കൊച്ചി: ആരാധകർ ആവേശത്തിന്റെ മഞ്ഞക്കടൽ തീർത്തിട്ടും കൊച്ചിയിൽ കേരള ബ്ലാസ്റ്റേഴ്‌സിനു തോൽവി. 53-ാം മിനിറ്റിൽ അത്‌ലറ്റികോ ഡി കൊൽക്കത്തയുടെ യാവിയർ ലാറ നേടിയ ഗോളാണ് കേരളത്തിന്റെ ഹൃദയം തകർത്തത്.

ലാറ ഗോൾ മുഖത്തേക്കു പായിച്ച ഷോട്ട് പ്രതിരോധക്കാരൻ സന്ദേശ് ജിങ്കന്റെ കാലിൽ തട്ടി ദിശമാറി വലയിൽ പതിക്കുന്നതു ഗോൾ കീപ്പർ ഗ്രഹാം സ്റ്റാക്കിനു നോക്കിനിൽക്കാനേ കഴിഞ്ഞൂള്ളൂ.

ഗോൾ വഴങ്ങിയതിനു പിന്നാലെ പരിക്കേറ്റ സ്റ്റാക്കിനെ മാറ്റി സന്ദീപ് നന്ദിയെ കേരള ബ്ലാസ്റ്റേഴ്‌സ് കാവലേൽപ്പിക്കുകയും ചെയ്തു. പകരക്കാരായി സൂപ്പർ താരം ബെൽഫോർട്ടും മൈക്കൽ ചോപ്രയും എത്തിയിട്ടും കേരളത്തിനു സമനില ഗോൾ നേടാനായില്ല.

ഐഎസ്എൽ മൂന്നാം പതിപ്പിന്റെ ആദ്യ ഹോം മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് ആക്രമണത്തിന്റെ പാതയാണ് ആദ്യ മിനിട്ടുകളിൽ കാഴ്ചവച്ചത്. ആരാധകരുടെ അകമഴിഞ്ഞ പിന്തുണ ഉണ്ടായിട്ടും ഗോൾ നേടാൻ കേരള ടീമിനു കഴിഞ്ഞില്ല.

മലയാളി താരങ്ങളില്ലാതെയാണു ബ്ലാസ്റ്റേ്‌ഴ്‌സ് ആദ്യ ഇലവനെ കളത്തിൽ ഇറക്കിയത്. എങ്കിലും ആരാധകരുടെ പൂർണ പിന്തുണ ടീമിനുണ്ടായിരുന്നു. ഇരു ടീമുകളും നിരവധി മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ആദ്യ പകുതിയിൽ ആർക്കും ഗോൾ കണ്ടെത്താനായില്ല.

കേരള ബ്ലാസ്റ്റേഴ്‌സിന്റെ മാർക്വീ താരമായ ആരോൺ ഹ്യൂഗ്‌സില്ലാതെയാണ് ടീം ഹോം ഗ്രൗണ്ടിലിറങ്ങിയത്. ലോകകപ്പ് യോഗ്യത മത്സരത്തിൽ വടക്കൻ അയർലൻഡിന് വേണ്ടി കളിക്കാനായി ഹ്യൂഗ്‌സ് നാട്ടിലേക്ക് മടങ്ങി.

കേരള ബ്ലാസ്റ്റേഴ്‌സിന് ആവേശമാകാൻ വലിയ ബാനറാണ് ആരാധകർ ഒരുക്കുന്നത്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ബാനർ ഒരുക്കുന്നത് ബ്ലാസ്റ്റേഴ്‌സിന്റെ ആരാധക കൂട്ടായ്മയായ മഞ്ഞപ്പടയാണ്. സ്റ്റേഡിയത്തിന്റെ ഈസ്റ്റ് ബ്ലോക്കിലാണ് ബാനർ ഉയരുക. ഒപ്പം ബ്ലാസ്റ്റേഴ്‌സിന്റെ ആവേശം ജനങ്ങളിലെത്തിക്കാൻ മഞ്ഞപ്പട തീം മ്യൂസിക്കും ഒരുക്കിക്കഴിഞ്ഞു. നേരം സിനിമയിലെ പിസ്താ എന്ന പാട്ടിലൂടെയും പ്രേമത്തിലെ പാട്ടുകളിലൂടെയും ശ്രദ്ധേയനായ ശബരീഷ് വർമ്മയാണ് പാട്ട് പാടിയിരിക്കുന്നത്. കടലല്ലേ, അലറും കലിയല്ലേ..എന്ന് തുടങ്ങുന്ന പാട്ട് ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

തോൽവിയോടെ തുടങ്ങിയ ടീം സീസണിൽ ആദ്യ ജയം തേടിയാണ് സ്വന്തം മുറ്റത്ത് കളിക്കാനിറങ്ങിയത്. പ്രഥമ ഐ.എസ്.എല്ലിന്റെ കലാശപ്പോരാട്ടത്തിൽ മുട്ടുകുത്തിച്ച ടീമാണ് അത്‌ലറ്റിക്കോ ഡി കൊൽക്കത്ത. ഗുവാഹട്ടിയിൽ നടന്ന മൂന്നാം സീസണിലെ ആദ്യ മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനോട് തോറ്റതിന്റെ ക്ഷീണത്തിലാണ് മഞ്ഞപ്പട കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ പന്ത് തട്ടാനിറങ്ങിയത്. കൊൽക്കത്തയാവട്ടെ ആദ്യ മത്സരത്തിൽ ചെന്നൈയിൻ എഫ്.സി.യോട് സമനില വഴങ്ങുകയും ചെയ്തു. ടീമുടമകളായ സച്ചിൻ, നാഗാർജുന, ചിരഞ്ജീവി, ബ്രാൻഡ് അംബാസഡർ നിവിൻ പോളി എന്നിവരെല്ലാം കാളി കാണാൻ  കൊച്ചിയിലെത്തിയിരുന്നു.