കോഴിക്കോട്: കോടതി ഒന്നിച്ച് ജീവിക്കാൻ അനുവദിച്ചിട്ടും, സ്വവർഗാനുരാഗികളായ ആദില നസ്റീനും, നൂറ ഫാത്തിമക്കുമെതിരെ സൈബർ ആക്രമണവുമായി ഇസ്ലാമിസ്റ്റുകൾ. സ്വവർഗാനുരാഗം ഒരു മാനസിക രോഗമാണെന്നും, ചികിത്സിച്ച് മാറ്റാൻ കഴിയുമെന്നും, തൊട്ട് മതവിരുദ്ധമാണെന്നും നരകത്തിൽ പോകുമെന്നും വരെയുള്ള വിദ്വേഷ കമന്റുകൾ സോഷ്യൽ മീഡിയയിൽ നിറയുകയാണ്. സെക്ഷ്വൽ ഓറിയന്റേഷനെന്നത്, ഒരു വ്യക്തിക്ക് തീരുമാനിക്കാൻ കഴിയുന്നതല്ല എന്നും, പുരുഷൻ ആവുന്നതും സ്ത്രീയാവുന്നതുംപോലെ തന്നെയാണ് ഗേ യും ലെസ്‌ബിയനുമെന്ന ശാസ്ത്രീയ വിശദീകരണമൊന്നും വിദ്വേഷ പ്രചാരകർക്ക് ഒരു പ്രശ്നമല്ല.

ഇസ്ലാം സ്വവർഗരരതിയെ കർശനമായി വിലക്കുന്നുവെന്ന് കാരണമാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്. ആദിലയും നൂറയും ചെയ്തത് ഇഹലോകത്തും പരലോകത്തും ഗതി കിട്ടാത്ത കാര്യമാണെന്നാണ് പലരും കമന്റിടുന്നത്. സോഷ്യൽ മീഡിയ ആക്റ്റീവിസ്റ്റുകൂടിയായ ഡോ ഷിംന അസീസ്, ഈ പെൺകുട്ടികളെ അനുകൂലിച്ച് പോസ്റ്റ് ഇട്ടതിന് താഴെ വരുന്നത് ഞെട്ടിക്കുന്ന കമൻസാണ്. നിന്റെ കുടുംബത്തിൽ ഇങ്ങനെ നടന്നാൽ നീ പ്രതികരിക്കുമോ, നീ അത് അനുവദിക്കുമോ എന്നാണ് ഇവർ രോഷത്തോടെ ചോദിക്കന്നത്. ഇത് മൃഗരതിയും ശവരതിയും പോലെയാണ് സ്വവർഗരതിയെന്നാണ് ഇത്തരക്കാരുടെ വാദങ്ങൾ. 'അതേ, വേറെയും പല ഓറിയന്റേഷൻകളുണ്ട്. ശവങ്ങളോട് ചിലർക്ക് ഓറിയന്റേഷൻ ഉണ്ട്, അതായത് നെക്രോഫീലിയയും. ചിലർക്ക് മൃഗങ്ങളോട് ആണ്, അതേ സൂഫിലിയ. മറ്റു ചിലർക്ക് ആണെങ്കിൽ ചെറിയ കുഞ്ഞുങ്ങളോട് ആണ്, അതായത് പീഡോഫീലിയ.

ഇതൊക്കെ തികച്ചും സാധാരണമാണ്. ഇപ്പൊൾ ആയിട്ടിലെങ്കിൽ ഒരു നാലഞ്ച് കൊല്ലം കൊണ്ട് ഇതൊക്കെ ഇവിടെ സാധാരണയാകും. ഇപ്പൊൾ പുരോഗമിച്ച് ഇവിടെ എത്തിയിട്ടേ ഉള്ളൂ എന്ന് മാത്രം. ഇനിയും പുരോഗമിച്ചാൽ അതൊക്കെ സാധാരണയായി മാറും. എല്ലാം വിപ്ലവവും സ്വാതന്ത്ര്യവും ആണ്. കഷ്ടം!''- ഒരു വിദ്വേഷ കമന്റ് ഇങ്ങനെയാണ്.

