ഫറ്റോർഡ: ഇന്ത്യൻ സൂപ്പർ ലീഗിൽ എഫ്‌സി ഗോവയ്‌ക്കെതിരെ അത്‌ലറ്റികോ ഡി കൊൽക്കത്തയ്ക്കു ജയം. ഒന്നിനെതിരെ രണ്ടു ഗോളിനാണു കൊൽക്കത്തയുടെ ജയം. ഇഞ്ചുറി ടൈമിൽ സ്റ്റീഫൻ പിയേഴ്‌സണാണു കൊൽക്കത്തയുടെ വിജയ ഗോൾ നേടിയത്.

28ാം മിനിറ്റിൽ യുവാൻ ബെലൻങ്കോസോയിലൂടെ അത്‌ലറ്റിക്കോ ഡി കൊൽക്കത്തയാണ് മത്സരത്തിൽ മുന്നിലെത്തിയത്. 80ാം മിനിറ്റിൽ മന്ദർ റാവു ഗോവയ്ക്കായി ഗോൾ നേടി. സമനിലയിലേക്കെന്നു തോന്നിച്ച ഘട്ടത്തിലാണു പിയേഴ്‌സൺ കൊൽക്കത്തയുടെ വിജയഗോൾ നേടിയത്.

ജയത്തോടെ 12 മത്സരങ്ങളിൽനിന്നു അത്‌ലറ്റിക്കോയ്ക്കു 18 പോയിന്റായി. രണ്ടാംസ്ഥാനത്താണിപ്പോൾ കൊൽക്കത്ത. അത്രയുംതന്നെ മത്സരങ്ങളിൽനിന്നു 11 പോയിന്റ് മാത്രമുള്ള എഫ്‌സി ഗോവ പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്താണ്. കേരള ബ്ലാസ്റ്റേഴ്‌സ് 11 കളിയിൽ 15 പോയിന്റുമായി അഞ്ചാം പടിയിൽ തുടരുന്നു.