ഗുവാഹത്തി: ടീമുടമ സച്ചിൻ ടെൻഡുൽക്കറിന്റെ ക്രിക്കറ്റ് ടീം ന്യൂയോർക്കിൽ തോറ്റു മടങ്ങിയെങ്കിലും ഗോൾ വർഷത്തോടെ കേരള ബ്ലാസ്റ്റേഴ്‌സ് ഫുട്‌ബോൾ ടീം ഇതിഹാസ താരത്തിന് ആശ്വാസമേകി. ഒന്നിനെതിരെ നാലു ഗോളിനാണ് ആതിഥേയരായ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ കേരളം തോൽപ്പിച്ചത്.

28-ാം സെക്കൻഡിൽ ക്രിസ് ഡഗ്നാൽ നേടിയ അതിവേഗ ഗോളിലൂടെ മുന്നിലെത്തിയ കേരളത്തിനു പിന്നീട് തിരിഞ്ഞു നോക്കേണ്ടിവന്നില്ല. 20-ാം മിനിറ്റിൽ രണ്ടാം ഗോളും പിറന്നു.

അന്റോണിയോ ജർമന്റെ പാസിൽ നിന്നാണ് ഡഗ്‌നാൽ ആദ്യ ഗോൾ നേടിയത്. 20ാം മിനിറ്റിലായിരുന്നു രണ്ടാം ഗോൾ. കവിൻ ലോബോയാണു രണ്ടാം ഗോൾ നേടിയത്.

രണ്ടാം പകുതിയിൽ ഒരുമിനിറ്റിനിടെ രണ്ടു ഗോൾ നേടി കേരളം ലീഡുയർത്തി. 75-ാം മിനിറ്റിൽ അന്റോണിയോ ജർമനാണു കേരളത്തിനായി മൂന്നാം ഗോൾ നേടിയത്. തൊട്ടുപിന്നാലെ ക്രിസ് ഡഗ്നാൽ തന്റെ രണ്ടാമത്തെയും കേരളത്തിന്റെ നാലാമത്തെയും ഗോൾ നേടി.

90-ാം മിനിറ്റിൽ നോർത്ത് ഈസ്റ്റിന്റെ ആശ്വാസഗോൾ പിറന്നു. വെലെസാണ് ഗോൾ നേടിയത്.