പൂനൈ: ബാംഗ്ലൂർ എഫ്.സിയുടെ വിജയക്കുതിപ്പ് തുടരുന്നു. പൂനൈക്കെതിരെ ബാംഗ്ലൂരിന് അവിശ്വിസിനീയമായ വിജയം. മികച്ച തുടക്കം ലഭിച്ചിട്ടും മുതലാക്കാനാവാത്ത പൂനൈ സ്വന്തം നാട്ടിൽ ആദ്യ പകുതിയിൽ മുന്നിട്ട് നിന്നിരുന്നു.

ഒരു ഗോളിന് പിറകിൽ നിന്ന ശേഷം 3-1 എന്ന വിജയമാണ് ബെംഗളൂരു ഇന്ന് സ്വന്തമാക്കിയത്. ആദ്യ പകുതിയിൽ ആതിഥേയരെന്ന ആധിപത്യം ശരിക്ക് തെളിയിച്ച പൂണെ സിറ്റി ആദിൽ ഖാന്റെ ഹെഡറിലൂടെ മുന്നിൽ എത്തുകയും ചെയ്തു. ആദിൽ ഖാന്റെ ഈ സീസണിലെ രണ്ടാം ഗോളായിരുന്നു ഇന്ന് പിറന്നത്. 55ആം മിനുട്ടിൽ പൂണെയുടെ ബൽജിത് സാഹ്നി മത്സരത്തിലെ ചുവപ്പ് കാർഡ് വാങ്ങി പുറത്ത് പോയതോടെ ബാംഗ്ലൂർ തിരിച്ചടിച്ചു.

64ആം മിനുട്ടിൽ ഒരു മികച്ച ടീം ഗോളിലൂടെ മിക്കു ബെംഗളൂരുവിന് സമനില നേടികൊടുത്തു. 78ആം മിനുട്ടിൽ വീണ്ടും മിക്കു പൂണെയുടെ വലകുലുക്കി.മിക്കുവിന് ഇന്നത്തെ ഇരട്ട ഗോളോടെ ആറു ഗോളുകളായി ഈ സീസണിൽ.കളിയുടെ അവസാന നിമിഷത്തിൽ സുനിൽ ഛേത്രി ആണ് ബെംഗളൂരുവിന്റെ മൂന്നാം ഗോൾ നേടിയത്.ഇന്നത്തെ ജയത്തോടെ അഞ്ചു മത്സരങ്ങളിൽ 12 പോയന്റായി ബെംഗളൂരുവിന്.