേക്ക്. കാൽപ്പാകത്തിൽ തട്ടിമെരുക്കിയ പന്തിൽ ഹൂപ്പറുടെ കൃത്യമായ അടി.ബ്ലാസ്റ്റേഴ്‌സിന് ഒരു ഗോൾ ലീഡ്. ജയവും മൂന്നു പോയിന്റും, ബ്ലാസ്റ്റേഴ്‌സിന്റെസ്വപ്നത്തിന് അഞ്ച് മിനിറ്റ് ആയുസ് മാത്രം. മൊറിസിയോ വീണ്ടും മഞ്ഞപ്പടയെ ശിക്ഷിച്ചു. ബ്രാഡൻ ഇന്മാന്റെ കിടിലൻ ക്രോസാണ് ബ്ലാസ്റ്റേഴ്‌സിന്റെ വിധി നിർണയിച്ചത്.