മുർഗാവ്: ഐ.എസ്.എല്ലിൽ ഞായറാഴ്ച നടന്ന ആദ്യ മത്സരത്തിൽ ഒഡിഷ എഫ്.സിയെ തകർത്ത് ഈസ്റ്റ് ബംഗാൾ. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ഒഡീഷയെ ഈസ്റ്റ് ബംഗാൾ കീഴടക്കിയത്.  സീസണിൽ ഐഎസ്എല്ലിൽ അരങ്ങേറ്റം കുറിച്ച ഈസ്റ്റ് ബംഗാളിന്റെ ആദ്യ ജയമാണിത്.

12-ാം മിനിറ്റിൽ ആന്തണി പിൽകിങ്ടണും 39-ാം മിനിറ്റിൽ ജാക്വസ് മഗോമയും 88-ാം മിനിറ്റിൽ ബ്രൈറ്റ് എനോബകാരേയുമാണ് കൊൽക്കത്ത ടീമിന്റെ ഗോളുകൾ നേടിയത്. ഗോൾകീപ്പർ ദേബ്ജിത്ത് മജുംദാറിന്റെ മികച്ച പ്രകടനവും ഈസ്റ്റ് ബംഗാളിന്റെ വിജയത്തിൽ നിർണായകമായി. ഗോളെന്നുറച്ച നാലിലേറെ അവസരങ്ങളാണ് ദേബ്ജിത്ത് രക്ഷപ്പെടുത്തിയത്.

പുതുവർഷത്തിൽ ആവേശത്തോടെ പോരാട്ടത്തിന് തുടക്കമിട്ട ഈസ്റ്റ് ബംഗാൾ മത്സരത്തിന്റെ 12-ാം മിനിറ്റിൽ തന്നെ മുന്നിലെത്തി. വലതുഭാഗത്തു നിന്ന് രാജു ഗെയ്ക്വാദിന്റെ ത്രോ ക്ലിയർ ചെയ്യുന്നതിൽ ഒഡിഷ താരങ്ങൾ വരുത്തിയ പിഴവിൽ നിന്നായിരുന്നു ഈസ്റ്റ് ബംഗാളിന്റെ ആദ്യ ഗോൾ. ബോക്സിൽ കുത്തി ഉയർന്ന പന്ത് ഹെഡറിലൂടെ പിൽകിങ്ടൻ വലയിലെത്തിക്കുകയായിരുന്നു.

39-ാം മിനിറ്റിൽ അസാധ്യമായ ഒരു ആംഗിളിൽ നിന്നാണ് മഗോമ സ്‌കോർ ചെയ്തത്. ഇടതു ഭാഗത്തു നിന്ന് പന്ത് ലഭിച്ച മഗോമ ഒറ്റയ്ക്കൊരു മുന്നേറ്റത്തിലൂടെ ഒഡിഷ ഡിഫൻഡർമാരെ മറികടന്ന് കരുത്തുറ്റ ഒരു ഷോട്ടിലൂടെ പന്ത് വലയിലെത്തിക്കുകയായിരുന്നു.

88-ാം മിനിറ്റിൽ മികച്ച ടീം വർക്കിലൂടെയായിരുന്നു എനോബകാരേ സ്‌കോർ ചെയ്തത്. ഒഡിഷ ഡിഫൻഡർമാരെ കാഴ്ചക്കാരാക്കി മികച്ച പാസുകളുമായി കളിച്ച ഈസ്റ്റ് ബംഗാളിനായി ഒടുവിൽ പന്ത് ലഭിച്ച എനോബകാരേ സ്‌കോർ ചെയ്യുകയായിരുന്നു.

ആദ്യ പകുതിയിൽ രണ്ടു ഗോൾ വഴങ്ങിയ ഒഡിഷ രണ്ടാം പകുതിയിൽ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. മാനുവൽ ഒൻവുവും ഡിയഗോ മൗറീസിയോയും ചേർന്ന് മികച്ച അവസരങ്ങൾ പലതും സൃഷ്ടിച്ചെങ്കിലും നിർഭാഗ്യം ഒഡിഷയെ പിന്തുടരുകയായിരുന്നു. ഒൻവുവും മൗറീസിയോയും ഈസ്റ്റ് ബംഗാൾ ബോക്സിൽ നിരവധി അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഫിനിഷിങ്ങിൽ പിഴയ്ക്കുകയായിരുന്നു. ഒഡിഷ താരങ്ങളുടെ നാലോളം ഷോട്ടുകളാണ് പോസ്റ്റിലിടിച്ച് മടങ്ങിയത്.