തിരുവനന്തപുരം: കുഞ്ഞുങ്ങൾക്കുള്ള വാക്‌സിനേഷനുകൾക്ക് എതിരെയും പ്രസവത്തിന് ആശുപത്രിയിൽ ചികിത്സ തേടുന്നതിനെതിരെയും എല്ലാം ചില മുസ്‌ളീം വിഭാഗങ്ങൾ നിലകൊള്ളുന്നത് കേരളത്തിൽ പലപ്പോഴും ചർച്ചാ വിഷയമായിട്ടുണ്ട്. ഇപ്പോൾ കേരളത്തിൽ കുഞ്ഞുങ്ങൾക്ക് മീസൽസ് റൂബെല്ല വാക്‌സിനേഷൻ പരിപാടി നടക്കുകയാണ് എല്ലാ ജില്ലകളിലും. മലപ്പുറത്ത് ഒരു ചടങ്ങിൽ പ്രഭാഷകൻ വാക്‌സിനേഷനെതിരെയും പ്രസവത്തിനായി ആശുപത്രികളിൽ പോകുന്നതിന് എതിരെയും ഘോരഘോരം പ്രസംഗിക്കുകയും 'ബോധവൽക്കരണം' നടത്തുകയും ചെയ്യുന്നതിന്റെ ഒരു വീഡിയോ ഇപ്പോൾ വൈറലായിരിക്കുകയാണ് സോഷ്യൽ മീഡിയയിൽ.

ഇത്തരം വാക്‌സിനേഷനുകളിലൂടെ കൊച്ചുകുഞ്ഞുങ്ങളിൽ അസംഖ്യം മാരകരോഗങ്ങൾ വാരിവിതറുന്ന ഇബിലീസിന്റെ ഭരണകൂടത്തിലാണ് നമ്മൾ ജീവിച്ചുകൊണ്ടിരിക്കുന്നതെന്നും നല്ലതാണ് എന്നു പറഞ്ഞുകൊണ്ട് അതി മാരകമായ വിഷങ്ങൾ മനുഷ്യശരീരത്തിൽ കയറ്റിവിട്ടുകൊണ്ടിരിക്കുകയാണെന്നും ആണ് പ്രഭാഷകന്റെ ബോധവൽക്കരണം. ഒരു വശത്ത് ആരോഗ്യരക്ഷയ്ക്ക് സർക്കാരും ആരോഗ്യ പ്രവർത്തകരും പരിശ്രമിക്കുമ്പോഴാണ് ഇത്തരത്തിൽ പരാമർശങ്ങളുമായി പ്രഭാഷണം പൊടിപൊടിക്കുന്നത്.

നല്ലതാണെന്നും പറഞ്ഞുകൊണ്ടാണ് പണ്ട് ആദംനബിയെ പഴം തീറ്റിച്ചതും ചങ്ങാതി..ഇപ്പോഴും അതാണ് നടന്നുകൊണ്ടിരിക്കുന്നത്. അള്ള പറഞ്ഞിട്ടുണ്ട്. ഇടത്തുകൂടിയും വലത്തുകൂടിയും മുന്നിലൂടെയും പിന്നിലൂടെയും ഈ ഇബിലീസിന്റെ മക്കൾ നിങ്ങളെ ഉപദ്രവിച്ചുകൊണ്ടിരിക്കും. നിങ്ങൾ നിങ്ങളുടെ കുട്ടികൾക്കു കൊടുക്കുന്ന വാക്‌സിനേഷന്റെ ദുരന്തം എന്തായിരിക്കുമെന്ന് പറയാൻ എനിക്ക് ധൈര്യമില്ല. ഒമ്പതുമാസം ഒരു ഗർഭാശയത്തിൽ ഒരു കുഞ്ഞിന്റെ നിർമ്മാണം നടത്തിക്കൊണ്ടിരുന്നപ്പോൾ എല്ലാ വാക്‌സിനേഷനുകളും കൊടുക്കാൻ അറിവും കഴിവും ഉള്ളവനാണ് പടച്ചതമ്പുരാൻ. അപ്പോൾ ഈ പുതിയ ചെകുത്താന്മാരുടെ വിഷം എന്തിനാണ് കുഞ്ഞുങ്ങളിലേക്ക് കൊടുക്കുന്നത്.

നമ്മൾ ശിർക്കിന് എതിരല്ലേ... അള്ളാഹുവല്ലാത്ത ഒരുവന് കീഴ്‌പ്പെടാമോ.. അവനും കൂടി കൂടിയെങ്കിലേ അള്ളാവിന്റെ പണി പൂർത്തിയാകൂ എന്ന് കരുതുന്നവൻ ശിർക്കല്ലേ..എന്റെ വിചാരം എന്റെ കുഞ്ഞിനെ എല്ലാ വാക്‌സിനേഷനും കൊടുത്ത് പുറത്തുകൊണ്ടുവരാൻ അള്ളാഹു മാത്രം മതി.. പോരാ.. അള്ളാഹുവിനൊപ്പം ഡോക്ടറും ഗൈനക്കും കൂടി കൂടണമെന്നാണ് വിചാരമെങ്കിൽ അത് ശിർക്കാണ്.. കൊടിയ ശിർക്കാണ്..

നിങ്ങൾ എങ്ങനെ വിശ്വസിച്ചാലും ഞാൻ എന്റെ ഭാര്യയോ എന്റെ മക്കളോ എനിക്ക് സ്വാതന്ത്യമുള്ളിടത്തെ പെൺകുട്ടികളോ ഗർഭം ധരിച്ചാൽ ഒരു ഡോക്ടറേയും കാണാൻ സമ്മതിക്കില്ല. കാരണം ഞാൻ അവരോട് പറയും അത് ശിർക്കാണ്...ഒരു വാക്‌സിനേഷൻ കൊടുക്കാൻ പാടില്ല.. അള്ളായ്ക്ക് വിവരമില്ലാത്തകൊണ്ട് വേറൊരുത്തന്റെ സാധനം കൊടുക്കുകയാണല്ലോ.. അപ്പോഴും അത് ശിർക്കാണ് എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ.. നിങ്ങളെങ്ങനെ വിശ്വസിക്കണമെന്ന് ഇന്ന് പോയി കിടക്കാൻ നേരം ആലോചിച്ചാൽ മതി.. - ഇങ്ങനെ പോകുന്നു പ്രഭാഷകന്റെ ബോധവൽക്കരണം.

കുഞ്ഞുങ്ങളിൽ റൂബെല്ല വാക്‌സിനേഷൻ എല്ലായിടത്തും പുരോഗമിക്കുന്നതിനിടെ എതിർത്തും അനുകൂലിച്ചും നിരവധി വാദമുഖങ്ങൾ ഉയരുന്നതിനിടെയാണ് ഇത്തരത്തിലുള്ള പ്രചരണ വീഡിയോകളും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്. മലപ്പുറത്ത് 2015ൽ നടന്ന ഒരു മുസ്‌ളീം സംഘടനാ യോഗത്തിലാണ് പ്രഭാഷകൻ വാക്‌സിനേഷന് എതിരെ കത്തിക്കയറുന്നത്. ഇത്തരം പ്രഭാഷകരുടെ വാക്കുകളെ വിമർശിച്ചും ഇത്തരം വാക്കുകൾ കേൾക്കരുതെന്നുള്ള ആഹ്വാനവുമായും നിരവധി പേരാണ് രംഗത്തെത്തുന്നത്.