ശവരതിയും, പീഡോഫീലിയയും മാനസിക വൈകൃതങ്ങളാണെന്നും അതല്ല സെക്ഷ്വൽ ഓറിയന്റേഷൻ എന്ന പ്രാഥമിക പാഠം പോലും മറച്ചുവച്ചാണ് ഇവർ പ്രതികരിക്കുന്നത്. ചിലരാകട്ടെ സ്വർവഗപ്രേമം മാനസിക രോഗമാണെന്ന് ആമേരിക്കൻ ആരോഗ്യവകുപ്പ് കണ്ടെത്തിയിട്ടുണ്ടെന്ന തെറ്റായ വാർത്തയാണ് ക്വാട്ട് ചെയ്യുന്നത്. മറ്റു ചില ഇസ്ലാമിസ്റ്റുകൾ ആവട്ടെ ഇനി നീയൊക്കെ എങ്ങനെ ഗർഭിണിയാവും എന്നാണ് പരിഹസിക്കുന്നത്.

ഈ ഹേറ്റ് കമന്റ്സ് ഇടുന്നവരുടെ പ്രൊഫൈൽ നോക്കിയാൽ അറിയാം അവർ ഒക്കെയും പൊട്ടൻഷ്യൽ ഇസ്ലാമിസ്റ്റുകൾ ആണെന്ന്. അതായത് സോഷ്യൽ മീഡിയയിൽ ഇസ്ലാമിക വിഷയങ്ങളിൽ കൃത്യമായി ഇടപെടുന്നവർ ആണിവർ. അതുകൊണ്ടുതന്നെ ഹീനമായ മതവെറി മാത്രമാണ് ഈ കുട്ടികളുടെ നേർക്ക് ഉണ്ടാവുന്നതെന്ന് വ്യക്തമാണ്. സ്വവർഗാനുരാഗികൾ ആണെന്ന് പ്രഖ്യാപിച്ചതോടെ നിങ്ങൾ ഇസ്ലാമിൽ നിന്ന് പുറത്തായി എന്നും, ഇനി നിങ്ങൾ നരകത്തിന്റെ വിറകുകൊള്ളികൾ ആണെന്നും അവർ പരസ്യമായി കമന്റിടുന്നുണ്ട്.

പക്ഷേ ആദിലക്കും നുറക്കും കേരളത്തിൽ ശാസ്ത്രീയമായും പുരോഗമനപരമായും ചിന്തിക്കുന്ന ആളുകളുടെ ഭാഗത്തുനിന്ന് വലിയ പിന്തുണ കിട്ടുന്നുണ്ട്. ഇത് ഇസ്ലാമിക രാജ്യമല്ല, ഇന്ത്യയാണെന്നും, ഇന്ത്യൻ ഭരണഘടന ഏത് ഒരു പൗരനും നൽകുന്ന സ്വാതന്ത്ര്യമാണ് കോടതി അവർക്ക് അനുവദിച്ച് നൽകിയതെന്നും ഇത്തരം ആളുകൾ ശക്തമായി എഴുതി ഈ സ്വവർഗ ദമ്പതികൾക്ക് പിന്തുണ നൽകുന്നുണ്ട്. നേരത്തെ അഖില, ഹാദിയയായി മാറിയപ്പോൾ അവൾക്ക് ഇഷ്മുള്ളവക്കൊപ്പം ജീവിക്കാനും, ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാനും അനുമതി നൽകിയത് ഇതേ കോടതിയാണെന്ന് ഓർക്കണം. അന്ന് സോഷ്യൽ മീഡിയിൽ അതിനെ അനുകൂലിച്ച് കമന്റിട്ട ഇസ്ലാമിസ്റ്റുകളിൽ ഒരു വിഭാഗമാണ് ഇന്ന് ആദില- നുറകേസിൽ കോടതിയെപ്പോലും ആക്ഷേപിക്കുന്നത്.

