- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓമിക്രോൺ മരണം: ബൂസ്റ്ററിന് പിന്നാലെ നാലാമതും വാക്സിൻ നൽകാൻ ഇസ്രയേൽ; ആരോഗ്യ പ്രവർത്തകർക്കും 60 വയസ്സ് പിന്നിട്ടവർക്കും മുൻഗണന; പരിശോധന വർധിപ്പിക്കാൻ യുഎസ്; രോഗവ്യാപനത്തിൽ ആശങ്ക
ജറുസലേം: ഇസ്രയേലിൽ ആദ്യത്തെ ഓമിക്രോൺ മരണം സ്ഥിരീകരിച്ചതോടെ നാലാം ഡോസ് പ്രതിരോധ കുത്തിവെപ്പ് നൽകുന്നതിനുള്ള പ്രവർത്തനങ്ങൾ വേഗത്തിലാക്കി രാജ്യം.ഓമിക്രോൺ വ്യാപന ഭീഷണി രൂക്ഷമായതോടെ കോവിഡ്-19 പ്രതിരോധ വാക്‌സിന്റെ നാലാമത്തെ ഡോസ് നൽകുന്ന ആദ്യ രാജ്യമാകാനുള്ള തയ്യാറെടുപ്പാലാണ് ഇസ്രയേൽ. വാക്‌സിന്റെ നാലാം ഡോസ് നൽകാനുള്ള നീക്കത്തെ സ്വാഗതം ചെയ്യുന്നതായി പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് വ്യക്തമാക്കി. നാലാം ഡോസ് നൽകാനുള്ള ഒരുക്കങ്ങളുമായി മുന്നോട്ട് പോകാനുള്ള നിർദ്ദേശം അദ്ദേഹം നൽകി.
നേരത്തെ ബ്രിട്ടണിലും അമേരിക്കയും ഓമിക്രോൺ മരണങ്ങൾ സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇസ്രയേലിലും ഓമിക്രോൺ ബാധിച്ച് ഒരാൾ മരിച്ചത്. ഇസ്രയേലിലെ ബിർഷെവയിലെ സൊറൊക ആശുപത്രിയിൽ വച്ചാണ് 60 കാരൻ മരിച്ചത്. രണ്ടാഴ്ചയായി ഇയാൾ രോഗബാധയെ തുടർന്ന് ചികിത്സയിലായിരുന്നുവെന്നാണ് റിപ്പോർട്ട്.
ഇസ്രയേലിൽ 60 വയസ്സിന് മുകളിലുള്ളവർക്കും ആരോഗ്യപ്രവർത്തകർക്കും, രോഗപ്രതിരോധ ശേഷി കുറഞ്ഞവർക്കും നാലാം ഡോസ് പ്രതിരോധ കുത്തിവെപ്പ് നൽകുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടന്നു വരികയാണ് എന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ആദ്യമായി വാക്‌സിനേഷൻ പൂർത്തീകരിച്ച രാജ്യമാണ് ഇസ്രയേൽ. ഇതിന് പിന്നാലെ ജനങ്ങൾക്ക് ബൂസ്റ്റർ ഡോസും നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ നാലാം ഡോസ് വാക്‌സിന് വേണ്ടിയുള്ള പ്രവർത്തനങ്ങളുമായി രാജ്യം മുന്നോട്ട് പോകുന്നത്.
ഓമിക്രോൺ ഭീഷണി കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് നാലാം ഡോസ് നൽകാനുള്ള തീരുമാനത്തിലേക്ക് സർക്കാർ എത്തിയത്. രാജ്യത്ത് ഇതുവരെ 340 പേർക്ക് ഓമിക്രോൺ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
നാലാമത്തെ ഡോസ് നൽകാനുള്ള തീരുമാനം ഓമിക്രോൺ ഭീഷണിയിൽ നിന്ന് ഞങ്ങളെ സഹായിക്കുമെന്ന് പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് പറഞ്ഞു. ഈ അവസരം വൈകാതെ എല്ലാവരും ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. നവംബർ മുതൽ അഞ്ച് വയസ് മുതൽ പ്രായമുള്ള കുട്ടികൾക്ക് വാക്‌സിൻ നൽകാനുള്ള തീരുമാനമുണ്ടായിരുന്നു. അടുത്ത രണ്ടാഴ്ചക്കുള്ളിൽ യോഗ്യരായ എല്ലാ കുട്ടികൾക്കും വാക്സിൻ നൽകണമെന്ന നിർദ്ദേശം പ്രധാനമന്ത്രി നൽകി.
അതേസമയം ഓമിക്രോൺ വർധിച്ചു വരുന്ന സാഹചര്യത്തിൽ രോഗം കണ്ടെത്താൻ വേണ്ടി അമേരിക്കയിൽ കൂടുതൽ പരിശോധനകൾ നടത്തുമെന്ന് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. സർക്കാർ 500 മില്യൺ സൗജന്യ റാപ്പിഡ് ടെസ്റ്റ് നടത്തുമെന്നാണ് ജോ ബൈഡൻ വ്യക്തമാക്കിയത്.
We're purchasing 500 million at-home rapid COVID tests that will be distributed for free to Americans who want them. pic.twitter.com/m9rgb9kjmP
- President Biden (@POTUS) December 22, 2021
ഓമിക്രോൺ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ, കൂടുതൽ നിയന്ത്രണം വേണോ എന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ നിലവിലുള്ള സാഹചര്യം നിരീക്ഷിച്ചു വരികയാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു. 90,629 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതിന് പിന്നാലെയായിരുന്നു ബോറിസ് ജോൺസൺ ഇക്കാര്യം വ്യക്തമാക്കിയത്.
കൊറോണ വൈറസിന്റെ ഡെൽറ്റ വകഭേദത്തെ അപേക്ഷിച്ച് ഓമിക്രോണിന് രോഗവ്യാപനതോത് മൂന്നിരട്ടി കൂടുതലെന്നാണ് കേന്ദ്ര സർക്കാർ അറിയിച്ചത്. രാജ്യത്ത് പ്രതിരോധ നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായി വാർ റൂമുകൾ തയ്യാറാക്കാൻ കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. അപകടകരമായ നിലയിലേക്ക് കാര്യങ്ങൾ നീങ്ങിയേക്കാമെന്ന ദീർഘവീക്ഷണത്തോടെ തയ്യാറെടുപ്പുകൾ നടത്താനാണ് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൻ അയച്ച കത്തിൽ വ്യക്തമാക്കുന്നത്.
ന്യൂസ് ഡെസ്ക്