- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആഴക്കടലിൽ ഇരുട്ടാണെന്ന് ഖുർആനിൽ പറയുന്നുണ്ടെന്നും അത് പിൽക്കാലത്ത് ശാസ്ത്രം ശരിവെച്ചതാണെന്നും എം എം അക്ബർ; 'ഹൃദയത്തിനു ചിന്തിക്കാൻ പറ്റു'മെന്നും വാദം; എല്ലാം ബാലിശമെന്ന് ഇ എ ജബ്ബാർ; ഇസ്ലാമും യുക്തിവാദവും നേരിട്ട് ഏറ്റുമുട്ടിയ സംവാദത്തിൽ വിജയം ആർക്ക്?
മലപ്പുറം: ഇസ്ലാമും യുക്തിവാദവും നേരിട്ട് ഏറ്റുമുട്ടിയപ്പോൾ മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോറിയം വേദിയായത് ചൂടൻ സംവാദത്തിന്. യുക്തിവാദി നേതാവും പ്രഭാഷകനുമായ ഇ എ ജബ്ബാറും, ഇസ്ലാമിക പ്രഭാഷകനും നിച്ച് ഓഫ് ട്രൂത്ത് ഡയറക്ടറുമായ എം എം അക്ബറുമാണ് സംവാദം നടത്തിയത്. 'ഖുർആനിൽ അന്നത്തെ അറബികൾക്ക് അറിയുന്നതും ആ നാട്ടിൽ പ്രചാരത്തിലുണ്ടായിരുന്നതുമല്ലാത്ത എന്തെങ്കിലും ശാസ്ത്രീയകാര്യങ്ങളോ, പിന്നീട് ശാസ്ത്രം ശരിയാണെന്ന് കണ്ടെത്തിയതായി തെളിവുസഹിതം ബോധ്യപ്പെടുത്തിയാൽ താൻ ഷഹാദത്ത് കലിമ ചൊല്ലി മുസ്ലിമാവാമെന്നും, ഇതേ വരെ താൻ ഇസ്ലാമിനെതിരെ ഉന്നയിച്ച വാദങ്ങളെല്ലാം പിൻവലിക്കാമെന്നുമുള്ള' ഇ എ ജബ്ബാറിന്റെ വെല്ലുവിളിയാണ് സംവാദത്തിലേക്ക് നയിച്ചത്. ഇതിന് എം എം അക്ബർ തയ്യാറയതോടെ യുക്തിവാദി സംഘം മലപ്പുറം യൂണിറ്റ് പരിപാടി ഏറ്റെടുക്കുകയായിരുന്നു.
ആഴക്കടലിലെ ഇരുട്ടിൽ കുടുങ്ങിയ സംവാദം
വിഷയവതാരകനായ ജബ്ബാർ മാഷ് വളരെ പതിയെ ആണ് തുടങ്ങിയത്. സംവാദത്തിന് ഇടയാക്കിയ വെല്ലുവിളിയുടെ നാൾവഴികൾ അദ്ദേഹം എടുത്തു പറഞ്ഞു. പിന്നീട് അദ്ദേഹം എന്നുമുതലാണ് ഖുറാനിൽ സയൻസ് ഉണ്ട് എന്ന വാദം തുടങ്ങിയത് എന്നും അങ്ങനെ ഖുറാനിനെ സയൻസുമായി കെട്ടിയ രീതിയും സദസ്സിനു മുന്നിൽ അവതരിപ്പിച്ചു. കൂട്ടത്തിൽ ഒന്നു രണ്ട് ഖുർആൻ വാദങ്ങളും തുറന്നു കാണിച്ചു.തനത് ശൈലിയിൽ അക്രമോൽസുകത കാണിക്കാതെ ആയിരുന്നു ജബ്ബാർ മാഷിന്റെ അവതരണം എങ്കിലും ബോറടിപ്പിക്കാതെ തന്റെ വിഷയം അവതരിപ്പിക്കാൻ അദ്ദേഹത്തിന് ആയി.
പിന്നീട്, എം എം അക്ബറിന്റെ അവതരണം ആയിരുന്നു. അക്ബറും വളരെയധികം മാറിയെന്ന തോന്നലിൽ ആയിരുന്നു തുടക്കം. സന്ദർഭത്തിന് ചേരാത്ത കഥയും പറഞ്ഞു തുടങ്ങിയ അക്ബർ പതിവുപോലെ തന്റെ തനത് ശൈലിയിലേക്ക് ഉയർന്നു. ഖുർആനിക സയൻസിന്റെ പൂത്തിരി കത്തിക്കും അക്ബർ എന്ന് പ്രതീക്ഷിച്ചെങ്കിലും പിന്നീട് അതൊന്നും ഉണ്ടായില്ല.
