ന്യൂഡൽഹി: മഞ്ഞപ്പടയുടെ ആരാധകരെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ചു കേര്‌ള ബ്ലാസ്റ്റേഴ്‌സ് ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോൾ മൂന്നാം സീസണിന്റെ ഫൈനലിലെത്തി. ഡൽഹിയിൽ നടന്ന രണ്ടാം പാദ സെമിയിൽ ഡൽഹി ഡൈനാമോസിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ (3-0) തോൽപ്പിച്ചാണു ബ്ലാസ്റ്റേഴ്സിന്റെ ഫൈനൽ പ്രവേശനം.

രണ്ടാം പാദ സെമി ഫൈനലിൽ 2-1നു ഡൽഹി ജയിച്ചെങ്കിലും ആദ്യ പാദത്തിൽ കൊച്ചിയിൽ കേരളം നേടിയ 1-0ന്റെ ജയം കൂടി കണക്കിലെടുക്കുമ്പോൾ ഇരുടീമുകളും 2-2 എന്ന നിലയിൽ തുല്യത പാലിക്കുകയായിരുന്നു. തുടർന്ന് അധിക സമയത്തേക്കു നീണ്ടിട്ടും ഇരുടീമിനും ഗോൾ നേടാൻ കഴിയാതായതോടെ മത്സരം ഷൂട്ടൗട്ടിലേക്കു നീണ്ടു.

സ്വന്തം നാട്ടിൽ നടന്ന മത്സരത്തിലെ പെനാൽറ്റിയുടെ സമ്മർദം താങ്ങാനാകാതെ മൂന്നു ഡൽഹി കളിക്കാരും കിക്കുകൾ പാഴാക്കുകയായിരുന്നു. കേരളത്തിനായിരുന്ന ആദ്യ കിക്കെടുക്കാൻ അവസരം. ഹോസു സ്‌കോർ ചെയ്തപ്പോൾ രണ്ടാം കിക്കെടുത്ത അന്റോണിയ ജർമന്റെ ഷോട്ട് ഡൽഹി ഗോളി തടഞ്ഞിട്ടു. മൂന്നും നാലും കിക്കുകൾ ബെൽഫോർട്ടും മുഹമ്മദ് റഫീഖും ലക്ഷ്യത്തിലെത്തിച്ചപ്പോൾ ആരാധകരുടെ ആവേശം ഉച്ചസ്ഥായിയിലായി.

ഡൽഹിക്ക് വേണ്ടി കിക്കെടുത്ത ഫ്‌ളോറന്റ് മലൂദയും ബ്രൂണോ പെലിസാറിയും പന്തു പുറത്തേക്ക് അടിച്ചു കളഞ്ഞപ്പോൾ എമേഴ്‌സൺ മൗറയുടെ കിക്ക് ബ്ലാസ്റ്റേഴ്‌സ് ഗോളി സന്ദീപ് നന്ദി രക്ഷപ്പെടുത്തി. ഇതോടെ 3-0ന്റെ ജയം നേടി കൊച്ചിയിൽ നടക്കുന്ന കലാശപ്പോരിൽ പങ്കെടുക്കാൻ കേരളം അർഹത നേടി. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ അത്‌ലറ്റിക്കോ ഡി കൊൽക്കത്തയാണ് ബ്‌ളാസ്റ്റേഴ്‌സിന്റെ എതിരാളികൾ.

നിശ്ചിത സമയത്ത് മൂന്നു ഗോളുകളും ഒരു ചുവപ്പുകാർഡുമാണു മത്സരത്തിൽ പിറന്നത്. 21-ാം മിനിറ്റിൽ ദിദിയൻ കാദിയോയുടെ പിഴവിൽ നിന്നു മാർസലിഞ്ഞോയാണു മത്സരത്തിലെ ആദ്യ ഗോൾ നേടി ഡൽഹിക്കു മുൻതൂക്കം നൽകിയത്. ബ്ലാസ്റ്റേഴ്സ് ബോക്സിലേക്കെത്തിയ പന്തിനെ അടിച്ചുതെറിപ്പിക്കാനുള്ള കാഡിയോയുടെ ശ്രമം പാളി. പന്തു നേരെ മാർസലീഞ്ഞോയിലേക്ക്. സ്ഥാനം തെറ്റിനിന്ന ബ്ലാസ്റ്റേഴ്സ് ഗോൾകീപ്പർ സന്ദീപ് നന്ദിയെ കാഴ്ചക്കാരനാക്കി മാർസലീഞ്ഞോ ലക്ഷ്യം കണ്ടു. മൂന്നു മിനിറ്റിനുള്ളിൽ ഡങ്കൻസ് നേസണിലൂടെ കേരളം ഗോൾ മടക്കി. ഒറ്റയ്ക്കു നടത്തിയ നീക്കത്തിനൊടുവിൽ ആരാധകരുടെ ഹൃദയം കവർന്ന ബുള്ളറ്റ് ഷോട്ടിലൂടെയായിരുന്നു നേസന്റെ ഗോൾ. റൂബൻ റോച്ചയെ കബളിപ്പിച്ച് ഡൽഹി ബോക്സ് ലക്ഷ്യമാക്കി ഹോസു പ്രീറ്റോയുടെ മുന്നേറ്റം. മധ്യവര കടക്കും മുൻപ് ഹോസു പന്ത് നേസണ് നീട്ടി. ഡൽഹി പ്രതിരോധം ഓടിയെത്തും മുൻപ് പന്തുമായി നേസന്റെ കുതിപ്പ്. ബോക്സിന് തൊട്ടുമുന്നിൽ തടയാനെത്തിയ അനസിനെ കബളിപ്പിച്ച് നാസോണിന്റെ കിടിലൻ ഷോട്ട്. ഡൽഹി ഗോളി ഡോബ്ലാസിനെ കാഴ്ചക്കാരനാക്കി പന്ത് വലയിൽ. മത്സരത്തിൽ നിശ്ചിത സമയത്തു കേരളത്തിന് ഓർത്തുവയ്ക്കാൻ പറ്റിയ ഏക മുഹൂർത്തവും ഇതായിരുന്നു. ആദ്യപകുതിയുടെ അധികസമയത്തു ലഭിച്ച ഫ്രീ കിക്ക് മുതലെടുത്തു റൂബൻ റോച്ചെ നേടിയ ഗോൾ ഡൽഹിക്കു വീണ്ടും ലീഡു സമ്മാനിക്കുകയായിരുന്നു.

