കൊച്ചി: ഗാലറികളിലെ നിലയ്ക്കാത്ത ആരവത്തെ സാക്ഷി നിർത്തി ഐ.എസ്.എൽ മൂന്നാം സീസണിലെ നിർണായക മത്സരത്തിൽ പൂണെയ്ക്കെതിരെ ബ്ലാസ്റ്റേഴ്സ് ഒന്നിനെതിരെ രണ്ട് ഗോളിന് ജയിച്ചു. കൊച്ചിയിലെ കാണികളുടെ ആവേശത്തിനൊപ്പം ഉണർന്ന് കളിച്ച കേരളം കളിയുടെ എല്ലാ മേഖലയിലും കരുത്ത് കാട്ടി. ആക്രമണത്തിലും പ്രതിരോത്തിലും ഒന്നിനൊന്ന് മികച്ച ടീമായിരുന്നു കൊച്ചിയിൽ പൂണയ്‌ക്കെതിരെ കളിക്കാനെത്തിയത്. ഈ ഒത്തിണക്കം തന്നെയാണ് കേരളത്തിന് അവസാന നാലിൽ എത്താനാകുമെന്ന പ്രതീക്ഷ നൽകുന്നതും.

പൂണയ്‌ക്കെതിരെ മത്സരത്തിന്റെ തുടക്കം മുതൽ ആക്രമിച്ചു കളിക്കുന്ന ബ്ലാസ്റ്റേഴ്സിനായി ഏഴാം മിനിറ്റിൽ നാസോണാണ് ആദ്യ ഗോൾ വലയിലാക്കിയത്. 57-ാം മിനിറ്റിൽ ടീമിൽ തിരച്ചെത്തിയ ആരോൺ ഹ്യൂസിന്റെ ഹെഡ്ഡർ ഗോളിൽ ബ്ലാസ്റ്റേഴ്സ് ലീഡ് രണ്ടാക്കി ഉയർത്തി. മികച്ച പ്രതിരോധത്തിലൂടെ കളിയിലൂടനീളം പൂണയെ പിടിച്ചു നിർത്തുക കൂടി ചെയ്തതോടെ വിജയം കേരളാ ടീമിനായി. കഴിഞ്ഞ മത്സരത്തിൽ മുംബൈക്കെതിരെ ദയനീയമായി തകർന്നടിഞ്ഞ ബ്ലാസ്റ്റേഴ്സിന് പരിക്ക് മാറി മാർക്വീ താരം ആരോൺ ഹ്യൂസ് ടീമിൽ തിരിച്ചെത്തിയത് കരുത്തായി. കളി അവസാനിക്കാൻ മിനിറ്റുകൾ ബാക്കിയുള്ളപ്പോഴായിരുന്നു പൂണയുടെ ആശ്വാസ ഗോൾ. ഫ്രീകിക്കിൽ നിന്ന് അനിബൽ റോഡ്രിഗസാണ് പൂണയുടെ ഗോൾ നേടിയത്.

ലീഗിൽ രണ്ട് മത്സരങ്ങൾ ശേഷിക്കുന്ന ബ്ലാസ്റ്റേഴ്സ് 185 പോയന്റോടെ മൂന്നാം സ്ഥാനത്താണ്. മറുവശത്ത് 15 പോയന്റോടെ പൂണെയ്ക്ക് രണ്ടു മത്സരം ബാക്കിയുണ്ടെങ്കിലും ഇന്ന് തോറ്റാതോടെ ടൂർണ്ണമെന്റിലെ സാധ്യതയും മങ്ങി. ഇന്നത്തെ കളിക്കുശേഷം രണ്ടു ടീമിനും രണ്ടു മൽസരം വീതമുണ്ട്. ഇന്നത്തേതടക്കം മൂന്നു മൽസരവും ജയിച്ചാൽ ബ്ലാസ്റ്റേഴ്‌സിന് 24 പോയിന്റ് വരെ സമ്പാദിക്കാം. രണ്ടു ഗോൾ വ്യത്യാസമെങ്കിലും വിജയത്തിൽ കുറിക്കാനായാൽ ഗോൾ ശരാശരിയും മെച്ചപ്പെടും. അതുകൊണ്ട് തന്നെ കേരളത്തിന് നല്ല സാധ്യതയാണ് ഉള്ളത്.

നിരവധി ആരാധകരാണ് പ്രിയ ടീമിനെ പ്രോത്സാഹിപ്പിക്കുന്നതിനായി ഗാലറിയിലെത്തിയത്്. സെമി പ്രതീക്ഷകൾ നിലനിർത്തുന്നതിന് കേരളത്തിന് ഈ മത്സരം നിർണായകമായിരുന്നു. അതുകൊണ്ട് തന്നെ മഞ്ഞക്കടൽ ആർത്തിരമ്പി. മൊബൈലിൽ ഫോൺ തെളിച്ചും മറ്റും ആവേശം ഉയർത്തി. കേരളത്തിന്റെ ഹോം മത്സരത്തിലെ തുടർച്ചയായ നാലാം ജയമായിരുന്നു ഇത്. കാണികളുടെ പിന്തുണയിൽ കേരളത്തിന്റെ മികവിന് തെളിവാണ് ഇത്.

കലാശപ്പോരാട്ടവും കൊച്ചിയിൽ

ഡിസംബർ 18നു നടക്കുന്ന ഐഎസ്എൽ ഫൈനലിനു കൊച്ചി വേദിയാകും. കേരള ബ്ലാസ്റ്റേഴ്‌സിന്റെ മൽസരങ്ങളിൽ ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ പതിവായി കളി കാണാനെത്തുന്ന അരലക്ഷത്തോളം കാണികളുടെ സാന്നിധ്യമാണ് ഇതു പരിഗണിക്കാനുള്ള പ്രധാന കാരണം.

ആദ്യ രണ്ടു സീസണുകളിൽ യഥാക്രമം മുംബൈയും ഗോവയുമായിരുന്നു ഫൈനൽ വേദികൾ. ഇത്തവണ കൊൽക്കത്തയിലോ കൊച്ചിയിലോ ഫൈനൽ നടക്കുമെന്നായിരുന്നു തുടക്കം മുതലുള്ള വിലയിരുത്തൽ. എന്നാൽ, കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയം ഐഎസ്എൽ മൽസരങ്ങൾക്ക് ഇത്തവണ വിട്ടുകിട്ടിയിട്ടില്ല. അടുത്തവർഷം നടക്കുന്ന ഫിഫ അണ്ടർ 17 ലോകകപ്പിനായുള്ള നവീകരണം നടന്നുവരികയാണ്.

അണ്ടർ 17 ലോകകപ്പിന്റെ വേദിയാണെങ്കിലും കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഹോം ഗ്രൗണ്ടായി കൊച്ചി വിട്ടുകിട്ടിയ സാഹചര്യത്തിലാണു ഫൈനൽ അവിടെ നടത്താൻ തീരുമാനിച്ചത്.