കൊച്ചി: നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ ഏകപക്ഷീയമായ ഒരു ഗോളിനു തോൽപ്പിച്ചു കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ത്യൻ സൂപ്പർ ലീഗിന്റെ സെമിയിൽ. ലീഗിൽ രണ്ടാം സ്ഥാനക്കാരായാണു കേരളം സെമിയിൽ എത്തിയത്.

മഞ്ഞക്കടലായ കൊച്ചി രാജ്യാന്തര സ്റ്റേഡിയത്തിൽ ആവേശത്തിരയിളക്കിയാണു സികെ വിനീതിന്റെ തകർപ്പൻ ഗോൾ പിറന്നത്. 66ാം മിനിറ്റിൽ ഇടതുവശത്തു നിന്നു മുഹമ്മദ് റാഫി നൽകിയ കിടിലൻ പാസ് നോർത്ത് ഈസ്റ്റിന്റെ പ്രതിരോധ നിരക്കാരെ കബളിപ്പിച്ച് വിനീത് വലയിലാക്കി. ആവേശം വാനോളം ഉയർന്ന നിമിഷം. സെമിയിലേക്ക് സമനില മാത്രം വേണമെന്നിരിക്കെ വിനീതിന്റെ ഗോൾ ബ്ലാസ്റ്റേഴ്‌സിന്റെ വിജയാഹ്ലാദം മൈതാനം നിറയ്ക്കുകയായിരുന്നു.

സെമിയിൽ ഡൽഹി ഡൈനാമോസാണു കേരളത്തിന്റെ എതിരാളികൾ. ഇതര സെമിയിൽ മുംബൈ സിറ്റി എഫ്‌സി, അത്‌ലറ്റികോ ഡി കൊൽക്കത്തയെ നേരിടും.