കുവൈത്ത് :ഇന്ത്യൻ ഇസ്ലാഹി സെന്റർ, കുവൈത്ത് കേരള ഇസ്ലാഹി സെന്റർ (കെ.എൻ.എം) സംയുക്തമായി സംഘടിപ്പിച്ച കുവൈത്ത് ഐക്യ സമ്മേളനം ചരിത്രം സൃഷ്ടിച്ചു.സമ്മേളനം ഡോ. അബ്ദുൽ മുഹ്‌സിൻ സബൻ അൽ മുതൈരി ഉദ്ഘാടനം ചെയ്തു. ജാതി മത വർഗ വംശ ദേശ ഭാഷാ വൈജാത്യങ്ങൾക്കാതീതമായി മനുഷ്യനെ കാണാനും മനുഷ്യന്റെ ന?ക്കായി നിലക്കൊള്ളാനും കഴിയണമെന്ന് മഖ്യപ്രഭാഷണം നടത്തിയ കേരള നദ്വത്തുൽ മുജാഹിദീൻ (കെ.എൻ.എം) സംസ്ഥാന സെക്രട്ടറി എം.സ്വലാഹുദ്ധീൻ മദനി പറഞ്ഞു. മത സംഘർഷം സൃഷ്ടിക്കാനോ അകലങ്ങളുടെ ആഴം വർദ്ധിപ്പിക്കാനോ ഇസ്ലാം ആഹ്വാനം ചെയ്യുന്നില്ല. ശാന്തിയും സമാധാനവും ഉദ്‌ഘോഷിക്കുകയും സൗഹാർദ്ദതയും സഹിഷ്ണുതയും ഊട്ടിയുറപ്പിക്കുകയും ചെയ്യാനാണ് മതങ്ങൾ അനുശാസിക്കുന്നത്. സങ്കുചിത്വത്തിനും നിക്ഷിപ്ത താൽപര്യങ്ങൾക്കും മതത്തെ ഉപയോഗപ്പെടുത്തുന്നവരെ തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്തുകയും മതത്തിന്റെ മാനവികത ഉയർത്തിപ്പിടിക്കുകയും വേണം. നവോത്ഥാനത്തിന് മുജാഹിദ് ഐക്യം ശക്തിപകരുമെന്നും കാലത്തിന്റെ സ്പന്ദനം ഉൾകൊണ്ട് നവോത്ഥാന പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തണമെന്നും സ്വലാഹുദ്ധീൻ മദനി വിശദീകരിച്ചു.

അന്ധവിശ്വാസങ്ങൾ പുനരാനയിക്കപ്പെടുകയും ആത്മീയ ചൂഷകർ പുതിയ വേഷങ്ങളിൽ അരങ്ങത്ത് വരികയും ചെയ്യുന്ന ഈ കാലത്ത് മുജാഹിദ് ഐക്യം ഏറെ പ്രസക്തമാണെന്ന് കേരള ജംഇയ്യത്തുൽ ഉലമ (കെ.ജെ.യു) അസി. സെക്രട്ടറി ഹനീഫ കായക്കൊടി പറഞ്ഞു. മുസ്ലിം സമൂഹം മാത്രമല്ല പൊതുസമൂഹവും ഏറെ പ്രതീക്ഷയോടെയാണ് ഈ ഐക്യത്തെയും തുടർപ്രവർത്തനങ്ങളെയും നോക്കിക്കാണുന്നതെന്നതും മുജാഹിദ് പ്രവർത്തകരുടെ ഉത്തരവാദിത്വം വർദ്ധിക്കുന്നു. വിശുദ്ധ ഖുർആനിന്റെയും പ്രവാചക ചര്യയുടെയും അടിസ്ഥാനത്തിൽ നവോത്ഥാന പ്രവർത്തനം നടത്താൻ ഈ കൂട്ടായ്മക്ക് കരുത്ത് പകരാൻ സമുദായ സ്‌നേഹികൾ തയ്യാറാവേണ്ടതുണ്ടെന്ന് ഹനീഫ കായക്കൊടി സൂചിപ്പിച്ചു.

ഇസ്ലാമോ ഫോബിയയെ ആയുധമായുപയോഗിച്ച് സാമ്രാജ്യത്വവും ഫാഷിസവും തങ്ങളുടെ അധികാരമുറപ്പിക്കുവാനും തങ്ങളുദ്‌ഘോഷിക്കുന്ന ലോകക്രമം സൃഷ്ടിക്കുവാനും ശ്രമിക്കുന്ന വർത്തമാനകാലത്ത് ഇസ്ലാമിക പ്രബോധകർ ഒറ്റക്കെട്ടായി ഇക്കാര്യത്തിൽ മുന്നേറേണമെന്ന് നിച്ച് ഓഫ് ഡയറക്ടർ എം.എം അക്‌ബർ പറഞ്ഞു. ഇസ്ലാമിനെക്കുറിച്ച തെറ്റിദ്ധാരണകളുണ്ടാക്കികൊണ്ട് ഇസ്ലാമോ ഫോബിക്കുകൾ തങ്ങളുടെ ആശയ വ്യവസ്ഥ സൃഷ്ടിക്കുന്നത്. ഖുർആനും നബിചര്യയും പഠിപ്പിക്കുന്ന ഇസ്ലാമിനെ പൊതു സമൂഹത്തിൽ തുറന്ന്വെക്കുകയും തെറ്റിദ്ധാരണകൾ തിരുത്തുകയുമാണ് അതിനുള്ള മറുമരുന്നെന്ന് അക്‌ബർ വിശദീകരിച്ചു.

