ന്യൂഡൽഹി: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിൽ ഡൽഹി ഡൈനാമോസും നോർത്ത് ഈസ്റ്റ് യുണൈറ്റഡും തമ്മിലുള്ള മത്സരം സമനിലയിൽ അവസാനിച്ചു. ഇരുടീമുകൾക്കും ഗോളൊന്നും നേടാനായില്ല.

അവസരങ്ങൾ കളഞ്ഞു കുളിച്ചാണ് ഡൽഹി ഡൈനാമോസും നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിയും ഇന്ത്യൻ സൂപ്പർ ലീഗിലെ നാലാം അങ്കത്തിൽ സമനിലയിൽ പിരിഞ്ഞത്. ഡൈനാമോസിന്റെ മൂന്നാമത്തെയും നോർത്ത് ഈസ്റ്റിന്റെ രണ്ടാമത്തെയും സമനിലയാണിത്. ചെന്നൈയിൻ എഫ്‌സിയോടു മാത്രമാണ് ഡൈനാമോസിന് ജയിക്കാനായത്. മികച്ച മുന്നേറ്റങ്ങൾക്കും പ്രതിരോധങ്ങൾക്കും സാക്ഷ്യംവഹിച്ച മത്സരത്തിൽ അവസരം നഷ്ടപ്പെടുത്തുന്നതിലും ടീമുകൾ പൊരുതി. ഗോൾ മുഖത്തെത്തുമ്പോൾ കളി മറന്നവരെപ്പോലെ പെരുമാറിയ താരങ്ങൾ ഒടുവിൽ സമനിലയിൽ കളി അവസാനിപ്പിക്കുകയായിരുന്നു.