- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഖ്വാസം സൊലൈമാനിയുടെയും മൊഹ്സീൻ ഫക്രിസാദെയുടെയും രക്തസാക്ഷിത്വത്തിന് പകരം വീട്ടും; ഡൽഹിയിലെ ഇസ്രയേലി ഏംബസിക്ക് പുറത്തുണ്ടായ സ്ഫോടനത്തിന് പിന്നിൽ ഇറാൻ ബന്ധം? അന്വേഷണസംഘത്തെ അയച്ച് ഇസ്രയേൽ
ന്യൂഡൽഹി: ന്യൂഡൽഹിയിലെ ഇസ്രയേൽ ഏംബസിക്ക് പുറത്ത് വെള്ളിയാഴ്ച ഉണ്ടായ ചെറിയ സ്ഫോടനത്തിന് പിന്നിലെ കറുത്ത കരങ്ങൾ നീളുന്നത് തീവ്രവാദത്തിലേക്ക് തന്നെ. 2012ൽ ഉണ്ടായ സമാനസംഭവത്തിലേക്കാണ് ഇന്റലിജൻസ് ഏജൻസികൾ വിരൽ ചൂണ്ടുന്നത്. അന്ന് ഡൽഹിയിലെ ഇസ്രയേലി ഏംബസിയുടെ വാഹനമായിരുന്നു ലക്ഷ്യമിട്ടത്. ഇറാനിയൻ ഏജൻസികളുടെ പങ്കിനെ കുറിച്ച് സൂചനകളും ലഭിച്ചിരുന്നു. വെള്ളിയാഴ്ചത്തെ സംഭവത്തിലും ഒരുഇറാനിയൻ ബന്ധം തെളിഞ്ഞുവരുന്നു. ചില ഇറാൻകാരുടെ രക്തസാക്ഷിത്വത്തിന് പകവീട്ടുമെന്ന് പ്രതിജ്ഞ ചെയ്യുന്ന സംശയാസ്പദമായ കത്ത് സംഭവ സ്ഥലത്ത് നിന്ന് കിട്ടി.
അന്വേഷണത്തിന്റെ ഭാഗമായി ഡൽഹി പൊലീസിന്റെ സ്പെഷ്യൽ സെൽ ടീം സ്ഫോടന സ്ഥലം സന്ദർശിച്ചു.തീവ്രത കുറഞ്ഞ സ്ഫോടനത്തിന് ഉപയോഗിച്ച രാസവസ്തുക്കൾ ഏതൊക്കെയെന്ന് ഫോറൻസിക് പരിശോധനാ ഫലം വരുമ്പോൾ വ്യക്തമാകും. സംഭവസ്ഥലത്ത് നിന്ന് കിട്ടിയ ബോൾ ബെയറിങ്ങുകൾ ചിതറിക്കിടക്കുകയായിരുന്നു. സ്ഫോടനത്തിന്റെ ആഘാതം 20-25 മീറ്റർ വരെ അനുഭവപ്പെട്ടു.
സ്ഥലത്ത് നിന്ന് കിട്ടിയ കത്തിലേക്ക് മടങ്ങിയാൽ, രണ്ട് ഇറാൻ ാരുടെ രക്തസാക്ഷിത്വത്തെ കുറിച്ച് സൂചനയുണ്ട്. 2020 ജനുവരിയിൽ യുഎസിന്റെ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് കോർപ്സിലെ സൈനിക ഉദ്യോഗസ്ഥനായ ഖ്വാസെം സൊലൈമാനി, നവംബറിൽ കൊല്ലപ്പട്ട ഇറാനിയൻ ആണവ ശാസ്ത്രജ്ഞൻ മൊഹ്സീൻ ഫക്രിസാദെ എന്നിവരുടെ പേരുകളാണ് സൂചിപ്പിക്കുന്നത്. ' ഇതൊരു ട്രെയിലറാണ്.....ഞങ്ങൾക്ക് നിങ്ങളുടെ ജീവിതം അവസാനിപ്പിക്കാം...എവിടെയും ..ഏതുസമയത്തും..ഇറാനിയൻ രക്തസാക്ഷി- കത്തിൽ പറയുന്നു.
