കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിന്റെ മൂന്നാം പതിപ്പിൽ കേരള ബ്ലാസ്റ്റേഴ്‌സിന് ആദ്യ ജയം. മുംബൈ സിറ്റി എഫ്‌സിക്കെതിരായ മത്സരത്തിൽ കേരളത്തിന്റെ ഗോൾ നേടിയതു മൈക്കൽ ചോപ്രയാണ്. 57-ാം മിനിറ്റിലാണു ചോപ്രയിലൂടെ മത്സരത്തിലെ ഏക ഗോൾ പിറന്നത്. ജയത്തോടെ ബ്ലാസ്റ്റേഴ്‌സ് പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്ത് എത്തി.

ആക്രമിച്ചു കളിച്ച കേരളത്തിനു നിർഭാഗ്യം കൊണ്ടാണ് ആദ്യ പകുതിയിൽ ഗോൾ നേടാൻ കഴിയാതിരുന്നത്. മലയാളി താരം മുഹമ്മദ് റാഫിയുൾപ്പെടെയുള്ള മുന്നേറ്റനിര ആദ്യ പകുതിയിൽ നിരവധി അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഗോൾ നേടാനായിരുന്നില്ല.

ആദ്യപകുതി തീരാൻ നിമിഷങ്ങൾ ശേഷിക്കെ, മൈക്കൽ ചോപ്ര തൊടുത്ത ഷോട്ട് ഗോളാകാതെ പോയത് മുംബൈ ഗോളി റോബർട്ടോയുടെ മിടുക്കുകൊണ്ടുമാത്രമാണ്. ഈ പിഴവു രണ്ടാം പകുതിയുടെ തുടങ്ങി പത്തു മിനിട്ടു കഴിഞ്ഞപ്പോൾ ചോപ്ര തീർക്കുകയായിരുന്നു. കേരളത്തിന്റെ ആരാധകർ കാത്തിരുന്ന ഗോൾ ചോപ്രയിലൂടെ പിറക്കുകയായിരുന്നു.

68-ാം മിനിറ്റിൽ ഗോളെന്നുറപ്പിച്ച ഷോട്ട് കേരള ക്യാപ്റ്റൻ ആരോൺ ഹ്യൂസ് ഗോൾ ലൈനിൽ നിന്നു തട്ടി രക്ഷപ്പെടുത്തിയത് കാണികൾ നെടുവീർപ്പോടെയാണു നോക്കിനിന്നത്. മൈക്കൽ ചോപ്ര നേടിയ ഗോളിനേക്കാൾ മികച്ചതായി വിശേഷിപ്പിക്കാവുന്ന രക്ഷപ്പെടുത്തലായിരുന്നു ക്യാപ്റ്റന്റെത്.

മൂന്നു മാറ്റങ്ങളുമായാണ് മുംബൈയ്‌ക്കെതിരായ മൽസരത്തിൽ ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ സ്റ്റീവ് കൊപ്പൽ ടീമിനെ ഇറക്കിയത്. ദേശീയ ടീം സേവനത്തിനുശഷം മടങ്ങിയെത്തിയ മാർക്വീ താരം ആരോൺ ഹ്യൂസ്, മലയാളി താരം മുഹമ്മദ് റാഫി, കഴിഞ്ഞമൽസരത്തിൽ പകരക്കാരനായിരുന്ന ബെൽഫോർട്ട് എന്നിവർ ആദ്യ ഇലവനിലെത്തിയപ്പോൾ അന്റോണിയോ ജർമൻ, ഡക്കൻ നേസൺ, പ്രതീക് ചൗധരി എന്നിവർ പുറത്തിരുന്നു. തുടർച്ചയായ രണ്ടാം മൽസരത്തിലും സന്ദീപ് നന്ദി തന്നെ വലകാക്കാനെത്തിയപ്പോൾ, മൈക്കൽ ചോപ്രയും ആദ്യ ഇലവനിൽ സ്ഥാനം നിലനിർത്തി. അതേസമയം, പരുക്കേറ്റ മാർക്വീതാരം ഡീഗോ ഫോർലാൻ ഇല്ലാതെയായിരുന്നു മുംബൈയുടെ പടയൊരുക്കം.