ഗ്ലാസ്ഗോ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തന്റെ പാർട്ടിയിൽ ചേരാൻ ക്ഷണിച്ച് ഇസ്രയേൽ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ്. ഗ്ലാസ്ഗോയിൽ നടക്കുന്ന ലോക കാലവസ്ഥാ ഉച്ചകോടിയുടെ ഭാഗമായി ഇരുനേതാക്കളും നടത്തിയ ഉഭയകക്ഷി ചർച്ചയ്ക്കിടെയാണ് ഹൃദ്യമായ ക്ഷണം.

ഇസ്രയേലി മാധ്യമങ്ങൾ പങ്കുവെച്ച വീഡിയോയിൽ ഇസ്രയേലി പ്രധാനമന്ത്രി മോദിയോട് പറയുന്നത് കേൾക്കാം.' നിങ്ങൾ ഇസ്രയേലിലെ ഏറ്റവും ജനപ്രിയനായ വ്യക്തിയാണ്. വരൂ, എന്റെ പാർട്ടിയിൽ ചേരൂ'. പൊട്ടിച്ചിരിച്ചുകൊണ്ടാണ് ഇസ്രയേൽ പ്രധാനമന്ത്രിയുടെ ക്ഷണത്തോട് പ്രധാനമന്ത്രി മോദി മറുപടി നൽകിയത്.

 

മിനുട്ടുകൾ നീണ്ട കൂടിക്കാഴ്ചയിലെ ഒരു സൗഹൃദ രംഗം ഇപ്പോൾ സോഷ്യൽ മീഡിയയിൽ അടക്കം വൈറലാകുകയാണ്.

'നിങ്ങൾ ഇസ്രയേലിൽ വളരെ പ്രശസ്തനാണ്, വന്ന് എന്റെ പാർട്ടിയിൽ ചേരാമോ'- എന്ന് പ്രധാനമന്ത്രി മോദിയോട് ഇസ്രയേൽ പ്രധാനമന്ത്രി ചോദിക്കുന്ന വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. സ്വതസിദ്ധമായ പൊട്ടിച്ചിരിയോടെയാണ് ഇസ്രയേൽ പ്രധാനമന്ത്രിയുടെ രസകരമായ പരാമർശം പ്രധാനമന്ത്രി മോദി കേൾക്കുന്നത് എന്നതും വീഡിയോയിൽ ദൃശ്യമാണ്.

'താങ്കളോട് നന്ദി പറയുന്നു, താങ്കളാണ് ഇന്ത്യ ഇസ്രയേൽ ബന്ധം വീണ്ടും നല്ല രീതിയിലാക്കിയത്. ഇന്ത്യ ഇസ്രയേൽ ബന്ധം വളരെ മനോഹരമായ രണ്ട് സംസ്‌കാരങ്ങളായ ഇന്ത്യൻ സംസ്‌കാരവും, യഹൂദ സംസ്‌കാരവും തമ്മിലുള്ള ഹൃദയകൊണ്ടുള്ള ബന്ധമാണ്'- ഇസ്രയേൽ പ്രധാനമന്ത്രി പ്രധാനമന്ത്രി മോദിയോട് പറഞ്ഞു.

'ഇത് താൽപ്പര്യങ്ങൾക്ക് പുറത്തുള്ളതല്ല. താങ്കളുടെ ഇസ്രയേലുമായുള്ള ബന്ധത്തിലെ ദൃഢാവിശ്വാസവും, കരുതലും ഞങ്ങളുടെ രാജ്യത്തിന് മനസിലാകും. അതിനാൽ തന്നെ ഇപ്പോൾ ആരംഭിച്ച ഈ പുതിയ ബന്ധത്തിന് എല്ലാ നന്ദിയും ഉണ്ട്'- ഇസ്രയേൽ പ്രധാനമന്ത്രി തുടർന്നു. പ്രധാനമന്ത്രി മോദിക്കും ഇന്ത്യക്കാർക്കും ദീപാവലി ആശംസകളും ഇസ്രയേൽ പ്രധാനമന്ത്രി നേർന്നു.

ഇസ്രയേലുമായുള്ള ബന്ധത്തിൽ ഇന്ത്യ ഏറെ മൂല്യം നൽകുന്നുണ്ടെന്ന് പ്രധാനമന്ത്രി മോദിയും ഘ്രസ്വമായ കൂടിക്കാഴ്ചയ്ക്കിടയിൽ ഇസ്രയേൽ പ്രധാനമന്ത്രി നഫ്താലി ബെനറ്റിനോട് സൂചിപ്പിച്ചു.

