കൊൽക്കത്ത: രാജ്യത്തെ ഫുട്‌ബോൾ മൈതാനങ്ങൾക്ക് പുത്തനുണർവേകി ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിന് വർണാഭമായ തുടക്കം. ലണ്ടനിൽ 1948ൽ നടന്ന ഒളിമ്പിക്‌സിൽ പങ്കെടുത്ത ഇന്ത്യൻ ഫുട്‌ബോൾ ടീമിന് ആദരവ് അർപ്പിച്ചാണ് ഐഎസ്എലിന് തുടക്കമായത്. ബലയ്ദാസ് ചാറ്റർജി പരിശീലിപ്പിച്ച ടീം ഒന്നിനെതിരെ രണ്ടുഗോളിന് ഫ്രാൻസിനോട് പൊരുതി തോൽക്കുകയായിരുന്നു.

കൊൽക്കത്ത സാൾട്‌ലേക്ക് സ്റ്റേഡിയം നിറഞ്ഞുകവിഞ്ഞ പുരുഷാരത്തെ സാക്ഷിയാക്കി കാൽപ്പന്തുകളിയുടെ പുതിയ തട്ടിലേക്ക് ഇന്ത്യ ചുവടുവച്ചു. കായികതാരങ്ങളും സിനിമാതാരങ്ങളും വ്യവസായപ്രമുഖരുമടങ്ങുന്ന ജനക്കൂട്ടം പുതുനാമ്പിന് സ്വാഗതമോതി.

ഒന്നേകാൽലക്ഷം പേർക്കു കളികാണാവുന്ന, സാൾട്ട് ലേക്ക് സ്‌റ്റേഡിയത്തിൽ വൈകിട്ട് അഞ്ചിനായിരുന്നു ഉദ്ഘാടന ചടങ്ങ്. ബോളിവുഡ് താരം പ്രിയങ്ക ചോപ്രയും വരുൺ ധവാനും അഞ്ഞൂറ് അംഗ സംഘവും ചേർന്നൊരുക്കിയ കലാപരിപാടികൾ ചടങ്ങിനു കൊഴുപ്പുകൂട്ടി. ഐഎസ്എല്ലിലെ ടീമുകളുടെ ഉടമസ്ഥരിൽ പ്രമുഖരായ താരങ്ങൾ വേദിയിലെത്തിയതും പരിപാടിക്ക് മാറ്റ് കൂട്ടി. കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ മഞ്ഞ ജഴ്‌സിയണിഞ്ഞ് സച്ചിൻ ടെൻഡുൽക്കർ മൈതാനത്ത് എത്തിയത് മലയാളികൾക്കും ആവേശമായി. കേരളത്തിൽ നിന്നും എത്തിയ വാദ്യ കലാകാരന്മാർ പരിപാടിക്ക് കൊഴുപ്പേകി.

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയാണ് ഐഎസ്എൽ ഔദ്യോഗികമായി ഉദ്ഘാടനംചെയ്തത്. ഓൾ ഇന്ത്യ ഫുട്‌ബോൾ അസോസിയേഷൻ പ്രസിഡന്റും മുൻ കേന്ദ്രമന്ത്രിയുമായ പ്രഫുൽ പട്ടേൽ, ഐഎസ്എൽ വ്യവസായ പങ്കാളി നിത അംബാനി, അത്‌ലറ്റികോ ഡി കൊൽക്കത്ത സഹ ഉടമ സഞ്ജീവ് ഗോയങ്ക, ബോളിവുഡ് താരം അമിതാഭ് ബച്ചൻ, വിവിധ ടീമുകളുടെ സഹ ഉടമകളായ സച്ചിൻ ടെൻഡുൽക്കർ, സൗരവ് ഗാംഗുലി, രൺബീർ കപൂർ, അഭിഷേക് ബച്ചൻ, ജോൺ എബ്രഹാം, ഹൃതിക് റോഷൻ എന്നിവർ ചടങ്ങിനെത്തി.

തുടർന്ന് നടന്ന ഉദ്ഘാടന മത്സരത്തിൽ മുംബൈ സിറ്റി എഫ്‌സിയെ ഏകപക്ഷീയമായ മൂന്നു ഗോളിന് തോൽപ്പിച്ച് ആതിഥേയരായ അത്‌ലറ്റികോ ഡി കൊൽക്കത്ത ടൂർണമെന്റിലെ ആദ്യ ജയം നേടി. ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് മുംബൈ സിറ്റി എഫ്‌സിയെയാണ് കൊൽക്കത്ത തോൽപ്പിച്ചത്. ഫിക്രു, ബോർജ, അർണൽ ലിബർട്ട് എന്നിവരാണ് കൊൽക്കത്തയ്ക്കുവേണ്ടി ഗോളുകൾ നേടിയത്. ഹോം ഗ്രൗണ്ടിൽ ആരാധകരുടെ പിന്തുണയിൽ ആക്രമിച്ചു കളിച്ച കൊൽക്കത്ത അർഹിച്ച ജയമാണ് നേടിയത്.

മലയാളികളുടെ സ്വന്തം ടീമായ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ കളി തിങ്കളാഴ്ച ഗുവാഹത്തിയിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിക്കെതിരെയാണ്. ബ്ലാസ്‌റ്റേഴ്‌സിന്റെ ഹോം ഗ്രൗണ്ടായ കൊച്ചി ജവാഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിൽ ആദ്യമൽസരം നവംബർ ആറിന് എഫ്‌സി ഗോവയ്‌ക്കെതിരെയാണ്.