കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിന്റെ യഥാർഥ ഉപഭോക്താക്കളാണ് കേരളം. നഷ്ടപ്പെട്ടുപോയ ഫുട്‌ബോൾ പ്രതാപം തിരിച്ചുപിടിക്കാനായില്ലെങ്കിലും ഇവിടുത്തെ കാണികൾക്ക് കളിയുടെ ആരവങ്ങളിലേക്ക് മടങ്ങിവരാൻ അവസരമൊരുക്കിയത് റിലയൻസിന്റെ പണക്കൊഴുപ്പിൽ വിരിഞ്ഞ ഈ മാമാങ്കം തന്നെ. കേരള ബ്ലാസ്റ്റേഴ്‌സ് കേരളത്തിന്റെ പ്രതീക്ഷയും ആവേശവുമാകുന്നത് അങ്ങനെയാണ്. ഇന്നലെ കൊച്ചിയിൽ ഡൽഹി ഡൈനമോസിനെതിരെ ആദ്യപാദ സെമിഫൈനലിൽ വിജയിക്കാനായതോടെ ബ്ലാസ്‌റ്റേഴ്‌സ് നമ്മുടെ വികാരം കൂടിയായി മാറുന്നു.

കെർവൻസ് ബെൽഫോർട്ട് നേടിയ ഗോളാണ് ഡൽഹിക്കെതിരെ ബ്ലാസ്‌റ്റേഴ്‌സിന് വിജയം നേടിക്കൊടുത്തത്. ആദ്യപകുതിയിൽ ബെൽഫോർട്ട് നേടിയ ഗോൾ റഫറി അനുവദിക്കാതിരുന്നപ്പോൾ, മഞ്ഞപ്പടയ്ക്ക് ഇത് നിർഭാഗ്യത്തിന്റെ ദിവസമാണോ എന്ന പ്രതീതി തോന്നിപ്പിച്ചിരുന്നു. എന്നാൽ, രണ്ടാം പകുതിയിൽ അതിന് പ്രായച്ഛിത്തമെന്നോണം, സ്വന്തം ഹാഫിൽനിന്ന് പന്തുമായി ഒറ്റയ്ക്ക് മുന്നേറി ഡൽഹിയുടെ പ്രതിരോധനിരക്കാരെയെല്ലാം കബളിപ്പിച്ച് പോസ്റ്റിലേക്ക് വെടിയുതിർത്ത് ബെൽഫോർട്ട് തന്നെ വിജയഗോളിനും അവകാശിയായി.

ആദ്യപാദ മത്സരം വിജയിച്ചതോടെ ബ്ലാസ്‌റ്റേഴ്‌സ് സെമിയിലേക്ക് ഒരുചുവടുവച്ചു. 14-ന് ഡൽഹിയിലെ മത്സരത്തിൽ തോൽക്കാതിരുന്നാൽ ബ്ലാസ്‌റ്റേഴ്‌സിന് 18-ന് കൊച്ചിയിൽ നടക്കുന്ന ഫൈനൽ കളിക്കാം. ആദ്യസീസണിൽ ഫൈനലിലെത്തിയ ബ്ലാസ്റ്റേഴ്‌സിന് സ്വന്തം കാണികൾക്ക് മുന്നിൽ കിരീടമുയർത്താനുള്ള അവസരമായി അതുമാറും. എന്നാൽ, ഫൈനലിലേക്ക് മുന്നേറണമെങ്കിൽ സ്റ്റീവ് കോപ്പലിന്റെ ടീം ഇനിയുമേറെ ഒരുങ്ങേണ്ടിയിരിക്കുന്നുവെന്നാണ് ന്നലത്തെ സെമി ഫൈനൽ മത്സരം തെളിയിക്കുന്നത്. അത്രയ്ക്കും അവസരങ്ങളാണ് ബ്ലാസ്റ്റേഴ്‌സ് ഇന്നലെ നഷ്ടപ്പെടുത്തിയത്.

