ഡൽഹി: നിലവിലെ ചാമ്പ്യന്മാരായ ചെന്നൈയിന് ശാപകാലം അവസാനിക്കുന്നില്ല ഈ കളിക്ക് മുന്നേ പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരും അവരെ തോൽപ്പിച്ചു. ഇതോട ചെന്നൈയിന് ആ സ്ഥാനം സ്വന്തമായി. ഡൽഹി ഡൈനമോസിന് സീസണിലെ ആദ്യ ജയവും. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ചെന്നൈയിൻ എഫ്സിയെ പരാജയപ്പെടുത്തി. ഡൽഹിക്കായി ഡാനിയേലും(16), ബിക്രംജിത്ത് സിംഗും(78). നന്ദ കുമാറും(82) ഗോൾ നേടി. 39-ാം മിനുറ്റിൽ റാഫേൽ അഗസ്റ്റോയുടെ പെനാൽട്ടിയിലൂടെയായിരുന്നു ചെന്നൈയിന്റെ ഏക ഗോൾ.

ജയിച്ചെങ്കിലും പോയിന്റ് പട്ടികയിൽ ഡൽഹിക്ക് കാര്യമായ പ്രയോജനമൊന്നുമില്ല. ചെന്നൈയിനെ മറികടന്ന് 12 കളിയിൽ ഏഴ് പോയിന്റുമായി ഡൽഹി ഒമ്പതാം സ്ഥാനത്തെത്തി. ഇത്രതന്നെ കളിയിൽ അഞ്ച് പോയിന്റ് മാത്രമുള്ള ചെന്നൈയിൻ അവസാന സ്ഥാനക്കാരാണ്. അവസാനസ്ഥാനത്തേക്ക് ചെന്നൈയ്‌നെ വലിച്ചുതാഴ്‌ത്തി ഒരുപടി മുകളിലേക്ക് കയറിയതെന്നതാണ് വൈകിവന്ന വിജയത്തിലൂടെ ഡൽഹി നേടിയത്.