ന്യൂഡൽഹി: ഹമാസിന്റെ റോക്കറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട മലയാളിയായ സൗമ്യയുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേർന്ന് ഇന്ത്യയിലെ ഇസ്രയേൽ അംബാസഡർ റോൺ മൽക്ക. ഇസ്രയേൽ സർക്കാരിനെ പ്രതിനിധീകരിച്ച് സൗമ്യയുടെ കുടുംബവുമായി റോൺ മോൽക്ക സംസാരിച്ചു.

സൗമ്യയുടെ വേർപാടിൽ ഇസ്രയേൽ ആകെ ദുഃഖിക്കുന്നു. സൗമ്യയുടെ ഏക മകൻ അഡോണിനെ 2008ലെ ഭീകരാക്രമണത്തിൽ മാതാപിതാക്കൾ നഷ്ടപ്പെട്ട കുഞ്ഞു മോഷയോട് താരതമ്യപ്പെടുത്തിയ റോൺ മൽക്ക ഒമ്പതുവയസുകാരന് അമ്മയെ നഷ്ടപ്പെട്ടതിൽ ഇസ്രയേലിന്റെ ഹൃദയവും തേങ്ങുന്നുവെന്നും പറഞ്ഞു.

സൗമ്യയും ഭർത്താവും സന്തോഷും കുഞ്ഞും കൂടി നിൽക്കുന്ന ചിത്രവും റോൺ ട്വീറ്റ് ചെയ്തു.

''അഡോൺ എന്ന കുഞ്ഞിനൊപ്പമാണ് എന്റെ മനസ്. ചെറുപ്രായത്തിൽ അവന് അമ്മയെ നഷ്ടമായിരിക്കുന്നു. ഇനി അമ്മയുടെ സാന്നിധ്യമില്ലാതെ അവൻ വളരണം. ഈ പൈശാചികമായ ആക്രമണം 2008ലെ മുംബൈ ഭീകരാക്രമണത്തിൽ മാതാപിതാക്കൾ നഷ്ടപ്പെട്ട കുഞ്ഞു മോഷയെയാണ് ഓർമിപ്പിക്കുന്നത്. ദൈവം അവർക്ക് കരുത്തും ധൈര്യവും നൽകട്ടെ.'' റോൺ ട്വീറ്റ് ചെയ്തു.

ചൊവ്വാഴ്ച ഗസ്സയിൽനിന്നുള്ള റോക്കറ്റാക്രമണത്തിൽ ഇസ്രയേലി പട്ടണമായ അഷ്‌കെലോണിലാണ് ഇടുക്കി കീരിത്തോട് കാഞ്ഞിരന്താനം സന്തോഷിന്റെ ഭാര്യ സൗമ്യ (32) കൊല്ലപ്പെട്ടത്. സൗമ്യ വൈകിട്ട് 5.30നു കീരിത്തോട്ടിലുള്ള ഭർത്താവുമായി ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കുമ്പോഴാണു റോക്കറ്റ് താമസസ്ഥലത്ത് പതിച്ചത്.



ഇവിടെത്തന്നെയുള്ള ബന്ധുവാണു പിന്നാലെ മരണവിവരം വിളിച്ചറിയിച്ചത്. കഞ്ഞിക്കുഴി പഞ്ചായത്ത് മുൻ അംഗങ്ങളായ സതീശന്റെയും സാവിത്രിയുടെയും മകളാണു സൗമ്യ. 7 വർഷമായി ഇസ്രയേലിലാണ്. 2 വർഷം മുൻപാണ് ഏറ്റവുമൊടുവിൽ നാട്ടിൽ വന്നത്. ഏക മകൻ: അഡോൺ.