കുവൈത്ത് : വിശ്വാസമാണ് ആദർശത്തിന്റെ ശക്തിയെന്നും അതില്ലാത്ത ജീവിതം ആടിയുലയുന്ന കപ്പൽ പോലെയായിരിക്കുമെന്ന് കുവൈത്ത് ഔക്കാഫ് പ്രതിനിധിയായി എത്തിയ പ്രമുഖ ഖുർആൻ പണ്ഡിതനും കേരള ഇംഇയ്യത്തുൽ ഉലമ (കെ.ജെ.യു) അസിസ്റ്റന്റ് സെക്രട്ടറിയുമായ ഡോ. ജമാലുദ്ധീൻ ഫാറൂഖി പറഞ്ഞു.

ഇന്ത്യൻ ഇസ്ലാഹി സെന്റർ ചലനം ത്രൈമാസ ക്യംപയിന്റെ ഭാഗമായി ആദർശവും സംസ്‌കാരവും എന്ന വിഷയിൽ അബ്ബാസിയ കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച പൊതു സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദൈവത്തിന്റെ ഏകത്വം അംഗീകരിച്ചുകൊണ്ടുള്ള വിശ്വാസമായിരിക്കണം മുസ്ലിമിന്റെ ആദർശ തലം രൂപപ്പെടുത്തേണ്ടത്. അത് നമ്മുടെ ചിന്തകൾക്കും കാഴ്ചപ്പാടുകൾക്കും വ്യക്തത നൽകും. ജീവിതത്തിന് ദിശാബോധം നൽകും. വ്യക്തി കുടുംബ സമൂഹതലങ്ങളിൽ വ്യാപിച്ചു നിൽക്കുന്ന സാംസ്‌കാരിക വ്യക്തിത്വത്തെ സൃഷ്ടിക്കുന്നതും ഈ ആദർശം തന്നെയാണെന്ന് അദ്ദേഹം വിശദീകരിച്ചു.

ഒരു സമൂഹം ആർജിക്കുന്ന ഉൽകൃഷ്ട സ്വഭാവങ്ങളും സംസ്‌കാരവുമായിരിക്കും അവർക്ക് അനശ്വരത നൽകുന്നത്. അത് നഷ്ടമായാൽ പകരം വെക്കാൻ മറ്റൊന്നുമില്ല. സമൂഹത്തിന്റെ ശക്തിയും സൗന്ദര്യവും അവരുടെ ആദർശവും സംസ്‌കാരവുമാണ്. സുരക്ഷിതത്വവും നിർഭയത്വവും നഷ്ടപ്പെടുന്നതാണ് സമൂഹം ഇന്ന് അഭിമുഖീകരിക്കുന്ന പ്രധാന വെല്ലുവിളി. ആദർശ രാഹിത്യവും ജീർണിത സംസ്‌കാരവുമാണ് ദുരന്തങ്ങൾ സൃഷ്ടിക്കുന്നതെന്ന് ഡോ. ജമാലുദ്ധീൻ ഫാറൂഖി സൂചിപ്പിച്ചു.

സംഗമത്തിൽ ഇന്ത്യൻ ഇസ്ലാഹി സെന്റർ വൈസ് പ്രസിഡന്റ് വി.എ മൊയ്തുണ്ണി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അബ്ദുൽ ഹമീദ് കൊടുവള്ളി, ജോ. സെക്രട്ടറി എൻജി. അൻവർ സാദത്ത്, മൗലവി അബ്ദുല്ല കാരക്കുന്ന്, മനാഫ് മാത്തോട്ടം, സൈദ് മുഹമ്മദ് എന്നിവർ സംസാരിച്ചു. ചെയർമാൻ ഇബ്രാഹിം കുട്ടി സലഫി, വൈസ് പ്രസിഡന്റുമാരായ സിദ്ധീഖ് മദനി, അബ്ദുറഹിമാൻ അടക്കാനി എന്നിവർ പങ്കെടുത്തു.