ഓരോ മത്സരം കാണാനും കൊച്ചിയിലെത്തുന്ന പതിനായിരക്കണക്കിന് കാണികളുടെ പിന്തുണയല്ലാതെ, ബ്ലാസ്റ്റേഴ്‌സ് ഈ സീസണിൽ സെമി ഫൈനൽ അർഹിച്ചിരുന്നോ എന്ന കാര്യം സംശയമാണ്. ലോകത്തുതന്നെ ആരാധക പിന്തുണയിൽ മുൻപന്തിയിലാണ് ബ്ലാസ്റ്റേഴ്‌സ്. അറുപതിനായിരത്തോളം കാണികൾ കൊച്ചിയിലെ എല്ലാ മത്സരത്തിനും എത്തുന്നുണ്ട്. ഇത്രയേറെപ്പേരെ ഗാലറിയിലേക്ക് എത്തിക്കാനായി എന്നതുതന്നെയാണ് ഐ.എസ്.എല്ലിന്റെ ഏറ്റും വലിയ വിജയം. ആ പിന്തുണയാണ് ബ്ലാസ്റ്റേഴ്‌സിനെ തുണയ്ക്കുന്നതും.

സ്വന്തം മൈതാനത്ത് തുടർച്ചയായ ആറാം വിജയമെന്ന അനുപമമായ നേട്ടത്തിലൂടെയാണ് സ്റ്റീവ് കോപ്പലിന്റെ ടീം ഇപ്പോൾ കടന്നുപോകുന്നത്. ലീഗിന്റെ തുടക്കത്തിൽ തപ്പിത്തടഞ്ഞ ബ്ലാസ്റ്റേഴ്‌സ് പിന്നീട് കൊച്ചിയിലെ വിജയങ്ങളിലൂടെയാണ് മുന്നോട്ടുകയറിവന്നത്. ഈ ആത്മവിശ്വാസമാണ് 18-ലെ ഫൈനലിൽ ബ്ലാസ്റ്റേഴ്‌സ് കളിക്കണമെന്ന് ആരാധകരെ ആഗ്രഹിപ്പിക്കുന്നതും. സ്വന്തം മൈതാനത്ത് തോൽക്കാൻ ബ്ലാസ്‌റ്റേഴ്‌സിനാകില്ല. അല്ലെങ്കിൽ അലറി വിളിക്കുന്ന പതിനായിരങ്ങൾ അതിന് സമ്മതിക്കില്ല.

പക്ഷേ, ഇനിയും ടീമിൽ തിരുത്തലുകൾ ആവശ്യമാണ്. ക്യാപ്റ്റൻ ആരോൺ ഹ്യൂസും സെഡ്രിക് ഹെങ്ബാർത്തും സന്ദേഷ് ജിംഗനും ഉൾപ്പെടുന്ന പ്രതിരോധ നിരമാത്രമാണ് ബ്ലാസ്‌റ്റേഴ്‌സ് നിരയിൽ പൂർണ സജ്ജമെന്ന് പറയാനുള്ളത്. മുന്നേറ്റത്തിൽ നീക്കങ്ങളുണ്ടാക്കാൻ പ്രാപ്തരായുള്ളവരുണ്ടെങ്കിലും വേണ്ടത്ര ഏകോപനം കൈവരിക്കാനായിട്ടില്ല. ബെംഗളൂരു എഫ്.സിയിലെ ജോലികൾ പൂർത്തിയാക്കി സി.കെ.വിനീത് തിരിച്ചെത്തിയതോടെയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ആക്രമണത്തിന് കൂടുതൽ മൂർച്ച കൈവന്നത്. വിങ്ങുകളിലൂടെയുള്ള വിനീതിന്റെ കുതിപ്പ് ബ്ലാസ്റ്റേഴ്‌സിന്റെ വിജയമന്ത്രമായി.

ഡൽഹിയിൽ സമനില നേടിയാലും കേരളത്തിന് ഫൈനൽ കളിക്കാനാവും. പക്ഷേ, ഒരുഗോൾ വിജയം അത്ര ആശ്വാസം തരുന്ന ഫലമല്ല. പ്രത്യേകിച്ച്, സീസണിൽ ഏറ്റവും കൂടുതൽ ഗോളുകളടിച്ച ടീമായ ഡൽഹിക്കെതിരെ അവരുടെ തട്ടകത്തിൽ കളിക്കുമ്പോൾ. ഇറ്റാലിയൻ താരം ജിയാൽലൂക്ക സംബ്രോട്ട പരിശീലിപ്പിക്കുന്ന ടീമിൽ ഫ്‌ളോറന്റ് മലൂദയെപ്പോലെ അനിതരസാധാരണമായ മികവുള്ള ഒരു പ്ലേ മേക്കറുണ്ട്. മാഴ്‌സലീന്യോയെും റിച്ചാർഡ് ഗാഡ്‌സെയെയും പോലുള്ള ഫിനിഷർമാരും. 27 ഗോളുകൾ നേടിയ ഡൽഹിയുടെ ഒമ്പത് ഗോളുകൾക്കവകാശി മാഴ്‌സലീന്യോയാണ്. ഈ ആക്രമണസംഘത്തെയാണ് ബ്ലാസ്‌റ്റേഴ്‌സ് ഇനി കരുതലോടെ നേരിടേണ്ടത്.