ലെസ്‌ബിയൻ ആയാൽ എന്താണ് കുഴപ്പം?

എന്നാൽ തങ്ങളുട രക്ഷിതാക്കളെയാണ് സൈക്ക്യാട്രിസ്റ്റിനെ കാണിക്കേണ്ടതെന്നും ഇത് ഒരു രോഗമെല്ലെന്നുമാണ് ആദിലയുടെയും നൂറ ഫാത്തിമയുടെയും പ്രതികരണം. ലെസ്‌ബിയൻ ആയാൽ എന്താണ് കുഴപ്പമെന്നും ഒരു ഓൺലൈൻ പോർട്ടലിന് നൽകിയ അഭിമുഖത്തിൽ ആദില ചോദിച്ചു.

'ഇസ്ലാമികമായി ഇത് ശരിയല്ലെന്നാണ് അവർ പറയുന്നത്. ഗുണ്ടകളുമായാണ് അവർ ഞങ്ങളെ കാത്തിരുന്നത്. ജീവൻ തന്നെ നഷ്ടമാവുന്ന അവസ്ഥയുണ്ടായിരുന്നു. പൊലീസിന്റെ ഭാഗത്തുനിന്ന് നീതി കിട്ടില്ല എന്ന് അറിഞ്ഞതുകൊണ്ട് തന്നെയാണ് കോടതിലെ സമീപിച്ചത്. നൂറയെ പിടിച്ചുകൊണ്ടു പോകാൻ വന്നതിൽ ഒരു പൊലീസുകാരനുമുണ്ടായിരുന്നു പക്ഷേ യൂണിഫോമിലായിരുന്നില്ല.'

വിഷയത്തിൽ താമരശ്ശേരി പൊലീസ് ഇടപെട്ടതെല്ലാം മാതാപിതാക്കളുടെ വശത്ത് നിന്ന് കൊണ്ടായിരുന്നു. അന്ന് രക്ഷിതാക്കൾക്ക് ഒപ്പം വന്നയാളെ ഞങ്ങൾക്ക് കണ്ടിട്ട് മനസിലായില്ല. അപരിചിതനായിരുന്നു. പുള്ളി നേരത്തെ വരികയും നൂറയുടെ ഉമ്മ പുറകെ വരികയുമായിരുന്നു. താമരശ്ശേരി പൊലീസിന് ഇതിൽ പങ്കുണ്ട്,' ആദില ആരോപിച്ചു.

'നൂറയെ വീട്ടിൽ നിന്ന് പിടിച്ചുകൊണ്ടു പോകുന്നതിനിടയിൽ പരിക്ക് പറ്റിയിരുന്നു. ഹൈക്കോടതിയിൽ നിന്ന് വീട്ടിലെത്തിയപ്പോൾ സിഐ നൂറയുടെ ഫോണും മറ്റും കളക്റ്റ് ചെയ്യണമെന്ന് പറഞ്ഞ് വിളിച്ചിരുന്നു. ഫോൺ നൂറയുടെ അമ്മയ്ക്ക് കൊടുക്കുകയും ചെയ്തു. ഉമ്മ അപ്പോൾ കരഞ്ഞുകൊണ്ട് പിന്നെയും ബ്ലാക്ക് മെയിൽ ചെയ്യുകയായിരന്നു'. ഹൈക്കോടതിയിൽ കൺസന്റ് ലെറ്റർ കൊടുത്തതിന് ശേഷവും വീണ്ടും വിളിക്കുക എന്ന് പറയുന്നത് ശരിയല്ലല്ലോ ഇരുവരും പറഞ്ഞു. സമൂഹം എന്ത് പറയുന്നുവെന്നത് ഞങ്ങൾ കാര്യമാക്കുന്നില്ലെന്നും ഇനിയെങ്കിലും ഞങ്ങളെ ഞങ്ങളുടെ പാട്ടിന് വിടണമെന്നും ആദില വ്യക്തമാക്കി.