ദുബായ്: രാജ്യത്തിന്റെ സമ്പദ്ഘടനയെ താങ്ങിനിർത്തുകയും കേരളത്തിന്റെ വികസന പ്രവർത്തനങ്ങളിൽ നിർണ്ണായക പങ്ക് വഹിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന പ്രവാസി സമൂഹത്തിന്റെ ക്ഷേമത്തിനായി രൂപീകൃതമായ പ്രവാസികാര്യ വകുപ്പ് നിർത്തലാക്കിയ കേന്ദ്ര സർക്കാരിന്റെ തീരുമാനം പുനഃപരിശോധിക്കണമെന്ന് ഇമ്പിച്ചിബാവ സ്മാരക മെഡിക്കൽ എഡ്യുക്കേഷണൽ സെന്ററി(ഇസ്‌മെക്)ന്റെ യുഎഇ വാർഷിക സമ്മേളനം കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. വാഹനാപകടത്തിൽ കൊല്ലപ്പെട്ട ഇസ്‌മെക് അംഗം അനീഷിന്റെ നാമധേയത്തിൽ ദുബായ് ഗൾഫ് മോഡൽ സ്‌കൂൾ അങ്കണത്തിൽ പ്രത്യേകം സജ്ജമാക്കിയ അനീഷ് നഗറിൽ സംഘടിപ്പിച്ച സാംസ്‌കാരിക സമ്മേളനം ഗൾഫ് മോഡൽ സ്‌കൂൾ ചെയർമാൻ അഡ്വ. നജീദ് ഉദ്ഘാടനം ചെയ്തു.

ഇസ്‌മെക് പ്രസിഡന്റ് സാദിഖ് സാഗോസിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ജനാധിപത്യ മഹിളാ അസോസിയേഷൻ എടപ്പാൾ ഏരിയ സെക്രട്ടറി ബിജി സുരേഷ്, എസ്എഫ്‌ഐ മുൻ മലപ്പുറം ജില്ലാ പ്രസിഡന്റ് കെ പി പ്രശാന്ത്, അബുദാബി ശക്തി തിയറ്റേഴ്‌സ് സാഹിത്യ വിഭാഗം സെക്രട്ടറി ജമാൽ മൂക്കുതല എന്നിവർ സംസാരിച്ചു. ഇസ്‌മെക് രക്ഷാധികാരി നാരായണൻ വെളിയങ്കോടിന്റെ അധ്യക്ഷതയിൽ ചേർന്ന വാർഷിക ജനറൽ ബോഡിയിൽ ജനറൽ സെക്രട്ടറി സി കെ ഷഫീഖ് വാർഷിക റിപ്പോർട്ടും ട്രഷറർ കനിൽ ദാസ് വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. അബു ഹിഷാം രക്തസാക്ഷി പ്രമേയവും നവാസ് പാലപ്പെട്ടി അനുശോചന പ്രമേയവും അവതരിപ്പിച്ചു. തുടർന്നു നടന്ന ചർച്ചയിൽ സഞ്ജിത്ത് ലാൽ, അൻസാരി, ഫാറൂഖ് പാലപ്പെട്ടി, നൗഫീഖ്, സജീർ മാറഞ്ചേരി, ഷാജഹാൻ എരമംഗലം, കരാട്ടെ ഫാറൂഖ്, അബു ഹിഷാം എന്നിവർ പങ്കെടുത്തു.

തുടർന്ന് 2016-17 പ്രവർത്തന വർഷത്തേയ്ക്ക് 21 അംഗ ഭരണസമിതിയേയും ആറംഗ രക്ഷാധികാരികളേയും തെരഞ്ഞെടുത്തു. സാദിഖ് സാഗോസ് (ജനറൽ സെക്രട്ടറി), റഷീദ് പാലപ്പെട്ടി, ഇർഫാൻ (വൈസ് പ്രസിഡന്റുമാർ), സി കെ ഷഫീഖ് (ജനറൽ സെക്രട്ടറി), സെമീർ, ജയപ്രകാശ് (ജോ. കെക്രട്ടറിമാർ), കനിൽ ദാസ് (ട്രഷറർ) എന്നിവരെ കൂടാതെ 14 അംഗ എക്‌സിക്യൂട്ടീവ് അടങ്ങിയതാണ് ഭരണസമിതി. നാരായണൻ വെളിയങ്കോട്, നാസർ പൊറ്റാടി, ഇല്ല്യാസ്, സഫറുള്ള പാലപ്പെട്ടി, മനാഫ്, കൃഷ്ണൻ കൈപ്പട എന്നിവരാണ് രക്ഷാധികാരികൾ. ബദറു കൺവീനറും സുധീർ മാസ്റ്റർ ജോ. കൺവീനറുമായുള്ള അബുദാബി കമ്മിറ്റിക്കും സമീർ കൺവീനറും ബുർഷാദ് ജോ. കൺവീനറുമായുള്ള ദുബായ് കമ്മിറ്റിക്കും യോഗം രൂപം നൽകി.