സിസി ടിവി ദൃശ്യങ്ങളിൽ കണ്ടത്
ഏംബസിക്കടുത്ത് ഒരുക്യാബിൽ രണ്ടുപേർ വന്നിറങ്ങുന്നത് കാണാം. എന്നാൽ, ഇവർക്ക് സ്ഫോടനവുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്ന് വ്യക്തമല്ല, ഡൽഹി പൊലീസ് അറിയിച്ചു. ക്യാബ് ഡ്രൈവറുമായി ബന്ധപ്പെട്ട് വിവരങ്ങൾ തേടി. ഇതനുസരിച്ച് രണ്ടുപേരുടെയും രേഖാചിത്രം തയ്യാറാക്കി. സംഭവ സമയത്ത് പ്രദേശത്തെ സിസിടിവി ക്യാമറകളിൽ ഭൂരിഭാഗവും പ്രവർത്തന രഹിതമായിരുന്നതും തിരിച്ചടിയായി. വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് ഇസ്രയേൽ എംബസിക്ക് സമീപത്തെ എ.പി.ജെ. അബ്ദുൾ കലാം റോഡിലായിരുന്നു സ്ഫോടനം. സ്ഫോടനത്തിൽ റോഡരികിൽ നിർത്തിയിട്ടിരുന്ന മൂന്ന് കാറുകളുടെ ചില്ലുകൾ തകർന്നു. സ്പെഷ്യൽ സെൽ ഉദ്യോഗസ്ഥർ പ്രദേശം പരിശോധിച്ചിരുന്നു. പ്ലാസ്റ്റിക് കടലാസിൽ പൊതിഞ്ഞനിലയിലായിരുന്നു സ്ഫോടകവസ്തു. സ്ഫോടനത്തിനായി അമോണിയം നൈട്രേറ്റ് ഉപയോഗിച്ചതായാണ് കരുതുന്നതെന്ന് ഭീകരവാദ വിരുദ്ധ സ്ക്വാഡ് ഉദ്യോഗസ്ഥൻ ഒരു ദേശീയമാധ്യമത്തോട് പറഞ്ഞു
സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ജയ്ഷെ ഉൽ ഹിന്ദ് എന്ന സംഘടന ഏറ്റെടുത്തിരുന്നു. തുടക്കം മാത്രമാണിതെന്നും കൂടുതൽ സ്ഥലങ്ങളിൽ സ്ഫോടനം ഉണ്ടാകുമെന്നും സന്ദേശത്തിൽ മുന്നറിയിപ്പ് നല്കുന്നുണ്ട്. ജയ്ഷെ ഉൽ ഹിന്ദിന്റെ അവകാശവാദം പരിശോധിക്കുമെന്ന് എൻഐഎയും വ്യക്തമാക്കി.
സ്ഫോടക വസ്തുക്കളുടെ സ്വഭാവം എൻഎസ്ജി പരിശോധിക്കുന്നു
ഇന്ത്യയിലും പുറത്തും സംഭവിക്കുന്ന തീവ്രവാദി സ്ഫോടനങ്ങളുടെ വിവരങ്ങൾ ദേശീയ സുരക്ഷാ ഗാർഡുകൾ ശേഖരിക്കാറുണ്ട്. ഇസ്രയേലി ഏംബസി സംഭവവും എൻഎസ്ജി പരിശോധിത്തുവരുന്നു.
ഇസ്രയേൽ അംബാസഡർ പറയുന്നത്
2012 ൽ ഇസ്രയേലി നയതന്ത്രപ്രതിനിധികൾക്ക് നേരേയുണ്ടായ ആക്രമണവുമായി ബന്ധമുണ്ടാകാമെന്ന് ഇന്ത്യയിലെ ഇസ്രയേലി അംസാഡർ റോൺ മൽക പറഞ്ഞു. ഭാഗ്യവശാൽ ആർക്കും അപായമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇറാൻകാരുടെ വിവരങ്ങൾ തേടുന്നു
ഫോറിനർ റീജണൽ രജിസ്ട്രേഷൻ ഓഫീസ് വഴി ഡൽഹിയിൽ എത്തിയ എല്ലാ ഇറാൻകാരുടെയും വിവരങ്ങൾ ഡൽഹി പൊലീസ് തേടി. ഒരുമാസത്തെ വിവരങ്ങളാണ് തേടിയത്. ഹോട്ടലുകളിൽ തങ്ങിയവരുടെ വിശദാംശങ്ങൾ ഇതിനകം കിട്ടിക്കഴിഞ്ഞു.
ഇസ്രയേൽ അന്വേഷണ സംഘത്തെ അയയ്ക്കുന്നു
ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് കോർപ്സാണ് ആക്രമണത്തിന് പിന്നിലെന്നാണ് ഇസ്രയേൽ പ്രതിരോധ വിദഗ്ദ്ധർ സംശയിക്കുന്നത്. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ ഡൽഹിയിലേക്ക് അയയ്ക്കും. ഇസ്രയേലി നയതന്ത്രപ്രതിനിധികൾക്ക് പൂർണ സംരക്ഷണം നൽകുമെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ ഇസ്രയേൽ വിദേശകാര്യമന്ത്രി ഗാബി അഷ്കെനാസിക്ക് ഉറപ്പ് നൽകിയിട്ടുണ്ട്.
