ചെന്നൈ: പരാജയത്തിന്റെ കയ്പുനീർ ചെന്നൈ രണ്ടാമതും രുചിച്ചപ്പോൾ ഐഎസ്എൽ അഞ്ചാം സീസണിലെ വിജയമധുരം നുണഞ്ഞ് എഫ്‌സി ഗോവ. മിന്നും പ്രകടനം കാഴ്‌ച്ചവച്ചാണ് ഐഎസ്എൽ അഞ്ചാം സീസണിലെ പ്രഥമ വിജയം എഫ്‌സി ഗോവ സ്വന്തമാക്കിയത്. ഒന്നിനെതിരേ മൂന്നു ഗോളുകൾക്കാണ് ചെന്നൈയിൻ എഫ്‌സിയെ ഗോവ പരാജയപ്പെടുത്തിയത്. ഗോവയ്ക്കായി 12-ാം മിനിറ്റിൽ എഡു ബീഡിയ, 53-ാം മിനിറ്റിൽ ഫെറാൻ കോറോമിനസ്, 80-ാം മിനിറ്റിൽ മൊർത്താദ എന്നിവർ ഗോളുകൾ നേടി.

ഇൻജുറി സമയത്തിന്റെ അഞ്ചാം മിനിറ്റിൽ പ്രതിരോധ നിര താരം എലി സാബിയയാണ് ചെന്നൈയുടെ ആശ്വാസ ഗോൾ നേടിയത്. ചെന്നൈയുടെ തുടർച്ചയായ രണ്ടാം തോൽവിയാണിത്. ആദ്യ മത്സരത്തിൽ ബെംഗളൂരുവിനോട് ചെന്നൈ തോറ്റിരുന്നു. 12-ാം മിനിറ്റിൽ ലെന്നി റോഡ്രിഗസ് വലതു മൂലയിൽ നിന്ന് ബോക്‌സിലേക്കു നൽകിയ ക്രോസ് ക്ലിയർ ചെയ്യുന്നതിൽ ചെന്നൈക്കു വന്ന പിഴവിലൂടെയാണ് എഡു ബീഡിയ ഗോവയെ മുന്നിലെത്തിച്ചത്.

ഇരുടീമുകളും നിരവധി ഗോൾ അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഫിനിഷിങ്ങിലെ പിഴവ് വിനയായി. മുന്നേറ്റനിര താരം ജെജെ ലാൽപെഖുവയുടെ മോശം ഫോം ചെന്നൈ ആക്രമണങ്ങളുടെ മുനയൊടിച്ചു. ആദ്യ പകുതിയിൽ ലഭിച്ച മികച്ച അവസരങ്ങൾ മുതലാക്കാനാകാതിരുന്നതും ചെന്നൈക്ക് തിരിച്ചടിയായി. ലഭിച്ച രണ്ടു സുവർണാവസരങ്ങൾ അനിരുദ്ധ് ഥാപ്പ പുറത്തേക്ക് അടിച്ചുകളയുകയായിരുന്നു