- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദ്യ ഡോസ് പൂർത്തിയാക്കാൻ ലോകം നെട്ടോട്ടമോടുമ്പോൾ നാലാമത്തെ ഡോസിനുള്ള തുടക്കവുമായി ഇസ്രയേൽ; ബൂസ്റ്റർ ഡോസിനു ശേഷം വകഭേദങ്ങൾക്കായി നാലാമതൊരു ഡോസ് കൂടി റെഡിയെന്ന് ഇസ്രയേലിന്റെ പ്രഖ്യാപനം
ടെൽ അവീവ്: ഭാവിയിൽ ഒരു പക്ഷെ ഈ കോവിഡ് വാക്സിനേഷൻ എന്നത് ഒരു നിരന്തര പ്രക്രിയയായി മാറിയേക്കാം എന്നുള്ള സൂചനയുമായി ഇസ്രയേൽ മുന്നോട്ടു വന്നിരിക്കുകയാണ്. ഇപ്പോൾ, തങ്ങളുടെ പൗരന്മാർക്ക് വാക്സിന്റെ നാലാം ഡോസ് കൊടുക്കുവാനുള്ള തയ്യാറെടുപ്പിലാണ് ഇസ്രയേൽ. ബൂസ്റ്റർ ഡോസിനു ശേഷം, പുതിയ വകഭേദങ്ങളെ നേരിടാൻ ഉതകുന്ന തരത്തിൽ മാറ്റങ്ങൾ വരുത്തിയ വാക്സിനായിരിക്കും നാലാം ഡോസായി നൽകുക എന്നാണ് നാഷണൽ കൊറോണ വൈറസ് കമ്മിറ്റി തലവൻ സല്മാൻ സാർക്ക പറയുന്നത്.
രോഗവ്യാപനം തടയാനായാൽ പോലും വൈറസ് ഇവിടം വിട്ടുപോകുന്നില്ല. അതുകൊണ്ട് തുടർന്നും രോഗവ്യാപനം തടയുവാൻ നാലാം ഡോസും തയ്യാറായിരിക്കണം എന്നാണ് അദ്ദേഹം പറഞ്ഞത്. ഇനിയുള്ള മനുഷ്യജീവിതം കൊറോണ തരംഗത്തിൽ ആടിയുലഞ്ഞുള്ള ഒന്നായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പുതിയ വകഭേങ്ങളെ തടയുവാൻ കൂടുതൽ വാക്സിനുകൾ സ്വീകരിക്കാനായി ഇസ്രയേൽ ജനത തയ്യാറായി ഇരിക്കണമെന്ന് കഴിഞ്ഞമാസം തന്നെ അദ്ദേഹം പ്രസ്താവിച്ചിരുന്നു.
ഇനിയും ഒരു തരംഗത്തിൽ ഒതുങ്ങുന്നതല്ല കൊറോണയുടെ പ്രഭാവം. ഇനിയും അനേകം തരംഗങ്ങളായി അത് ആഞ്ഞടിച്ചേക്കും. കരുതൽ വേണ്ടത് മനുഷ്യർക്കാണ്. വാക്സിൻ ഒരു നിശ്ചിത കാലയളവിന് ശേഷം ദുർബലമാകുന്നതായി കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ടു തന്നെ അതിന്റെ ശക്തി വീണ്ടെടുക്കാൻ വീണ്ടും വാക്സിൻ നൽകണം. അതായത് വർഷത്തിൽ ഒരിക്കലോ അല്ലെങ്കിൽ ആറുമാസത്തിൽ ഒരിക്കലോ കോവിഡ് വാക്സിൻ എടുത്തുകൊണ്ടിരിക്കണം എന്നും അദ്ദേഹം പറയുന്നു. 2021 അവസാനത്തോടെ തന്നെ അല്ലെങ്കിൽ 2022 ആരംഭത്തോടെ പുതിയ വകഭേദങ്ങളെ തടയുവാനുള്ള വാക്സിൻ നൽകിത്തുടങ്ങാൻ ഇസ്രയേലിന് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ വാക്സിൻ എടുത്തതിനു ശേഷവും കോവിഡ് ബാധിക്കുന്നുണ്ടെങ്കിലും വാക്സിൻ പ്രഭാവത്തിന് മരണനിരക്ക് ഏകദേശം പകുതിയോളമായി കുറയ്ക്കാൻ ആയിട്ടുണ്ട്. അതുകൊണ്ടുതന്നെ കോവിഡ് വാക്സിനേഷൻ ഇനിയുള്ള കാലത്ത് മനുഷ്യ ജീവിതത്തിന്റെ ഭാഗമായി മാറുകയാണ്. ഇടയ്ക്കിടെ വാക്സിൻ എടുത്ത് മുന്നോട്ടുപോകുന്ന ഒരു വിഭാഗമായി മാറും മനുഷ്യകുലം.
മറുനാടന് ഡെസ്ക്