- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രണ്ട് ഗോൾ ലീഡെടുത്തു; പിന്നാലെ ഗോൾ വഴങ്ങി; കേരള ബ്ലാസ്റ്റേഴ്സിനെ സമനിലയിൽ കുരുക്കി ഗോവ; ഒൻപത് മത്സരങ്ങളിൽ നിന്നും 14 പോയന്റോടെ മഞ്ഞപ്പട മൂന്നാം സ്ഥാനത്ത്
ഫറ്റോർഡ: ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിനെ സമനിലയിൽ കുരുക്കി എഫ് സി ഗോവ. മത്സരത്തിന്റെ തുടക്കത്തിൽ രണ്ട് ഗോൾ ലീഡെടുത്ത ശേഷമാണ് ബ്ലാസ്റ്റേഴ്സ് സമനില വഴങ്ങിയത്. ഇരുടീമുകളും രണ്ട് ഗോൾവീതം നേടി. ആദ്യ പകുതിയിലാണ് നാല് ഗോളും പിറന്നത്.
ജീക്സൺ സിങ്, അഡ്രിയാൻ ലൂണ എന്നിവരാണ് ബ്ലാസ്റ്റേഴ്സിന്റെ ഗോളുകൾ നേടിയത്. ജോർഗെ ഒർട്ടിസ്, എഡു ബെഡിയ എന്നിവരുടെ വകയായിരുന്നു മറുപടി ഗോളുകൾ.
മത്സരത്തിന്റെ പത്താം മിനിറ്റിൽ തന്നെ ഒരു ബുള്ളറ്റ് ഹെഡ്ഡറിലൂടെ ജീക്സൺ മഞ്ഞപ്പടയെ മുന്നിലെത്തിച്ചു. ലൂണയുടെ കോർണർ കിക്കിൽ തലവച്ചാണ് പ്രതിരോധതാരം വലകുലുക്കിയത്. പത്ത് മിനിറ്റുകൾക്ക് ശേഷം ലൂണ ലീഡ് രണ്ടാക്കി. അൽവാരോ വാസ്‌ക്വെസിൽ നി്ന്ന് പന്ത് സ്വീകരിച്ച് ലൂണ തൊടുത്ത ലോങ് റേഞ്ചർ ഗോവൻ ഗോൾ കീപ്പർ ധീരജ് സിംഗിനേയും മറികടന്ന വലയിലേക്ക്. ഈ സീസണിൽ ഐഎസ്എല്ലിൽ പിറന്ന മികച്ച ഗോളുകളിൽ ഒന്നായിരുന്നിത്.
എന്നാൽ നാല് മിനിറ്റുകൾക്ക് ശേഷം ഗോവയുടെ ആദ്യ മറുപടിയെത്തി. സേവ്യർ ഗാമയുടെ സഹായത്തിൽ ഒർട്ടിസ് വലകുലുക്കി. പെനാൽറ്റി ബോക്സിന് പുറത്തുനിന്നായിരുന്നു ഒർട്ടിസിന്റെ ഗോൾ. 37ആം മിനുട്ടിൽ മറ്റൊരു അത്ഭുത ഗോൾ കൂടെ പിറന്നു. എഡു ബേഡിയ കോർണറിൽ നിന്നാണ് ഗോൾ നേടിയത്. താരത്തിന്റെ കോർണർ കിക്ക് നേരിട്ട് വലയിലേക്ക് പറന്നിറങ്ങി.
ഇതിനിടെ 32-ാ മിനിറ്റിൽ സഹൽ അബ്ദു സമദ് സുവർണാവസരം പാഴാക്കി. ലൂണ നൽകിയ ഹെഡർ ഗോൾ പോസ്റ്റിന് മുന്നിൽ വച്ചാണ് സഹൽ നഷ്ടപ്പെടുത്തിയത്. രണ്ടാം പകുതിയിൽ 47-ാം മിനിറ്റിൽ ഗോവയുടെ ഓർഗെ ഓർട്ടിസിന്റെ ഫ്രീകിക്ക് ബ്ലാസ്റ്റേഴ്സ് ക്രോസ്ബാറിന് മുകളിലൂടെ പറന്നു.
57-ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് ബോക്സിനുള്ളിൽ വെച്ച് ഓർഗെ ഓർട്ടിസിനെ ബിജോയ് വീഴ്‌ത്തിയെങ്കിലും റഫറി ഓർട്ടിസിന് മഞ്ഞക്കാർഡ് നൽകിയത് വിവാദമായി. റഫറിമാരുടെ തെറ്റായ തീരുമാനങ്ങൾ മത്സരത്തിൽ കല്ലുകടിയായി. രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്സിനേക്കാളും മികച്ച ആക്രമണഫുട്ബോൾ കാഴ്ചവെച്ചത് ഗോവയായിരുന്നു.
67-ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സിന്റെ ചെഞ്ചോയ്ക്ക് തുറന്ന അവസരം ലഭിച്ചെങ്കിലും പന്ത് കൈവശം വെയ്ക്കുന്നതിൽ താരം പരാജയപ്പെട്ടു. 75-ാം മിനിറ്റിൽ ഗോവയുടെ ദേവേന്ദ്ര മുർഗാവോൻകർക്ക് ഗോളടിക്കാനുള്ള അവസരം ലഭിച്ചു. പക്ഷേ ബ്ലാസ്റ്റേഴ്സ് ഗോൾകീപ്പർ ദേവേന്ദ്രയുടെ ഷോട്ട് കൈയിലൊതുക്കി അപകടം ഒഴിവാക്കി.
87-ാം മിനിറ്റിൽ എഡു ബേഡിയയുടെ ഗോളെന്നുറച്ച ഫ്രീകിക്ക് ബ്ലാസ്റ്റേഴ്സ് ക്രോസ് ബാറിലിടിച്ച് തെറിച്ചു. തൊട്ടുപിന്നാലെ 89-ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സിന്റെ വാസ്‌ക്വെസിന്റെ ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പറന്നു. ഇൻജൂറി ടൈമിൽ ഗോവയ്ക്ക് ഒന്നിലധികം അവസരങ്ങൾ ലഭിച്ചെങ്കിലും ഒന്നും ഗോളായി മാറിയില്ല. മത്സരം സമനിലയിൽ അവസാനിക്കുകയും ചെയ്തു.
ഈ സമനിലയോടെ ഒൻപത് മത്സരങ്ങളിൽ നിന്ന് 14 പോയന്റുമായി ബ്ലാസ്റ്റേഴ്സ് മൂന്നാം സ്ഥാനത്ത് തുടരുന്നു. ഇത്രയും മത്സരങ്ങളിൽ നിന്ന് ഒൻപത് പോയന്റുള്ള ഗോവ ഒൻപതാം സ്ഥാനത്താണ്. ഇതോടെ തുടർച്ചയായി എട്ട് മത്സരങ്ങളിൽ പരാജയമറിയാതെ മുന്നേറാൻ ബ്ലാസ്റ്റേഴ്സിന് സാധിച്ചു.ഈ മത്സരത്തിലും റഫറിയിങ്ങിന്റെ നിലവാരത്തകർച്ച പ്രകടമായിരുന്നു.
സ്പോർട്സ് ഡെസ്ക്