മഡ്ഗാവ്: കോവിഡ് വ്യാപനം ആശങ്ക ഉയർത്തുന്നതിനിടെ ഇന്ത്യൻ സൂപ്പർ ലീഗിൽ ഞായറാഴ്‌ച്ച നടക്കാനിരുന്ന കേരള ബ്ലാസ്റ്റേഴ്സ്-മുംബൈ സിറ്റി എഫ്സി മത്സരം മാറ്റിവെച്ചു. കേരള ബ്ലാസ്റ്റേഴ്സ് നിരയിൽ ഗ്രൗണ്ടിലിറക്കാൻ താരങ്ങളെ തികയില്ലെന്ന് വ്യക്തമായ സാഹചര്യത്തിലാണ് മത്സരം മാറ്റിവെയ്ക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.

മത്സരത്തിന്റെ പുതുക്കിയ തിയതി പിന്നീട് അറിയിക്കുമെന്ന് സംഘാടകർ വ്യക്തമാക്കി. കോവിഡ് നെഗറ്റീവായ 15 കളിക്കാർ എങ്കിലും ഒരു ടീമിൽ ഉണ്ടായിരിക്കണമെന്നാണ് ഐഎസ്എൽ ചട്ടം. കഴിഞ്ഞ നാല് ദിവസം ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ പരിശീലനം നടത്തിയിരുന്നില്ല. മത്സരത്തിന്റെ പുതുക്കിയ തിയതി പിന്നീട് അറിയിക്കും.

ആദ്യപാദത്തിൽ ഏറ്റുമുട്ടിയപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് എതിരില്ലാത്ത മൂന്ന് ഗോളിന് മുംബൈ സിറ്റിയെ തോൽപിച്ചിരുന്നു. 11 കളിയിൽ 20 പോയിന്റുമായി ബ്ലാസ്റ്റേഴ്സാണ് ഇപ്പോൾ ലീഗിൽ ഒന്നാം സ്ഥാനത്ത്. നിലവിലെ ജേതാക്കളായ മുംബൈ സിറ്റി നാലാമതാണ്. മിക്ക ടീമുകളിലും കോവിഡ് സ്ഥിരീകരിച്ചത് ടൂർണമെന്റിന്റെ ഭാവി ആശങ്കയിലാക്കിയിട്ടുണ്ട്.

മെഡിക്കൽ ടീമുമായി ചർച്ചനടത്തിയ ശേഷമാണ് തീരുമാനമെടുത്തത്. ലീഗിൽ കളിക്കുന്ന താരങ്ങളുടേയും പരിശീലകരുടേയും സുരക്ഷ ഉറപ്പാക്കുന്നതിന് മെഡിക്കൽ സംഘവുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് ഐഎസ്എൽ അധികൃതർ വ്യക്തമാക്കി. ശനിയാഴ്‌ച്ച നടക്കേണ്ടിയിരുന്ന എടികെ മോഹൻ ബഗാൻ-ബെംഗളുരു എഫ്സി മത്സരവും മാറ്റിവെച്ചിരുന്നു.

ലീഗിലെ ഭൂരിഭാഗം ക്ലബ്ബുകളെയും കോവിഡ് ബാധിച്ചുകഴിഞ്ഞെന്നാണ് അറിയുന്നത്. എഫ്.സി. ഗോവയിൽ ഒമ്പത് കേസുകളുണ്ടെന്ന് നായകൻ എഡു ബേഡിയതന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനുപുറമെ ഒഡീഷ എഫ്.സി, ചെന്നൈയിൻ, എ.ടി.കെ. മുംബൈ സിറ്റി, ടീമുകളിലെല്ലാം കോവിഡ് കേസുകളുണ്ട്. ഒരു മാച്ച് കമ്മിഷണറും പോസിറ്റീവായിട്ടുണ്ട്.

കടുത്ത ബയോ ബബിളിലാണ് ടീമുകൾ. എന്നാൽ, എ.ടി.കെ. താരം റോയ് കൃഷ്ണയ്ക്ക് രോഗം ബാധിച്ചതോടെയാണ് പ്രതിസന്ധിയായത്. എ.ടി.കെ- ഒഡീഷ മത്സരം ഇതോടെ മാറ്റിവെച്ചു. രോഗം ബാധിക്കാത്ത 15 താരങ്ങളുണ്ടെങ്കിൽ ടീമിന് കളിക്കാൻ ഇറങ്ങാം.

മറിച്ചൊരു സാഹചര്യമാണെങ്കിൽ എതിർ ടീമിന് ജയവും പോയന്റും ലഭിക്കുമെന്നാണ് ലീഗ് ചട്ടം. എന്നിട്ടും ബഗാൻ- ഒഡീഷ മത്സരം മാറ്റിവെച്ചത് ഇരു ക്ലബ്ബുകളുടേയും ആശങ്ക കാരണമായിരുന്നു. ഇതേ ചട്ടം നിലനിൽക്കെ എ.ടി.കെ- ബെംഗളൂരു, ബ്ലാസ്റ്റേഴ്സ്-മുംബൈ മത്സരങ്ങൾ കൂടി മാറ്റിയതോടെ കൂടുതൽ കേസുകൾ ക്ലബ്ബുകളിലുണ്ടാകാനാണ് സാധ്യത.