ബംഗളുരു: ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് നവാഗതരുടെ പോരാട്ടം. ബാംഗ്ലൂരുവിലെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ ആതിഥേയരായ ബാംഗ്ലൂർ എഫ്.സി കോപ്പാലാശാന്റെ സ്വന്തം ജംഷഡ്പൂർ എഫ്.സിയെ നേരിടും

ആറ് മത്സരങ്ങളിൽ നാല് ജയവും രണ്ട് തോൽവിയുമായി ബംഗളുരു എഫ്‌സി പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തു നിൽക്കുമ്‌ബോൾ, അഞ്ച് മത്സരങ്ങളിൽ ഒരു ജയവും മൂന്നു സമനിലയും ഒരു തോൽവിയുമായി ജംഷഡ്പൂർ എഫ്‌സി ആറാം സ്ഥാനത്താണ്. ഒന്നാം സ്ഥാനത്തായിരുന്ന ബാംഗ്ലൂർ കഴിഞ്ഞ മൽസരത്തിൽ ചെന്നൈയിൻ എഫ്‌സിയോട് 1-2നു തോറ്റിരുന്നു.

കഴിഞ്ഞ മൽസരം തോറ്റ് തന്നെയാണ് ജംഷഡ്പൂർ എഫ്‌സിയും എത്തുന്നത്, പൂണെ സിറ്റി എഫ്‌സിയോടാണ് കഴിഞ്ഞ മൽസരത്തിൽ ജംഷഡ്പൂർ എഫ്‌സി പരാജയപ്പെട്ടത്.

' സ്വന്തം ഗ്രൗണ്ടിൽ കാര്യമായി പോയിന്റ് നോടാൻ കഴിഞ്ഞിട്ടില്ല. അതുകൊണ്ട് ഇപ്പോൾ ഇതിനോട് പ്രതികരിക്കേണ്ടത് വളരെ നിർണായകമാണ്. കഴിഞ്ഞ മത്സരത്തിനുശേഷം കളിക്കാർക്ക് എല്ലാം വിജയവും എത്രമാത്രം പ്രാധാന്യം അർഹിക്കുന്നതാണെന്നു ബോധ്യമായി. കഴിഞ്ഞ തവണത്തേതിനേക്കാൾ ഇപ്പോൾ സ്ഥിതിഗതി എറെ മെച്ചപ്പെട്ടിട്ടുണ്ട്, എന്ന് ബാംഗ്ലൂർ എഫ്.സി പരിശീലകൻ റോക്ക പറഞ്ഞു.'ഞങ്ങളുടെ ഫുട്‌ബോൾ ബ്രാൻഡിലുള്ള വിശ്വാസം ഉറച്ചതാണ്. അതോടൊപ്പം ഞങ്ങൾ കളിക്കുന്ന രീതിയെക്കുറിച്ചും യാതൊരു സംശയവുമില്ലെന്നും' റോക്ക പറഞ്ഞു

അതേ സമയം 'ആദ്യ ദിവസം മുതൽ തന്നെ, ശക്തമായ അടിത്തറ ഉണ്ടാക്കുന്നതിലാണ് ഞങ്ങൾ ഏറെ ശ്രദ്ധ ചെലുത്തിയത്. ഞങ്ങളുടെ പ്രതിരോധം കരുത്തുറ്റതാക്കാൻ നന്നായി അധ്വാനിച്ചു. മുൻനിരയിൽ ഞങ്ങൾ അത്ര സമൃദ്ധരല്ല. ഞങ്ങൾക്ക് ഇനിയും ഇക്കാര്യത്തിൽ മുന്നേറേണ്ടതുണ്ടെന്ന് ജംഷഡ്പൂർ പരിശീലകൻ സ്റ്റീവ് കോപ്പൽ പറഞ്ഞു.

'കഴിഞ്ഞ മത്സരത്തിൽ ചെന്നൈയിൻ എഫ്‌സി സ്വീകരിച്ച കളി തന്നെ ഞങ്ങളും സ്വീകരിക്കാനാണ് താത്പര്യപ്പെടുന്നത്. ടീമിൽ ആറോളം പേരെ ഒറ്റയടിക്കു മാറ്റുവാൻ പരിശീലകൻ കാണിച്ച ആത്മവിശ്വാസം എടുത്തു പറയേണ്ടത് തന്നെയാണ്. ടീമിന്റെ ഗുണനിലവാരം വളരെ ആഴത്തിൽ മനസിലാക്കിയ ഒരു പരിശീലകന് മാത്രമെ അത്തരം ഒരു നീക്കം നടത്താൻ കഴിയൂകയുള്ളു. ഐഎസ്എല്ലിന്റെ ഈ ഘട്ടത്തിൽ ഏറ്റവും ശക്തമായ ഒരു ടീമിനെ കൂടി ഉൾക്കൊള്ളുന്ന ടീമാണ് ബംഗളുരു എന്ന് ഇതോടെ വ്യക്തമായി. ഇത് ഞങ്ങൾക്ക് വലിയ വെല്ലുവിളിയാണ് ഉണ്ടാക്കുന്നത്. ചെന്നൈയിൻ ഇവിടെ വന്നു കളിച്ചു, ജയിച്ചു. അതേപോലെ ചെയ്യാമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു,' സ്റ്റീവ് കോപ്പൽ പറഞ്ഞു.