ഫർവാനിയ്യ, കുവൈത്ത്: തീവ്രവാദവും ഭീകരതയും അശാന്തി പടർത്തുന്ന ആസുരതകളുടെ ആധുനിക കാലത്ത് ഇസ്ലാം പ്രതിനിധാനം ചെയ്യുന്ന സമാധാനത്തിന്റെ സന്ദേശം മനുഷ്യസമൂഹത്തിന് പ്രതീക്ഷ നൽകുന്നതാണെന്നും മുൻവിധികളില്ലാതെ ഇസ്ലാമിനെ വിലയിരുത്താൻ തയാറാകണമെന്നും കുവൈത്ത് കേരള ഇസ്ലാഹീ സെന്റർ സംഘടിപ്പിക്കുന്ന നാലാമത് ഇസ് ലാമിക് സെമിനാർ ആഹ്വാനം ചെയ്തു.

മനുഷ്യസമൂഹം നേരിടുന്ന സർവവിധ ഭയാശങ്കകളും അവസാനിപ്പിച്ച് യഥാർഥ നിർഭയത്വം കൈവരിക്കാനുള്ള വഴി ദൈവിക സന്മാർഗം പിൻപറ്റലാണെന്ന് 'ഇസ്ലാം നിർഭയത്വത്തിന്റെ മതം' എന്ന സെമിനാർ പ്രമേയം വിശദീകരിച്ചു കാണ്ട് അബ്ദുറഷീദ് കുട്ടമ്പൂർ ചൂണ്ടിക്കാട്ടി. തൗഹീദിൽ കലർപ്പു ചേർക്കുന്നത് അന്ധവിശ്വാസങ്ങൾക്കും ആത്മീയ ചൂഷണങ്ങൾക്കും കളമൊരുക്കും. ബഹുസ്വര സമൂഹങ്ങളിൽ ആദർശനിഷ്ഠ കൈവിടാതെത്തന്നെ സഹകരണവും സമാധാനവും നിലനിർത്താനാണ് ഇസ്ലാം പഠിപ്പിക്കുന്നത്.

ഇന്ത്യയുടെ മതേതര ജനാധിപത്യ പാരമ്പര്യത്തിൽ മുസ്ലിം സമുദായത്തിനും ഇസ്ലാഹീ പ്രസ്ഥാനത്തിനുമുള്ള പങ്ക് നിലനിർത്തിക്കൊണ്ട് മുന്നോട്ടു പോകാൻ സാധിക്കണമെന്ന് വിസ്ഡം ജനറൽ കൺവീനർ സി.പി.സലീം അഭിപ്രായപ്പെട്ടു. ഉദ്ഘാടന സൂമ്മളനത്തിൽ മാറുന്ന ഇന്ത്യയും ന്യൂനപക്ഷ ആശങ്കകളും എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മുജാഹിദ് ബാലുശേരി ആശംസകളർപ്പിച്ചു.

വെള്ളിയാഴ്ച ഉച്ചക്ക് ശേഷം നടന്ന വൈജ്ഞാനിക സമ്മേളനത്തിൽ ജാമിഅ അൽ ഹിന്ദ് ഡയറക്ടർ ഫൈസൽ മൗലവി (കക്ഷിത്വവും ആദർശവും), സി.പി. സലീം (പ്രബോധനം അനിവാര്യതയും രീതിശാസ്ത്രവും), അബ്ദുറഷീദ് കുട്ടമ്പൂർ (വിശ്വാസം, വിശുദ്ധിയും വ്യതിയാനവും) വിഷയാവതരണം നടത്തി.

മന്ത്രവാദം, മാരണം, ജിന്നുസേവ എന്നിവ ഇസ്ലാം അംഗീകരിക്കുന്നില്ലെന്നും വ്യാജ ആത്മീയ ചികിത്സകൾ രോഗികളുടെ ജീവനുപോലും ഭീഷണിയാവുന്ന സാഹചര്യത്തെ ഗൗരവത്തോടെ കാണണമെന്നും വൈജ്ഞാനിക സമ്മേളനം ഒരു പ്രമേയത്തിലൂടെ വിലയിരുത്തി. ഇത്തരം സംഭവങ്ങളിൽ കുറ്റക്കാർക്കെതിരെ യുക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്ന് സമ്മേളനം കേരള സർക്കാരിനോട് ആവശ്യപ്പെട്ടു.

അബ്ദുൽ അസീസ് നരക്കോട് അദ്ധ്യക്ഷത വഹിച്ചു. അഷ്‌കർ സ്വലാഹി സ്വാഗതവും കെ.സി അബ്ദുല്ലത്തീഫ് നന്ദിയും പറഞ്ഞു.

റഫീക്ക് കണ്ണൂക്കര, സിദ്ധീഖ് ഫാറൂഖി, ഹാ ഫിദ് മുഹമ്മദ് അസ്ലം, അബ്ദുസ്സലാം സ്വലാഹി, മുസ്തഫ സഖാഫി അൽ കാമിലി, ജലാലുദീൻ മൂസ്സ, സഊദ് വി.ടി, നജീബ് കെ.എ എന്നിവർ പങ്കെടുത്തു.