- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐഎസ്എല്ലിൽ ബെംഗളൂരു എഫ്.സിക്ക് വീണ്ടും സമനിലക്കുരുക്ക്; ഹൈദരാബാദ് എഫ്.സിക്കെതിരായ മത്സരത്തിൽ ഗോൾ രഹിത സമനില; നാളെ ജംഷഡ്പൂർ എഫ് സി ഒഡീഷ എഫ് സിയെ നേരിടും
ഫത്തോർഡ: ഐ.എസ്.എല്ലിൽ ബെംഗളൂരു എഫ്.സി - ഹൈദരാബാദ് എഫ്.സി മത്സരം ഗോൾരഹിത സമനിലയിൽ.
ആദ്യ പകുതിയിൽ ഹൈദരാബാദിന്റെ മികച്ച മുന്നേറ്റങ്ങൾ കണ്ടെങ്കിലും ലഭിച്ച അവസരം ഗോളാക്കി മാറ്റാനായില്ല. 24-ാം മിനിറ്റിൽ ലഭിച്ച ഫ്രീകിക്ക് അരിഡാനെ സന്റാന മികച്ച ഹെഡറിലൂടെ ബെംഗളുരുവിന്റെ ഗോൾപോസ്റ്റിലേക്ക് തിരിച്ചുവിട്ടെങ്കിലും ഗുർപ്രീത് സിങ് രക്ഷപെടുത്തി.
13 ഷോട്ടുകളാണ് ഹൈദരാബാദ് താരങ്ങൾ ബെംഗളൂരു പോസ്റ്റിലേക്ക് തൊടുത്തത്. പലപ്പോഴും ബെംഗളൂരു പ്രതിരോധ നിരയെ നിസ്സഹായരാക്കിയായിരുന്നു ഹൈദരാബാദിന്റെ മുന്നേറ്റം. ഇതിനിടെ ഹൈദരാബാദിന്റെ രണ്ട് താരങ്ങൾക്ക് പരിക്കേറ്റു. ജോയൽ ജോസഫും ലൂയിസ് സസ്ത്രെയുമാണ് പരിക്കേറ്റ് മടങ്ങിയത്. എന്നാൽ ടീമിന്റെ പ്രകടനത്തെ ഇത് ബാധിച്ചില്ല. അരിഡാനെ സന്റാനയും ഹാളിചരൺ നർസാരിയുമെല്ലാം നിരന്തരം അവസരങ്ങൾ സൃഷ്ടിച്ചു. ഇതിനൊപ്പം ബെംഗളൂരു മുന്നേറ്റങ്ങളെ കൃത്യമായി പ്രതിരോധിക്കാനും ഹൈദരാബാദിനായി.
മത്സരത്തിന്റെ തുടക്കം മുതൽ ബെംഗളുരു താളം കണ്ടെത്താൻ പാടുപെട്ടു. ക്യാപ്റ്റൻ സുനിൽ ഛേത്രി, ആഷിഖ് കുരുണിയൻ, ഉദാന്ത സിങ് എന്നിവരെ ഹൈദരാബാദ് കൃത്യമായി പൂട്ടി. വെറും മൂന്ന് ഷോട്ടുകൾ മാത്രമാണ് ബെംഗളൂരു എഫ്.സിയിൽ നിന്നുണ്ടായത്. 23-ാം മിനിറ്റിൽ എറിക് പാർത്താലു മഞ്ഞക്കാർഡ് കണ്ടു.
രണ്ട് മത്സരങ്ങളിൽ നിന്നും നാല് പോയിന്റോടെ ഹൈദരാബാദ് മൂന്നാം സ്ഥാനത്തേക്ക് മുന്നേറി. കഴിഞ്ഞ മത്സരത്തിൽ ഒഡീഷ എഫ് സിക്കെതിരെ ഏകപക്ഷീയമായ ഒരു ഗോളിന് ഹൈദരാബാദ് ജയം നേടിയിരുന്നു. .
ആദ്യ മത്സരത്തിൽ എഫ് സി ഗോവയോട് സമനില വഴങ്ങിയ ബെംഗളുരു രണ്ട് മത്സരങ്ങളിൽ നിന്നും രണ്ട് പോയിന്റോടെ ആറാം സ്ഥാനത്താണ്. നാളെ നടക്കുന്ന മത്സരത്തിൽ ജംഷഡ്പൂർ എഫ് സി ഒഡീഷ എഫ് സിയെ നേരിടും.
ന്യൂസ് ഡെസ്ക്