നിശ്ചിത സമയത്തിൽ ഏറിയ പങ്കും ഡൽഹിക്കായിരുന്നു മുൻതൂക്കം. ബ്ലാസ്റ്റേഴ്‌സിന്റെ മെഹ്താബ് ഹുസൈനെ ചവിട്ടിയിട്ട ഡൽഹിയുടെ മിലൻ സിങ് ചുവപ്പുകാർഡു കണ്ടു പുറത്തായതോടെ മത്സരത്തിൽ കൂടുതൽ സമയവും പത്തുപേരായാണു ഡൽഹി കളിച്ചത്. എങ്കിലും വീറോടെ പൊരുതിയ ഡൽഹി ഡൈനാമോസ് കേരളത്തെ മറികടക്കുമെന്നു തന്നെ ഒരു ഘട്ടത്തിൽ തോന്നിച്ചു. പ്രതിരോധനിരയുടെയും ഗോളി സന്ദീപ് നന്ദിയുടെയും പിഴവുകളാണു കേരളത്തിനെതിരെ ഡൽഹിക്കു ഗോളുകൾ സമ്മാനിച്ചത്. ഗോൾ വഴങ്ങുമെന്ന ചില ഘട്ടങ്ങളിൽ സന്ദേശ് ജിങ്കന്റെ ഉജ്വല പ്രകടനമാണു കേരളത്തിനു തുണയായത്.

അതേസമയം, തുടർച്ചയായ രണ്ടാം മൽസരത്തിലും മഞ്ഞക്കാർഡ് കണ്ട ഹോസു പ്രീറ്റോയുടെ സേവനം ഫൈനലിൽ ബ്ലാസ്റ്റേഴ്സിന് നഷ്ടമാകും. മാർസലീഞ്ഞോയ്ക്കെതിരായ ഫൗളാണ് ഹോസുവിന് തുടർച്ചയായ രണ്ടാം മൽസരത്തിലും മഞ്ഞക്കാർഡ് സമ്മാനിച്ചത്. മനഃപൂർവം കളി താമസിപ്പിച്ചുവെന്ന് ആരോപിച്ച് ബ്ലാസ്റ്റേഴ്സ് നായകൻ ആരോൺ ഹ്യൂസിനും റഫറി മഞ്ഞക്കാർഡ് നൽകി.

രണ്ടാം പാദ സെമി ഫൈനലിലെ വിജയം ഡൽഹി അർഹിച്ചതായിരുന്നു. മത്സരത്തിലുടനീളം ആധിപത്യം ഡൽഹിക്കായിരുന്നു. എന്നാൽ, നിർഭാഗ്യം കൊണ്ടു മാത്രമാണു ഡൽഹിക്കു കേരളത്തെ മറികടന്നു സെമിയിൽ എത്താൻ കഴിയാതെ പോയത്.

2014ൽ നടന്ന ആദ്യ സീസണിൽ ഫൈനലിൽ കേരളം കൊൽക്കത്തയോട് ഒരു ഗോളിന് തോറ്റിരുന്നു. മികച്ച ഫോമിലാണ് ഇപ്പോഴും കൊൽക്കത്ത. ഇയാൻ ഹ്യൂം അടക്കമുള്ള മുന്നേറ്റ നിര തകർപ്പൻ ഫോമിലാണ്. ഡൽഹിയോടു ഭാഗ്യം കൊണ്ടു ജയിച്ച കേരളം മികച്ച കളി പുറത്തെടുത്താലേ കൊൽക്കത്തയെ പിടിച്ചുകെട്ടാൻ കഴിയൂ. കൊച്ചിയിലാണു കളിയെന്നത് ആരാധകരുടെ ആവേശപ്പോരിൽ കേരളത്തിനു മുൻതൂക്കം നൽകുമെങ്കിലും കളത്തിലെ പ്രകടനം തന്നെയാകും അന്തിമഫലം നിർണയിക്കുക.