കുവൈത്ത് : ഇന്ത്യയിൽ അപ്രഖ്യാപിത അടിയന്തിരാവസ്ഥക്ക് കളമൊരുക്കാനുള്ള ശ്രമങ്ങളെ മതേതര ബോധമുള്ളവരുടെ ജനകീയ കൂട്ടാഴ്മയിലൂടെ മാത്രമേ പരിഹാരം കാണാനാവുകയുള്ളൂവെന്ന് ഇന്ത്യൻ ഇസ്ലാഹി സെന്റർ സംഘടിച്ച ബഹുജന സംഗമം ആവശ്യപ്പെട്ടു. ഭരണ ഘടനാ മൂല്യങ്ങളും ജനാധിപത്യ, മതനിരപേക്ഷ തത്വങ്ങളും ആസൂത്രിതമായി കളങ്കപ്പെടുത്തുകയാണ് സംഘപരിവാർ ശക്തികൾ ചെയ്തുകൊണ്ടിരിക്കുന്നത്. റഫാൽ വിമാന ഇടപാടിൽ രാജ്യത്തിന്റെ പ്രതിരോധ ഖജനാവ് കൊള്ളയടിക്കാൻ അംബാനിക്ക് വഴിതുറന്നു കൊടുക്കുകയും നോട്ട് നിരോധനത്തിലൂടെയും പെട്രോളിയം ഉൽപന്നങ്ങളുടെ വില നിയന്ത്രണം എടുത്തുകളഞ്ഞ് രാജ്യത്തെ ജനങ്ങളെ പെട്രോളിയം കന്പനികൾക്ക് കൊള്ളയടിക്കാൻ വിട്ടുകൊടുക്കുകയും ചെയ്ത കേന്ദ്ര സർക്കാറിനെതിരെ ജനകീയ പ്രക്ഷോഭം ഉയർന്നുവരണമെന്ന് ഐ.ഐ.സി സംഗമം സൂചിപ്പിച്ചു.

വർഗ്ഗീയ അധികാര രാഷ്ട്രീയം രാജ്യത്തിന്റെ ഭരണത്തെ സ്വാധീനക്കുന്നതാണ് സമകാല മതേതര ഇന്ത്യ നേരിടുന്ന കടുത്ത വെല്ലുവിളിയെന്ന് ബഹുജന സംഗമം ഉദ്ഘാടനം ചെയ്തു സംസാരിച്ച ഹൈക്കോടതി മുൻ ജസ്റ്റിസ് ബി.കമാൽ പാഷ വ്യക്തമാക്കി.ജാതിയെയും മതത്തെയും ദേശീയതക്ക് വേണ്ടി ദുരുപയോഗം ചെയ്യുന്ന പ്രവണത ശക്തമാണ്. ഇന്ത്യൻ പൗരന്മാർക്ക് ഏതു മത ആദർശ ജീവിതത്തിനും ഭരണ ഘടനാനുസൃതമായ അവകാശമുണ്ടെന്നിരിക്കെ പൗരന്മാരുടെ ആശയ വ്യക്തിത്വത്തെ അപരവൽകരിക്കുകയും വേട്ടയാടുകുയും ചെയ്യുന്ന ഐഡന്റിറ്റി വാറാണ് ഫാസിസത്തിന്റെ തന്ത്രങ്ങളെന്ന് മതേതര പൊതുബോധം തിരിച്ചറിയണമെന്ന് ബി കമാൽ പാഷ സൂചിപ്പിച്ചു

ഇന്ത്യയുടെ സ്വാതന്ത്രത്തിന് വേണ്ടി അത്യധ്വാനം ചെയ്ത ദലിദ് പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങളെ രാജ്യ ദ്രോഹികളായി മുദ്രകുത്തി അകാരണമായി വേട്ടയാടുന്നത് അരക്ഷിതാവസ്ഥമാത്രമാണ് സമ്മാനിക്കുകയെന്ന് മുഖ്യപ്രഭാഷണം നിർവ്വഹിച്ച ഇത്തിഹാദു ശുബ്ബാനിൽ മുജാഹിദീൻ (ഐ.എസ്സ്.എം) സംസ്ഥാന പ്രസിഡന്റ് ഡോ. ജാബിർ അമാനി പറഞ്ഞു.
ഇന്ത്യയിൽ സമകാലത്ത് പ്രകടമായികൊണ്ടിരിക്കുന്ന അതിര് കവിഞ്ഞ ജുഡീഷ്യൽ ആക്ടിവിസം മതേതരത്വത്തിന് ഭീഷണിയാണ്. തുല്ല്യ നീതി നടപ്പിലാക്കുന്നുവെന്ന വ്യാജ്യേനെ ജനങ്ങളുടെ സൈര്യ, ധാർമ്മിക ജീവിതത്തെയും ഭരണ ഘടന മൂല്ല്യങ്ങളെപ്പോലും വെല്ലുവിളിക്കും വിധമുള്ള ജുഡീഷ്യറിയുടെ അമിതമായ ഇടപ്പെടലുകൾ ഇന്ത്യയുടെ സാംസ്‌കാരിക ഔന്നിത്യത്തെ ചോദ്യം ചെയ്യുന്നതും മനുഷ്യത്വത്തിന് വെല്ലുവിളിയുമാണെന്ന് ജാബിർ അമാനി വിശദീകരിച്ചു.

സംഗമത്തിൽ സക്കീർ ഹുസൈൻ തുവ്വൂർ (കെ.ഐ.ജി), ഇബ്രാഹിം കുന്നിൽ (കെ.കെ.എം.എ), ടി.വി ഹിക്മത്ത് (കല), ഹമീദ് കേളോത്ത് (ഒ.ഐ.സി.സി), ചെസിൽ ചെറിയാൻ രാമപുരം (ജി.പി.സി.സി), അബ്ദുറഹിമാൻ തങ്ങൾ (ഐ.ഐ.സി), ഫസീഉള്ള (ഫ്രൈഡേ ഫോറം), സത്താർ കുന്നിൽ (ഐ.എം.സി.സി), സലാം വളാഞ്ചേരി എന്നിവർ സംസാരിച്ചു.
ഹംസ പയ്യനൂർ, മുസ്തഫ കാരി, നാസർ മഷ്ഹൂർ തങ്ങൾ, കുഞ്ഞഹമ്മദ് പേരാന്പ്ര, എസ്.എ ലബ്ബ, എൻ.കെ മുഹമ്മദ്, സിദ്ധീഖ് മദനി എന്നിവർ പ്രസീഡിയം നിയന്ത്രിച്ചു.

ഐ.ഐ.സി ചെയർമാൻ വി.എ മൊയ്തുണ്ണി കടവല്ലൂർ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് മുഹമ്മദ് അരിപ്ര സ്വാഗതവും സെക്രട്ടറി എൻജി. അൻവർ സാദത്ത് നന്ദിയും പറഞ്ഞു. ഹാഷിൽ യൂനുസ് സലീം ഖിറാഅത്ത് നടത്തി.