കൊച്ചി: ഐഎസ്എൽ സെമി ഫൈനലിന്റെ ആദ്യപാദത്തിൽ ഡൽഹി ഡൈനാമോസിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ച് കേരളാ ബ്ലാസ്റ്റേഴ്‌സ് കരുത്തു തെളിയിച്ചു. മത്സരത്തിന്റെ രണ്ടാം പകുതിയിൽ ഹെയ്ത്തി താരം ബെൽഫോർട്ടിലൂടെയാണ് ബ്ലാസ്‌റ്റേഴ്‌സ് മുന്നിലെത്തിയത്. പകുതി വാരയിൽ നിന്നും പന്തു സ്വീകരിച്ച് ഒറ്റയ്ക്ക് മുന്നേറിയ ബെൽഫോർട്ട് ഡൈനാമോസ് ഡിഫന്റേഴ്‌സിനെ ട്രിബിൽ ചെയ്ത് പോസ്റ്റിലേക്ക് നിറയൊകുക്കുകയായിരന്നു.

ഡൽഹി പ്രതിരോധ നിരയെ കീഴപ്പെടുത്തി വലകുലുക്കിയതോടെ കൊച്ചി ജവഹർലാൽ നെഹ്രു സ്‌റ്റേഡിയം ആവേശത്തിമിർപ്പിലായി. പൊട്ടിത്തെറിച്ച് സ്റ്റേഡിയത്തെ വലംവച്ച് ബെൽഫോർട്ട് ശക്തിപ്രകടനം നടത്തുകയും ചെയ്തു. 65ാം മിനിറ്റിലാണ് വിജയഗോൾ. ഇനി ബുധനാഴ്‌ച്ച് ഡൽഹിയുടെ ഹോം ഗ്രൗണ്ടിൽ നടക്കുന്ന രണ്ടാം പാദ സെമിയിൽ സമനില നേടിയാലും ബ്ലാസ്റ്റേഴ്‌സിന് ഫൈനലിൽ എത്താം.

കിക്കോഫ് മുതൽ ആവേശം ഇരമ്പിയ മത്സരം. ആദ്യ നീക്കത്തിൽ തന്നെ ഡൽഹിയുടെ പോസ്റ്റിലേക്ക് ഷോട്ട് പായിച്ചു. അത് കോർണറിന് വഴങ്ങി ബ്ലാസ്‌റ്റേഴ് രക്ഷപ്പെടുത്തി. ഇതിന്റെ പ്രത്യാക്രമണം ഉജ്വലമായ ഗോളിനുള്ള അവസരമായെങ്കിലും ഗോളി മാത്രം മുന്നിൽ നിൽക്കെ സികെ വിനീത് പുറത്തേക്ക് അടിച്ചു. തുടക്കത്തിൽ തന്നെ മുൻതൂക്കം നേടാനുള്ള അവസരം കളഞ്ഞുകുളിച്ചു. കേരളത്തെ ഞെട്ടിച്ചുകൊണ്ടായിരുന്നു ഡൽഹിയുടെ തുടക്കം. കിക്കോഫിൽനിന്ന് കുതിച്ച പന്ത് കോർണറിന് വഴങ്ങിയാണ് ബ്ലാസ്‌റ്റേഴ് ഗോളിൽനിന്ന് രക്ഷിച്ചെടുത്തത്.

ആദ്യ പകുതി തീരാനിരിക്കെ ബെൽഫോർട്ട് ബ്ലാസ്‌റ്റേഴ്‌സിനായി വലകുലുക്കിയപ്പോൾ സ്‌റ്റേഡിയം ആർത്തിരമ്പി. പക്ഷെ അതിന് മുമ്പേ തന്നെ ലൈൻസ്മാന്റെ കൊടി ഉയർന്നിരുന്നു. ബെൽഫോർട്ട് പന്ത് വരുതിയിലാക്കിയത് കൈകൊണ്ടാണെന്ന് ലൈൻസ് മാൻ വിധിച്ചു. ഗോൾ നിഷേധിച്ചു. ആവേശകരമായ ആദ്യ പകുതി ഗോൾരഹിതമായി അവസാനിച്ചിരുന്നു.