ചെന്നൈ: ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സിന് രണ്ടാം തോൽവി. ചെന്നൈയിൻ എഫ്‌സിയാണ് ഒന്നിനെതിരെ രണ്ട് ഗോളിന് ബ്ലാസ്റ്റേഴ്‌സിനെ തോൽപ്പിച്ചത്. ഇതോടെ പോയിന്റ് പട്ടികയിൽ കേരള ബ്ലാസ്റ്റേഴ്‌സ് അവസാന സ്ഥാനത്തുതന്നെ തുടരുകയാണ്.

പതിമൂന്നാം മിനിട്ടിൽ പെനാൽറ്റിയിലൂടെ എലാനോയാണ് ചെന്നൈയിൻ എഫ്‌സിക്കായി ആദ്യഗോൾ നേടിയത്. രണ്ടാംപകുതിയുടെ തുടക്കത്തിൽ ഇയാൻ ഹ്യൂം ഗോൾ മടക്കിയെങ്കിലും 63ാം മിനിട്ടിൽ മെൻഡിയുടെ ഗോൾ കേരളത്തിന്റെ വലയിൽ വീഴുകയായിരുന്നു. ഐഎസ്എലിൽ കേരളത്തിന്റെ ആദ്യ ഗോളാണ് ഇയാൻ ഹ്യൂം നേടിയത്.

സച്ചിൻ ടെൻഡുൽക്കർ, രജനീകാന്ത്, അമിതാഭ് ബച്ചൻ, അഭിഷേക് ബച്ചൻ തുടങ്ങിയവർ സാക്ഷികളാകാനെത്തിയ മത്സരത്തിൽ കരുത്തരായ ചെന്നൈയിൻ എഫ്‌സിക്കെതിരെ മികച്ച പോരാട്ടം തന്നെയാണ് ബ്ലാസ്റ്റേഴ്‌സ് കാഴ്ചവച്ചത്. എന്നാൽ കഴിഞ്ഞ മത്സരത്തിലേതെന്ന പോലെ ഫിനിഷിങ്ങിലെ പിഴവുകൾ കേരളത്തിന് വിനയായി.

ആദ്യമത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനോട് ഒരു ഗോളിനു തോറ്റ ബ്ലാസ്റ്റേഴ്‌സ് പോയിന്റ്പട്ടികയിൽ അവസാന സ്ഥാനത്താണ്. ജയത്തോടെ ചെന്നൈ ആറു പോയിന്റുമായി രണ്ടാംസ്ഥാനത്തേക്കുയർന്നു. ഏഴു പോയിന്റുള്ള കൊൽക്കത്തയാണ് ഒന്നാമത്.

ദക്ഷിണേന്ത്യൻ ടീമുകളുടെ മുഖാമുഖത്തിൽ മത്സരത്തിനുമുമ്പു തന്നെ നേരിയ മുൻതൂക്കം ചെന്നൈയ്ക്കുണ്ടായിരുന്നു. സ്വന്തം മൈതാനത്ത് മികച്ച പിന്തുണയാണ് അവർക്ക് ലഭിച്ചത്. വിദേശതാരങ്ങളുടെ മികവും ചെന്നൈയ്ക്ക് കരുത്തായി.