യൂറോപ്പിലെ വിവിധ രാജ്യങ്ങളിൽ പ്രത്യേകിച്ച് ഫ്രാൻസിലും സ്‌പെയിനിലും ബെൽജിയത്തിലും ഇടക്കിടെ ജിഹാദി ആക്രമണങ്ങൾ ഉണ്ടാകുന്നുണ്ട്. അവിടങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ബ്രിട്ടനിൽ ഇത്തരം ആക്രമണങ്ങൾ കുറവാണ്. എന്നാൽ ഇടക്കിടെ ബോംബുകൾ പൊട്ടുന്ന പ്രസ്തുത രാജ്യങ്ങളേക്കാൾ വഷളായ സ്ഥിതിയാണ് ബ്രിട്ടനിലുള്ളതെന്ന് ഏറ്റവും പുതിയ റിപ്പോർട്ട് മുന്നറിയിപ്പേകുന്നു. അതായത് ഇവിടങ്ങളിലുള്ളതിനേക്കാൾ ഇസ്ലാമിക വികാരം തലയ്ക്ക് പിടിച്ച 35,000 പേർ ബ്രിട്ടനിൽ താമസിക്കുന്നുവെന്നാണ് ഇപ്പോൾ വെളിപ്പെട്ടിരിക്കുന്നത്. അവരിൽ 3000 പേർ ഏറ്റവും അപകടകാരികളാണെന്നും മുന്നറിയിപ്പുണ്ട്. ഇവർ സെക്യൂരിറ്റി സർവീസ് എഐ5ന് കടുത്ത തലവേദനയാണ് സൃഷ്ടിക്കുന്നതെന്നും റിപ്പോർട്ടുണ്ട്.

യൂറോപ്പിലെ ഏറ്റവും ഉന്നത ആന്റിടെററിസം ഒഫീഷ്യലായ യൂറോപ്യൻയൂണിയൻ കൗണ്ടർടെററിസം കോഓഡിനേറ്ററായ ഗില്ലെസ് ഡി കെർച്ചോവാണ് ഇന്നലെ ഈ മുന്നറിയിപ്പുയർത്തിയിരിക്കുന്നത്. മറ്റേതൊരു യൂറോപ്യൻ രാജ്യത്തേക്കാളും തീവ്രമായി ചിന്തിക്കുന്ന മുസ്ലീങ്ങൾ ഏറ്റവും കൂടുതലുള്ളത് ബ്രിട്ടനിലാണെന്നാണ് അദ്ദേഹം എടുത്ത് കാട്ടുന്നത്. ഇതിന് പുറമെ അഞ്ച് വർഷത്തിനുള്ളിൽ ഇസ്ലാമിക് സ്റ്റേറ്റ് രാജ്യത്തെ ന്യൂക്ലിയർ പവർ സ്റ്റേഷനുകളോ അല്ലെങ്കിൽ എയർ ട്രാഫിക് കൺട്രോൾ സിസ്റ്റങ്ങളോ ആക്രമിക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പേകുന്നു.

യുകെയിൽ റാഡിക്കലായി ചിന്തിക്കുന്ന 20,000 മുതൽ 35,000 വരെ മുസ്ലീങ്ങളുണ്ടെന്നാണ് കെർച്ചോവ് പറയുന്നത്. സെക്യൂരിറ്റി സർവീസുകൾ, ടെററിസം എക്‌സപർട്ടുകൾ, യൂറോപ്പിലാകമാനമുള്ള ഗവൺമെന്റുകൾ തുടങ്ങിയവരുമായി നിരന്തര സമ്പർക്കം പുലർത്തുന്ന ആളെന്ന നിലയിലാണ് അദ്ദേഹം ഈ മുന്നറിയിപ്പുയർത്തിയിരിക്കുന്നത്. ഇവരിൽ 3000 പേർ സുരക്ഷാ സർവീസുകളെ ഉത്കണ്ഠപ്പെടുത്തുന്നവരാണെന്നും ഇവരിൽ 500 പേരെ ഏത് സമയവും സൂക്ഷ്മവും ജാഗ്രതാപൂർവകവുമായ നിലയിൽ നിരീക്ഷിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം നിർദേശിക്കുന്നു.

ഇതനുസരിച്ച് ഫ്രാൻസിൽ 17,000 ഉം സ്‌പെയിനിൽ 5000ത്തിൽ അധികവും റാഡിക്കൽ മുസ്ലീങ്ങളാണുള്ളതെന്ന് അദ്ദേഹം വെളിപ്പെടുത്തുന്നു. ബെൽജിയത്തിൽ 2000 തീവ്ര മുസ്ലീങ്ങളുണ്ട്. ഇവരിൽ 500 പേർ സിറിയയിലാണുള്ളത്. യൂറോപ്പിൽ ആകമാനം ഇത്തരത്തിലുള്ള മുസ്ലീങ്ങൾ എത്ര പേരുണ്ടെന്ന് കൃത്യമായി പറയാൻ തനിക്ക് സാധിക്കില്ലെന്നും എന്നാൽ ഇവർ ഏതാണ്ട് 50,000 പേരുണ്ടാകുമെന്നും അദ്ദേഹം അനുമാനിക്കുന്നു. ഇവരിൽ നിന്നും ഏറ്റവും അപകടകാരികളായവരെ നാം തെരഞ്ഞ് കണ്ടുപിടിക്കുകയും അവരെ 24 മണിക്കൂറും നിരീക്ഷിക്കേണ്ടിയിരിക്കുന്നുവെന്നും കെർച്ചോവ് കടുത്ത നിർദ്ദേശം ഉയർത്തുന്നു.

ഐസിസിനാൽ പ്രേരിപ്പിക്കപ്പെട്ട് യൂറോപ്യൻ രാജ്യങ്ങളിൽ ഇനിയും ഭീകരാക്രമണങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പേകുന്നു. ഇതിനെപ്രതിരോധിക്കാനായി കൂടുതൽ ഫലപ്രദമായ മാർഗങ്ങൾ അനുവർത്തിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം നിർദേശിക്കുന്നു.