ആഴക്കടലിൽ ഇരുട്ടാണ് എന്നു ഖുർആനിൽ ഉണ്ട് എന്നും അത് ശാസ്ത്രീയപരമായി പഠനങ്ങളും ഉണ്ട് എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. ഇതിനിടെ സയൻസിനെ ഖുർആൻ് ആയത്തുമായി കേട്ടിവെക്കാൻ 'ഹൃദയത്തിനു ചിന്തിക്കാൻ പറ്റും' എന്ന് പറഞ്ഞതും അദ്ദേഹത്തെ പരിഹാസ്യനാക്കി. ആഴക്കടലിലെ ഇരുട്ടിനെക്കുറിച്ചുള്ള കാര്യമാണ് അദ്ദേഹം ഖുറാനിലെ വലിയൊരു ശാസ്ത്രമായി കൊണ്ടുവന്നത്.ഇത്രയും നാൾ ഖുർആൻ ഗവേഷണം നടത്തിയ ഒരാൾക്ക് ഇതാണോ പറയാനുണ്ടായിരുന്നത് എന്ന ജബ്ബാർ മാഷിന്റെ ചോദ്യത്തിൽ തന്നെ അക്ബറിന്റെ വാദങ്ങളുടെ മുനയൊടിക്കുന്നതായിരുന്നു. ഖുർആനിൽ ഭൂമി ഉരുണ്ടതാണ് എന്ന് പറയാഞ്ഞത് ഒരുകണക്കിന് നന്നായി എന്ന് പറഞ്ഞുകൊണ്ട് ഭൂമിയുടെ രൂപ മാറ്റങ്ങളെക്കുറിച്ചുള്ള പുതിയ കണ്ടുപിടുത്തങ്ങൾ വിശദീകരിക്കാനുള്ള അക്ബറിന്റെ നീക്കവും ഏശിയില്ല.
മറുപടിയായി ജബ്ബാർ ആകട്ടെ ആഴക്കടലിൽ ഇരുട്ടാണെന്ന് അന്നത്തെ കാലത്തെ അറബികൾക്ക് അറിയാമായിരുന്നു എന്ന് പറഞ്ഞു. കടലുമായുള്ള മനുഷ്യന്റെ ബന്ധം ഇസ്ലാം ഉണ്ടാകുന്നതിന് എത്രയോ മുമ്പ് തുടങ്ങിയതാണെന്നും ഈ വിഷയത്തിൽ എന്താണ് അത്ഭുതമെന്നും ചോദിച്ചു. അക്ബർ ഒറ്റ ഒരു വിഷയത്തിൽ ഫോക്കസ് ചെയ്താണ് സംവാദത്തിന് വന്നത്..ആ ഒറ്റ വിഷയം പറയുകയും ഈ സംവാദ വിഷയം ആധികാരികമായി അദ്ദേഹം തെളിയിച്ചു എന്നു സ്ഥാപിക്കാനുമാരുന്നു ലക്ഷ്യം ... ഒരു ഓഷ്യാനോ റിസർച്ച് പേപ്പറിൽ വന്ന സൈന്റിഫിക്ക് ഡാറ്റായുടെ സാങ്കേതികത്വം വച്ചു ഖുറാനിലെ ഒരു ആയത്തു ശരി ആണ് എന്നു സ്ഥാപിക്കുക, അങ്ങനെ ജബ്ബാറിനെ മുട്ടുകുത്തിക്കുക എന്നായിരുന്നു അദ്ദേഹത്തിന്റെ നീക്കം. അതാകട്ടെ പാളിപ്പോവുകയും ചെയ്തു. സമുദ്രാന്തർഭാഗത്ത് വെളിച്ചം ഉണ്ടാവില്ലെന്ന് മനസ്സിലാക്കാൻ സാമാന്യ യുക്തിമതിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഖണ്ഡനത്തിന്റെ രണ്ടാം അവസരത്തിലാണ് ജബ്ബാർ കൂടുതൽ കസറിയത്.'