കീകൃത സിവിൽ കോഡ് നടപ്പാക്കാനുള്ള കേന്ദ്ര തീരുമാനത്തിനെതിരെ മുസ്ലിം സംഘടനകൾ ഒന്നടങ്കം പ്രതിഷേധവുമായി രംഗത്തുനിൽക്കുമ്പോൾ, മുസ്ലിം സമുദായത്തിലെ വനിതാ സംഘടനകൾ സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കാനായി മുന്നിട്ടിറങ്ങുകയാണ്. മൂന്നുപതിറ്റാണ്ടുമുമ്പ് ഷാ ബാനോ കേസ് കോടതിയിൽ വന്നപ്പോൾ എതിർത്ത വനിതാ സംഘടനകൾ ഇപ്പോൾ അവകാശങ്ങൾക്കായി രംഗത്തിറങ്ങിയിരിക്കുകയാണ്.

മുത്തലാഖിനെതിരെ കേന്ദ്രം സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലമാണ് മുസ്ലിം വ്യക്തിനിയമത്തെ വീണ്ടും സജീവ ചർച്ചാവിഷയമാക്കിയത്. ശരിയത്തിനെ അടിസ്ഥാനപ്പെടുത്തിയുള്ള വ്യക്തിനിയമങ്ങൾ ഒഴിവാക്കാനാവില്ലെന്ന് മുസ്ലിം സംഘടനകൾ വാദിക്കുന്നു. മുസ്ലിം വനിതാ വ്യക്തിനിയമ ബോർഡും ഇതിന് സമാനമായ നിലപാടാണ് എടുത്തിട്ടുള്ളത്.

എന്നാൽ, സന്നദ്ധ സംഘടനകളുടെ പ്രവർത്തനത്തിലൂടെ മുസ്ലിം വനിതാ സംഘടനകൾ ഏറെ മുന്നേറിയതായാണ് വിലയിരുത്തപ്പെടുന്നത്. ഷാ ബാനോ കേസ് വന്നപ്പോൾ മുംബൈ ആസ്ഥാനമായുള്ള ആവാസ്-ഇ-നിസ്വാൻ എന്ന സംഘടന മാത്രമാണ് ഒപ്പമുണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ അവകാശങ്ങൾക്കായുള്ള മുസ്ലിം സ്ത്രീകളുടെ പോരാട്ടത്തിന് പിന്തുണ നൽകാൻ സംഘടനകളേറെയാണ്. ഭരണഘടനാപരമായ അവകാശങ്ങൾ സ്ഥാപിച്ചുകിട്ടണമെന്ന കാര്യത്തിൽ മുസ്ലിം സ്ത്രീകൾ ബോധവതികളാണെന്ന് ഭാരതീയ മുസ്ലിം മഹിള ആന്ദോളന്റെ നൂർജഹാൻ സഫിയ നാസ് പറയുന്നു.

2005-ൽ സ്ഥാപിതമായ മു്‌ലീം വനിതാ വ്യക്തിനിയമ ബോർഡും അവകാശ സംരക്ഷണത്തിൽ മുൻപന്തിയിലുണ്ട്. വിശ്വാസങ്ങൾ നിരാകരിക്കുന്നതിനല്ല, അവകാശങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് ബോർഡ് പ്രവർത്തിക്കുന്നതെന്ന് ബോർഡംഗം ഷയിസ്ത ആംബർ പറയുന്നു. ഭരണഘടന ഉറപ്പുതരുന്ന അവകാശങ്ങളും മതപരമായ അവകാശങ്ങളും നൽകാതെ വർഷങ്ങളോളം വഞ്ചിക്കപ്പെട്ട സ്തീകളെ സഹായിക്കുകയാണ് ഈ സംഘടനകളുടെയെല്ലാം ലക്ഷ്യം.

ഇസ്ലാമിക് ഫെമിനിസം മുമ്പെന്നത്തെക്കാളും ശക്തമായി ഇപ്പോൾ രംഗത്തുണ്ട്. ഖുറാൻ സ്ത്രീകൾക്ക് നൽകുന്ന തുല്യതയും അവകാശങ്ങളും ഉറപ്പാക്കുന്നതിന് എൻജിഒകൾ സദാ ശ്രദ്ധ പാലിക്കുന്നു. മുത്തലാഖും ഇന്റർനെറ്റിലൂടെയും ഫോണിലൂടെയുമുള്ള മൊഴിചൊല്ലൽ പോലുള്ള അനീതികളെ ചെറുക്കാൻ വനിതാ സംഘടനകൾ ജാകരൂകരായതോടെ മുസ്ലിം വനിതകൾ കൂടുതൽ കരുത്താർജിച്ചിരിക്കുന്നു.