ബെൽഫോർട്ട് നേടിയ 'ഒറ്റയാൻ ഗോളിൽ' ഡൽഹി ഡൈനാമോസിനെ വീഴ്‌ത്തി ആദ്യപാദ സെമിയിൽ കേരളാ ബ്ലാസ്റ്റേഴ്സിന് വിജയം നൽകിയത്. 65-ാം മിനിറ്റിലായിരുന്നു ബെൽഫോർട്ടിന്റെ ഗോൾ. ഈ സീസണിൽ കൊച്ചിയിൽ ബ്ലാസ്റ്റേഴ്സ് നേടുന്ന തുടർച്ചയായ ആറാം വിജയമാണിത്. സീസണിൽ ഡൽഹിക്കെതിരെ നേടുന്ന ആദ്യ വിജയവും. രണ്ടാം പാദത്തിൽ സമനില നേടിയാലും മുന്നേറാമെന്ന് ചുരുക്കം. കൊച്ചിയിലെ സ്വന്തം കാണികൾക്കു മുന്നിൽ പാഴാക്കിക്കളഞ്ഞ അരഡസനോളം അവസരങ്ങൾ അവിടെ ബ്ലാസ്റ്റേഴ്സിനെ തിരിഞ്ഞുകൊത്തുമോയെന്നും അന്നറിയാം. അതേസമയം, മൽസരത്തിന്റെ അവസാന നിമിഷങ്ങളിൽ ഡൽഹിക്ക് അനുകൂലമായി ലഭിക്കേണ്ടിയിരുന്ന പെനൽറ്റി റഫറി നിഷേധിച്ചത് മൽസരശേഷം ചെറിയ സംഘർഷത്തിനു കാരണമായി. മാർസലീഞ്ഞോയെ ബോക്സിനുള്ളിൽ ജിങ്കാൻ വീഴ്‌ത്തിയതാണ് തർക്കത്തിന് കാരണമായത്. പെനൽറ്റി നിഷേധിച്ച റഫറിയെ ചോദ്യം ചെയ്ത ഗാഡ്സെയ്ക്ക് മഞ്ഞക്കാർഡും കിട്ടി.

ബ്ലാസ്റ്റേഴ്‌സ് ടീമിലെ ലഭ്യമായ വിഭവങ്ങളെല്ലാം ചേർത്തുവച്ചാണ് നിർണായക പോരാട്ടത്തിനുള്ള അന്തിമ ഇലവനെ പരിശീലകർ പ്രഖ്യാപിച്ചത്. മലയാളി താരങ്ങളായ മുഹമ്മദ് റാഫി, സി.കെ. വിനീത് എന്നിവർ പതിവുപോലെ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഇലവനിൽ ഇടം നേടിയപ്പോൾ റിനോ ആന്റോ പകരക്കാരുടെ ബെഞ്ചിലിരുന്നു. കഴിഞ്ഞ മൽസരത്തിൽ പുറത്തിരുന്ന ഹോസു പ്രീറ്റോ, മെഹ്താബ് ഹുസൈൻ എന്നിവർ തിരിച്ചെത്തി. ഗ്രഹാം സ്റ്റാക്കിനു പകരം വല കാക്കാനെത്തിയത് സന്ദീപ് നന്ദി. അസ്റാക്ക് മഹാമത്, ഡക്കൻസ് നാസോൺ എന്നിവരും ആദ്യ ഇലവനിൽ ഇടം കണ്ടെത്തി. മലയാളി താരം അനസ് എടത്തൊടിക ഉൾപ്പെടെയുള്ള കരുത്തരെല്ലാം ഡൽഹി നിരയിലും ആദ്യ ഇലവനിലെത്തി.

സെമിയുടെ രണ്ടാം പാദം ഡൽഹിയുടെ തട്ടകത്തിലായതിനാൽ ഈ മൽസരത്തിൽ ലീഡ് നേടി നില സുരക്ഷിതമാക്കാനായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ശ്രമം. സ്റ്റേഡിയം നിറഞ്ഞെത്തിയ കാണികളുടെയും ടീം സഹ ഉടമ കൂടിയായ സച്ചിൻ തെൻഡുൽക്കറിന്റെയും സാന്നിധ്യത്തിലായിരുന്നു മൽസരം.