- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ തുടക്കം തോൽവിയോടെ; ആക്രമിച്ചു കളിച്ച ടീമിനെ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി പൂട്ടിയത് കോക്കെയുടെ ഗോളിൽ
ഗുവാഹട്ടി: സച്ചിൻ ടെൻഡുൽക്കറിന്റെ സ്വന്തം കേരള ബ്ലാസ്റ്റേഴ്‌സിന് ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിൽ തുടക്കം തോൽവിയോടെ. ബോളിവുഡ് താരം ജോൺ എബ്രഹാമിന്റെ സഹ ഉടമസ്ഥതയിലുള്ള നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി ഏകപക്ഷീയമായ ഒരു ഗോളിന് കേരള ടീമിനെ തോൽപ്പിച്ചു. കളിയുടെ ഗതിക്ക് വിപരീതമായി ആദ്യ പകുതിയുടെ അവസാന മിനിട്ടിൽ കോക്കെ നേടിയ ഗോളിനാണ് നോ
ഗുവാഹട്ടി: സച്ചിൻ ടെൻഡുൽക്കറിന്റെ സ്വന്തം കേരള ബ്ലാസ്റ്റേഴ്‌സിന് ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിൽ തുടക്കം തോൽവിയോടെ. ബോളിവുഡ് താരം ജോൺ എബ്രഹാമിന്റെ സഹ ഉടമസ്ഥതയിലുള്ള നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി ഏകപക്ഷീയമായ ഒരു ഗോളിന് കേരള ടീമിനെ തോൽപ്പിച്ചു.
കളിയുടെ ഗതിക്ക് വിപരീതമായി ആദ്യ പകുതിയുടെ അവസാന മിനിട്ടിൽ കോക്കെ നേടിയ ഗോളിനാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി ജയിച്ചത്. ആക്രമിച്ച് കളിച്ചിട്ടും ഗോൾ മടക്കാനാകാത്തത് കേരളത്തിന് വിലപ്പെട്ട പോയിന്റുകൾ നഷ്ടമാക്കി.
ബ്ലാസ്റ്റേഴ്‌സിനായിരുന്നു മത്സരത്തിൽ മേധാവിത്തമെങ്കിലും അത് ഗോളാക്കി മാറ്റാൻ അവർക്കായില്ല. മലയാളി താരം സി എസ് സബീത്തിന്റെയും കാനഡക്കാരൻ സ്‌ട്രൈക്കർ ഇയാൻ ഹ്യൂമിന്റെയും ഗോളെന്നുറപ്പിച്ച ശ്രമങ്ങൾ നോർത്ത് ഈസ്റ്റിന്റെ ഗ്രീക്ക് ഗോളി അലക്‌സാൻഡ്രോസ് സോർവാസ് നിഷ്ഫലമാക്കി. കേരള ബ്ലാസ്‌റ്റേഴ്‌സിന് വിജയം നിഷേധിച്ചതും സോർവാസ് തന്നെ. കളിയിലെ കേമനായി തെരഞ്ഞെടുക്കപ്പെട്ടതും അലക്‌സാൻഡ്രോസ് തന്നെ. മികച്ച പ്രകടനം കാഴ്ചവച്ച മലയാളി താരം സി എസ് സബീത്ത് 'എമർജിങ് പ്ലെയർ ഓഫ് ദ മാച്ച്' ആയി തിരഞ്ഞെടുക്കപ്പെട്ടു.
ഫിനിഷിങ്ങിലെ പോരായ്മയാണ് ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയായത്. ബ്ലാസ്‌റ്റേഴ്‌സാണ് ഏറിയ പങ്കും പന്ത് കൈവശം വച്ചത്. എന്നാൽ പന്തിനു മേലുള്ള നിയന്ത്രണം കൊണ്ടു മാത്രം വിജയം കൈവരിക്കാനാവില്ലെന്ന് മത്സരം തെളിയിച്ചു. പതിനാറാം മിനിറ്റിൽ ഹ്യൂം പന്ത് വലയിലെത്തിച്ചെങ്കിലും അത് ഓഫ്‌സൈഡായി. ഇരുപത്തിയാറാം മിനിറ്റിൽ സബീത്തിന്റെ ശ്രമം വളരെ പണിപ്പെട്ടാണ് സോർവാസ് കൈയിലൊതുക്കിയത്.