ഭൂതകാലത്തിലെ മതകാല്പനികതകളെ ആധുനിക ശാസ്ത്രബോധത്തിലേക്ക് ഉരുട്ടിയെടുക്കുന്ന വ്യഖ്യാനങ്ങളുടെ പൊള്ളത്തരങ്ങളെക്കുറിച്ച് ഏറ്റവും ലളിതവും ശക്തവുമായി ജബ്ബാർ മാഷ് സംസാരിച്ചു.ഏതൊരു മതഗ്രന്ഥവും അത് രൂപപ്പെട്ട ദേശകാലങ്ങളുടെ സംസ്കാരങ്ങളും വിശ്വാസങ്ങളും ജീവിതരീതികളും സംഗ്രഹിക്കപ്പെട്ടവയാണ്.അതിൽ അക്കാലത്തെ മനുഷ്യന് ബോധ്യപ്പെട്ട ധാർമ്മികതകളും നീതിബോധവും ഒക്കെയുണ്ടാവും.അതിൽ തള്ളാനും കൊള്ളാനും ഉള്ളതുണ്ട്.അതിനെ മറ്റൊരു ലോകത്തേക്ക് മറ്റൊരു കാലത്തിൽ ജീവിക്കുന്ന മനുഷ്യന്റെ മാർഗ്ഗരേഖയായി കാണിക്കുകയും അതിനുവേണ്ടി അവന്റെ വ്യക്തിത്വത്തെ ആയുധമാക്കുകയും ചെയ്യുന്നിടത്താണ് പ്രശ്നങ്ങൾ ആരംഭിക്കുന്നത്.'- ഇങ്ങനെ തന്റെ നിലപാട് വളരെ ലളിതമായി ജബ്ബാർ മാഷ് വ്യക്തമാക്കി.
സംവാദം അവസാനിച്ചതോടെ ഇരുപക്ഷവും ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടുകൊണ്ട്വിജയം അവകാശപ്പെടുന്നുണ്ട്. എണ്ണത്തിൽ യുകതിവാദികളുടെ പത്തിരിട്ടിയോളം ഉള്ള ഇസ്ലാമിസ്റ്റുകൾ ജബ്ബാർ കണ്ടം വഴി ഓടി എന്നാണ് തള്ളിമറയ്ക്കുന്നത്. പക്ഷേ സംവാദം നിഷ്പക്ഷമായി പരിശോധിച്ചാൽ, അത് ശരിയല്ല എന്ന് മനസ്സിലാവും. ആറാം നൂറ്റാണ്ടിലെ അറബികൾക്ക് അറിയാത്ത എന്തെങ്കിലും ഒരു ശാസ്ത്രീയമായ കാര്യം ഖുർആനിൽ ഉണ്ടെങ്കിൽ ഞാൻ ശഹാദത്ത് കലിമ ചൊല്ലി ഇസ്ലാം സ്വീകരിക്കും എന്നായിരുന്നു ഇ എ ജബ്ബാറിന്റെ വെല്ലുവിളി. പക്ഷേ ബാലിശമായ വാദങ്ങൾ ഉന്നയിച്ച് സ്വയം അപഹാസ്യനാവാൻ അല്ലാതെ, ഇക്കാര്യം തെളിയിക്കാൻ എം എം അക്ബറിന് കഴിഞ്ഞിട്ടില്ല. അക്ബറിന്റെ ഓഷ്യാനോഗ്രാഫി വാദങ്ങൾ സോഷ്യൽ മീഡിയയിൽ ട്രോളുകളും ആയി.
എന്തായാലും മലപ്പുറം യുക്തിവാദി സംഘത്തിന്റെ നേതൃത്വത്തിൽ നടന്ന സംവാദപരിപാടി, കേരളത്തിന്റെ സംവാദ ചരിത്രത്തിൽ തിളങ്ങുന്ന ഒരു അധ്യായമായാണ് അവസാനിച്ചത്. യുക്തിവാദികളും വിശ്വാസികളും ഒരു വേദിയിൽ ഇരുന്നാൽ എന്തോ ക്രമസമാധാന പ്രശ്നം ഉണ്ടാകുമെന്ന് കരുതിയവർക്കുള്ള തിരിച്ചടി കൂടിയാണ് ഇതെന്ന്, പരിപാടിയുടെ മോഡറേറ്റർ ആയ അഡ്വ. അനിൽകുമാർ ചുണ്ടിക്കാട്ടി.
മറുനാടന് മലയാളി ബ്യൂറോ