കൊച്ചി: അറബിക്കടലിന്റെ റാണിയെ മഞ്ഞക്കടലാക്കി മാറ്റി ഐഎസ്എൽ ഫൈനലിന് തുടക്കമായി. സെമിഫൈനലിൽ നിർണായകമായ പെനാൽറ്റി കിക്ക് രക്ഷിച്ചു ഹീറോയായ സന്ദീപ് നന്ദിക്കു പകരം ഒന്നാം നമ്പർ ഗോൾ കീപ്പർ ഗ്രഹാം സ്റ്റാക്കാണു കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഗോൾവല കാക്കുന്നത്.

മലയാളി താരങ്ങളായ സി കെ വിനീതും മുഹമ്മദ് റാഫിയും ആദ്യ ഇലവനിൽതന്നെ സ്ഥാനം പിടിച്ചു. രണ്ടാം പാദ സെമിയിൽ ആദ്യഇലവനിൽ ഇറക്കാതെ രണ്ടാം പകുതിയിലേക്ക് കരുതിവച്ച ഹെയ്ത്തിതാരം ബെൽഫോർട്ടും ആദ്യ ഇലവനിൽ എത്തിയിട്ടുണ്ട്.

ഡക്കൻ നേസണെയും മുന്നേറ്റത്തിലെ കുന്തമുനയായി കോപ്പൽ ഇറക്കുന്നുണ്ട്. മെഹ്താബ് ഹുസൈൻ, മഹാമത് എന്നിവർ മധ്യനിരയ്ക്കു കരുത്തു പകരുമ്പോൾ ക്യാപ്റ്റൻ ആരോൺ ഹ്യൂസ്, ഹെങ്ബാർട്ട്, സന്ദേശ് ജിംഗൻ, ഇഷ്താഖ് അഹമ്മദ് എന്നിവർ പ്രതിരോധ നിരയിൽ അണിചേരും.

രാവിലെ മുതൽ സ്റ്റേഡിയത്തിലേക്ക് ആരാധകരുടെ ഒഴുക്കായിരുന്നു. ബ്ലാസ്റ്റേഴ്സിന്റെ മഞ്ഞക്കുപ്പായവും തലക്കെട്ടുമായാണു ആരാധകർ ഒഴുകിയെത്തിത്. ഉച്ചയോടെ തന്നെ സ്റ്റേഡിയം മഞ്ഞക്കടലായി. ടിക്കറ്റ് കിട്ടാത്ത നിരവധി ആരാധകർ പുറത്ത് തടിച്ചുകൂടി. ഇവരെ നിയന്ത്രിക്കാൻ പൊലീസിന് പലതവണം ലാത്തി വീശേണ്ടിവന്നു.

സ്റ്റേഡിയത്തിൽ എത്താൻ കഴിയാത്തവരുടെ നിരാശമാറ്റാൻ നഗരത്തിൽ പലയിടത്തും കളികാണാൻ ബിഗ് സ്‌ക്രീൻ ഒരുക്കിയിട്ടുണ്ട്. എറണാകുളം സേക്രഡ് ഹാർഡ് ബി.എം.ഐ പബ്ലിക്ക് സ്‌കൂൾ, ഫോർട്ട് കൊച്ചി വാസ്‌കോ ഡ ഗാമ സ്‌ക്വയർ, എറണാകുളം ദർബാർഹാൾ ഗ്രൗണ്ട് എന്നിവിടങ്ങളിലാണ് ആരാധകർക്കുവേണ്ടി സൗജന്യമായി മത്സരം വീക്ഷിക്കാൻ ഫാൻ പാർക്കുകളുള്ളത്.