ഐ.ഐ.സി പ്രസിഡന്റ് എം ടി മുഹമ്മദ് അധ്യക്ഷത വഹിച്ചു. സമ്മേളനത്തിൽ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ഇബ്രാഹിം കുട്ടി സലഫി, അബ്ദു അടക്കാനി, കെ.ടി.പി അബ്ദുറഹിമാൻ, ഇബ്രാഹിം കുന്നിൽ, ഡോ. അമീർ അഹ്മദ്, ഷറഫുദ്ധീൻ കണ്ണേത്ത്, ഫൈസൽ മഞ്ചേരി സാദിഖ് അലി, മുഹമ്മദ് റാഫി നന്തി, ശിയാം ബഷീർ, വി.എ മൊയ്തുണ്ണി, സിദ്ധീഖ് മദനി, മുഹമ്മദ് അലി, അബൂബക്കർ വടക്കാഞ്ചേരി, സ്വാലിഹ് വടകര, അബ്ദുറസാഖ് ചെമ്മണൂർ, ഹംസ പയ്യനൂർ, സഗീർ തൃക്കരിപ്പൂർ, ജസീർ പുത്തൂർ പള്ളിക്കൽ എന്നിവർ പങ്കെടുത്തു. കെ.കെ.ഐ.സി ജനറൽ സെക്രട്ടറി ഡോ. അബ്ദുൽ ഹമീദ്, ഐ.ഐ.സി ജനറൽ സെക്രട്ടറി എഞ്ചി. അൻവർ സാദത്ത്, മനാഫ് മാത്തോട്ടം, റഹിം മാറഞ്ചേരി, പി.വി അബ്ദുൽ വഹാബ് സംസാരിച്ചു.

ഇസ്ലാമിനെതിരെയുള്ള നിഴൽ യുദ്ധങ്ങളെ തിരിച്ചറിയുക;സമ്മേളന പ്രമേയം

കുവൈത്ത് : ഇസ്ലാമും മുസ്ലീങ്ങളും നിരവധി വെല്ലുവിളികൾ നേരിടുന്ന സമകാലിക സമൂഹത്തിൽ മുജാഹിദ് സംഘടനകളുടെ ഐക്യം മാതൃകപരമാണെന്നും യോജിക്കാവുന്ന മേഖലകൾ നിർണയിച്ച്‌കൊണ്ട് മുസ്ലിം സംഘടനകൾ സഹകരണത്തിന്റെ പൊതുവേദികൾ ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് സമ്മേളന പ്രമേയം അഭിപ്രായപ്പെട്ടു. ആഗോള തലത്തിൽ നടക്കുന്ന ഭീകര പ്രവർത്തനങ്ങളുടെ ഓഡിറ്റിംഗിനായി അന്താരാഷ്ട്ര സമൂഹത്തിനുമേൽ സമ്മർദ്ദം ചെലുത്താൻ അറബ് മുസ്ലിം രാജ്യങ്ങൾ മുന്നോട്ട് വരണം. പശ്ചിമേഷ്യയിലെ രാഷ്ട്രീയ സംഘർഷങ്ങളെ ചേർത്ത്വച്ച് ഇസ്ലാമിനും മുസ്ലീങ്ങൾക്കുമെതിരെ നിഴൽ യുദ്ധം പ്രഖ്യാപിച്ച ആഗോള ഗൂഢാലോചനെ തുറന്ന് കാണിക്കപ്പെടേണ്ടതുണ്ട്. ഇന്ത്യയുടെ ഭരണഘടന ഉറപ്പ് വരുത്തിയിട്ടുള്ള മൗലികാവകാശങ്ങൾ നിരന്തരമായി ചോദ്യംചെയ്യപ്പെടുന്ന സാഹചര്യം ആശങ്കയുളവാക്കുന്നതും മുസ്ലിം പ്രബോധകരേയും ബുദ്ധികേന്ദ്രങ്ങളെയും ടാർജറ്റ് ചെയ്യാനുള്ള കാവി രാഷ്ട്രീയത്തിന്റെ ഹിഡൺ അജണ്ടകൾ ജനാധിപത്യ രീതിയിലൂടെ പ്രതിരോധിക്കപ്പെടേണ്ടതുണ്ടെന്നും സമ്മേളനം ആവശ്യപ്പെട്ടു.

ഉയർന്ന പാർലമെന്റേറിയനും മുസ്ലിം ലീഗ് ദേശീയാദ്ധ്യക്ഷനുമായിരുന്ന അഹ്മദ് സാഹിബിന്റെ മൃതദേഹത്തോട് രാജ്യത്തിന്റെ ഔദ്യോഗിക സംവിധാനങ്ങൾ കാണിച്ചിട്ടുള്ള അനാധരവും ക്രൂരതകളും രാജ്യത്തിന്റെ മതേതര ജനാധിപത്യ പൈതൃകങ്ങളുടെ കൃത്യമായ വ്യതിയാനവും ഫാസിസത്തിന്റെ അപകടകരമായ അപായ സൂചനയായി പരിഗണിക്കേണ്ട സാഹചര്യമാണ്. വിവാദങ്ങൾ ഉയർത്തി മുജാഹിദ് ഐക്യത്തിനെതിരെ രംഗത്തുള്ളവർക്ക് പ്രവർത്തനങ്ങളിലൂടെ മറുപടി നൽകാനും പ്രബോധന ജീവകാരുണ്യ പ്രവർത്തനങ്ങൾ സജീവമായി സമുദായത്തിനും സമൂഹത്തിനും ഗുണകരമാവുന്ന അജണ്ടകളുമായി മുന്നേറാൻ ഇസ്ലാഹി പ്രവർത്തകർ ജാഗ്രത പാലിക്കണെമെന്നും ഐക്യസമ്മേളനം ആവശ്യപ്പെട്ടു.