സംഭവത്തിൽ ഇസ്രയേൽ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദിന്റെ സഹായവും ഇന്ത്യ തേടിയിട്ടുണ്ട്. ഇന്ത്യയിൽ താമസിക്കുന്ന ഇസ്രയേലികളേയും യഹൂദന്മാരെയും ഇന്ത്യൻ ഭരണകൂടം സംരക്ഷിക്കുമെന്ന് തനിക്ക് പരിപൂർണ്ണ വിശ്വാസമുണ്ടെന്നായിരുന്നു പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ പ്രതികരണം. സ്ഫോടനത്തെക്കുറിച്ച് സർക്കാർ അധികൃതർ സമഗ്രമായ അന്വേഷണം നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായും നെതന്യാഹു പറഞ്ഞു.
വെള്ളിയാഴ്ച വൈകിട്ട് അഞ്ചിനാണ് ഡൽഹി ഇസ്രയേൽ എംബസിക്ക് സമീപം സ്ഫോടനമുണ്ടായത്. സ്ഫോടനത്തിനുശേഷം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ഇസ്രയേലിലെ സുരക്ഷാഉപദേഷ്ടാവ് മീർ ബെൻ ഷബാത്തുമായി ചർച്ച നടത്തിയിരുന്നു. അജിത് ഡോവൽ കാര്യങ്ങൾ വിശദീകരിച്ചശേഷം നെതന്യാഹു പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിട്ടുവിളിച്ച് തങ്ങൾക്ക് ഇന്ത്യയിലുള്ള വിശ്വാസം വ്യക്തമാക്കുകയായിരുന്നു. സ്ഫോടനവിഷയത്തിലെ അന്വേഷണത്തിലുള്ള പുരോഗതി യഥാസമയം തന്നെ ഇസ്രയേലിനെ അറിയിക്കുമെന്നും ഇരുരാജ്യങ്ങളും തമ്മിൽ ധാരണയായി.
എംബസി കെട്ടിടത്തിന് സമീപത്തെ നടപ്പാതയിലാണ് സ്ഫോടനമുണ്ടായത്. ആ സമയത്ത് സംഭവസ്ഥലത്തുകൂടി സഞ്ചരിക്കുകയായിരുന്ന അഞ്ച് കാറുകളുടെ ഗ്ലാസുകൾ സ്ഫോടനത്തിൽ തകർന്നു. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, സർക്കാരിന്റെ മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ താമസിക്കുന്ന വിജയ ചൗക്കിന് രണ്ട് കിലോമീറ്റർ ദൂരത്തായിരുന്നു സ്ഫോടനം. സ്ഫോടക വസ്തു ഉണ്ടായിരുന്നെന്ന് കരുതുന്ന പ്ലാസ്റ്റിക് ബാഗ് നടപ്പാതയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഇത് പൊട്ടിത്തെറിച്ചാണ് കാറുകൾക്ക് കേടുപാടുകൾ സംഭവിച്ചതെന്നാണ് പ്രാഥമിക വിവരം.
ഡൽഹിയിലെ ഇസ്രയേൽ എംബസിക്ക് സമീപമുണ്ടായ സ്ഫോടനത്തെതുടർന്ന് മുംബൈയിലും സുരക്ഷാ നടപടികൾ ശക്തമാക്കി. ഛത്രപതി ശിവജി റെയിൽവേ സ്റ്റേഷൻ, വിമാനത്താവളം, നഗരത്തിലെ പ്രധാനഭാഗങ്ങൾ എന്നിവിടങ്ങളിൽ സുരക്ഷ ശക്തമാക്കി. വിവിധയിടങ്ങളിൽ മുംബൈ പൊലീസ് പരിശോധന നടത്തി. ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചുവരികയാണെന്നും ഇസ്രയേലി, യഹൂദ കേന്ദ്രങ്ങളിൽ സുരക്ഷ വർദ്ധിപ്പിക്കുകയാണെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. 2008 ലെ ഭീകരാക്രമണത്തിൽ ആക്രമിക്കപ്പെട്ട കൊളാബയിലെ ചബാദ് ഹൗസ് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ സന്ദർശിച്ചു. സായുധ പൊലീസ് കമാൻഡോകൾക്കൊപ്പം ഡോഗ് സ്ക്വാഡ്, കവചിത വാഹനങ്ങളടക്കം സ്ഥലത്ത് വിന്യസിച്ചു.
മറുനാടന് മലയാളി ബ്യൂറോ