എതിർവശത്ത് ഡേവിഡ് ജെയിംസിന്റെ മികച്ച സേവുകളും കണ്ടു. നോർത്ത് ഈസ്റ്റിന്റെ മികച്ച ചില നീക്കങ്ങൾ ഡേവിഡ് ജെയിംസിന്റെ തകർപ്പൻ സേവുകളിൽ അവസാനിച്ചു. ആദ്യപകുതി അവസാനിക്കാൻ ഒരു മിനിട്ട് മാത്രമുള്ളപ്പോഴാണ് കേരളത്തെ ഞെട്ടിച്ച് കോക്കെ ഗോളടിച്ചത്. ഐബർ ഖോങ്ജിയുടെ നീക്കമാണ് ഗോളിന് വഴിവച്ചത്. ബോക്‌സിനകത്ത് തക്കംപാർത്തു നിന്ന ഡേവിഡ് എൻഗെയ്റ്റിന് കണക്കാക്കി ഖോങ്ജിയുടെ ത്രൂപാസ് എത്തി. ബോക്‌സിന് തൊട്ടുപുറത്തുണ്ടായിരുന്ന കോക്കെയ്ക്ക് എൻഗെയ്റ്റ് പന്ത് നൽകി. കോക്കെയുടെ ശക്തമായ അടി വലത്തോട്ടു ചാടി രക്ഷപ്പെടുത്താനുള്ള ഡേവിഡ് ജയിംസിന്റെ ശ്രമം പരാജയപ്പെട്ടതോടെ കേരളത്തിന്റെ വലയിൽ മത്സരത്തിലെ ഏകഗോൾ വീണു.
രണ്ടാം പകുതിയിൽ ആക്രമണം ശക്തിപ്പെടുത്തി സമനില നേടാൻ ബ്ലാസ്‌റ്റേഴ്‌സ് നടത്തിയ നീക്കങ്ങൾ ഫലമില്ലാതായി. 63ാം മിനിറ്റിൽ സ്റ്റീഫൻ പിയേഴ്‌സണ് പകരം ഇംഗ്ലണ്ട് താരം മൈക്കൽ ചോപ്രയും 65ാം മിനിറ്റിൽ സബീത്തിനു പകരം സൗമിക് ഡേയും 75ാം മിനിറ്റിൽ ജാമി മക്കാലിസ്റ്റർക്ക് പകരം ഓസ്‌ട്രേലിയൻ താരം ആൻഡ്രൂ ബരിസിച്ചിനെയും പരീക്ഷിച്ചെങ്കിലും ഗോൾ ഒഴിഞ്ഞു നിന്നു. 83ാം മിനിറ്റിൽ ഹെഡ്ഡറിലൂടെ കിട്ടിയ പന്ത് ബോക്‌സിനകത്തു നിന്നും ഗോളിയുടെ തലയ്ക്ക് മുകളിലൂടെ കോരിയിട്ട് ഗോൾ നേടാനുള്ള ശ്രമം സോർവാസ് തടഞ്ഞു. സോർവാസ് തട്ടിത്തെറിപ്പിച്ച പന്ത് റോബിൻ ഗുരുങ് ബൈസിക്കിൾ കിക്കിലൂടെ ക്ലിയർ ചെയ്യാൻ ശ്രമിച്ചെങ്കിലും ദിശതെറ്റി മൈക്കൽ ചോപ്രയ്ക്ക് കിട്ടി. ചോപ്രയുടെ നിലംപറ്റെയുള്ള അടി എൻഗെയ്റ്റ് തട്ടിയകറ്റി. ഇതോടെ സമനിലയെങ്കിലും നേടാനുള്ള കേരള ടീമിന്റെ മോഹം പൊലിഞ്ഞു.
21ന് കൊച്ചിയിലാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത മത്സരം