ടെൽ അവീവ്: സെൻട്രൽ ഇസ്രയേലിലെ എയ്ൻ കീരം ഹോസ്പിറ്റലിൽ വച്ച് യഹൂദ നഴ്സ് ഫലസ്തീൻ ഒമ്പത് മാസം മാത്രമുള്ള ബാലന് മുലകൊടുത്ത സംഭവം ലോകമാകമാനം ശ്രദ്ധേയമാകുന്നു. ഈ കുട്ടിയുടെ അച്ഛൻ കാറപകടത്തിൽ മരിക്കുകയും അമ്മ കാറപകടത്തിൽ പരുക്കേറ്റ് ആശുപത്രിയിലാവുകയുമായിരുന്നു.

അമ്മയ്ക്കൊപ്പം ആശുപത്രിയിലെത്തിയ ബാലന് കുപ്പിപ്പാൽ കൊടുക്കാൻ പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും അവൻ കുടിക്കാത്തതിനെ തുടർന്നായിരുന്നു നഴ്സായ ഉല ഓസ്ട്രോവ്സ്‌കി-സാക് സ്വയം മുല കൊടുക്കാൻ തയ്യാറായത്. യാമൻ അബു രാമില എന്ന പിഞ്ചു കുഞ്ഞിനെയായിരുന്നു കുപ്പിപ്പാല് കുടിപ്പിക്കാൻ ഈ നഴ്സ് ഏഴ് മണിക്കൂറോളം കിണഞ്ഞ് പരിശ്രമിക്കുകയും പരാജയപ്പെടുകയും ചെയ്തത്.

യഹൂദ നഴ്സായ താൻ ഫലസ്തീൻ ബാലനെ മുലയൂട്ടാൻ തയ്യാറായതിനെ തുടർന്ന് അവന്റെ ആന്റിമാർ ആദ്യം വിശ്വസിച്ചില്ലെന്ന് ഈ നഴ്സ് വെളിപ്പെടുത്തുന്നു. എന്നാൽ ഏത് അമ്മയും ഇതിന് തയ്യാറാകുമെന്ന് പറഞ്ഞ് നഴ്സ് കുട്ടിക്ക് മുല കൊടുക്കുകയായിരുന്നു. നഴ്സ് അഞ്ച് മിനുറ്റോളം കുട്ടിക്ക് മുലയൂട്ടിയതിനെ തുടർന്ന് അവന്റെ ആന്റിമാർ നഴ്സിന് നന്ദി രേഖപ്പെടുത്തുകയും കെട്ടിപ്പിടിക്കുകയും ചെയ്തിരുന്നു. ഈ കുട്ടിക്ക് പാലു കൊടുത്ത് സഹായിക്കാനായി പുതിയ അമ്മമാർ മുന്നോട്ട് വരണമെന്ന് നഴ്സ് ഓസ്ട്രോവ്സ്‌കി-സാക് ഓൺലൈനിലൂടെ അഭ്യർത്ഥിച്ചതിനെ തുടർന്ന് ആയിരക്കണക്കിന് യുവതികളാണ് ഇതിന് സന്നദ്ധത പ്രകടിപ്പിച്ചത്.

കുട്ടിക്ക് പാല് കൊടുക്കാൻ നോർത്തേൺ ഇസ്രയേലിലെ ഹൈഫ വരെ സഞ്ചരിച്ചെത്താൻ വരെ നിരവധി പേർ തയ്യാറായിട്ടുണ്ട്. ഇതിനിടെ നഴ്സ് വീണ്ടും കുട്ടിക്ക് കുപ്പിപ്പാൽ കൊടുക്കാൻ ശ്രമിച്ചിരുന്നുവെങ്കിലും വിജയിച്ചിട്ടില്ല. കുട്ടിയുടെ അമ്മ ഇപ്പോഴും ഗുരുതരാവസ്ഥയിൽ തുടരുകയാണ്. ഡിസ്ചാർജ് ചെയ്തതിന് ശേഷം കുട്ടിയെ തങ്ങൾ പരിപാലിക്കുമെന്നാണ് ആന്റിമാർ പറയുന്നത്.