ഗ്ലാസ്‌കോയിലെ ഇന്ത്യ ഇസ്രയേൽ പ്രധാനമന്ത്രിമാരുടെ കൂടിക്കാഴ്ച ഇരു രാജ്യങ്ങളുടെയും ബന്ധം ദൃഢമാകുന്നു എന്ന സൂചനയാണ് നൽകുന്നത്. ഇസ്രയേലിലെ ഭരണമാറ്റം ഇന്ത്യയുമായുള്ള ബന്ധത്തിൽ യാതൊരു ഉലച്ചിലും തട്ടിയിട്ടില്ലെന്ന് വ്യക്തമായെന്ന് നയതന്ത്ര നിരീക്ഷകർ പറയുന്നു. കഴിഞ്ഞ മാസം വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഇസ്രയേലിൽ സന്ദർശനം നടത്തിയിരുന്നു.

അതേ സമയം ഇസ്രയേൽ പ്രധാനമന്ത്രി അടുത്ത വർഷം ഇന്ത്യ സന്ദർശിക്കാനുള്ള സാധ്യതയും ഉണ്ടെന്നാണ് ചില ഏജൻസി റിപ്പോർട്ടുകൾ പറയുന്നത്.

ബെഞ്ചമിൻ നെതന്യാഹു സ്ഥാനം ഒഴിഞ്ഞ് നെഫ്താലി ബെന്നറ്റ് ഇസ്രയേൽ പ്രധാനമന്ത്രി ആയ ശേഷം മോദിയുടെ ആദ്യ ഔദ്യോഗിക കൂടിക്കാഴ്ചയാണിത്. ഹൈ-ടെക്നോളജി, നവീകരണം മേഖലകളിൽ സഹകരണം വിപുലീകരിക്കുന്നത് സംബന്ധിച്ച് മോദിയും ഇസ്രയേൽ പ്രധാനമന്ത്രിയും ചർച്ച നടത്തിയതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള ബന്ധം പുനഃസ്ഥാപിച്ചതിൽ നെഫ്താലി ബെന്നറ്റ് പ്രധാനമന്ത്രി മോദിക്ക് നന്ദി അറിയിച്ചതായും മന്ത്രാലയം കൂട്ടിച്ചേർത്തു.

2014-ൽ നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വന്നതോടെയാണ് ഇസ്രയേൽ ബന്ധം തന്ത്രപരമായ സഖ്യത്തിലേക്ക് വളർന്നത്. രാഷ്ട്രപതി പ്രണബ്മുഖർജി, ആഭ്യന്തരമന്ത്രി രാജ്നാഥ്സിങ്, വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് എന്നിവർ ഇസ്രയേൽ സന്ദർശിച്ചതോടെ ബന്ധം കൂടുതൽ ദൃഢമായി. ഇക്കാലയളവിൽ ഇസ്രയേലിന്റെ മനുഷ്യാവകാശലംഘനങ്ങളെ അപലപിക്കുന്ന ആറ് യു.എൻ. പ്രമേയങ്ങളുടെ വോട്ടെടുപ്പിൽനിന്ന് ഇന്ത്യ വിട്ടുനിന്നു.

തന്ത്രപരമായ സഹകരണത്തിന്റെ പശ്ചാത്തലത്തിൽ ഇസ്രയേലിന് പരോക്ഷപിന്തുണ നൽകുന്ന നടപടിയായിരുന്നു അത്. ഇതിന്റെ തുടർച്ചയായാണ് ഇന്ത്യൻ പ്രധാനമന്ത്രി 2017 ജൂലൈയിൽ ഇസ്രയേൽ സന്ദർശിച്ചത്. 'കഴിഞ്ഞ 70 വർഷമായി ഇന്ത്യൻ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനായി ഞങ്ങൾ കാത്തിരിക്കുകയായിരുന്നു' എന്നാണ് അന്ന് ബെഞ്ചമിൻ നെതന്യാഹു പറഞ്ഞത്. ഇസ്രയേൽ സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്നു മോദി. 2006-ൽ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കേ മോദി ഇസ്രയേൽ സന്ദർശിച്ചിരുന്നു.

'സ്വാഗതം സുഹൃത്തേ' എന്ന് ഹിന്ദിയിൽ പറഞ്ഞുകൊണ്ടാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അന്ന് മോദിയെ സ്വാഗതംചെയ്തത്. പ്രധാനമന്ത്രി വിമാനത്താവളത്തിൽ നേരിട്ടെത്തി മോദിയെ സ്വീകരിച്ചതിൽനിന്ന് ഈ സന്ദർശനത്തിന് ഇസ്രയേൽ നൽകുന്ന പ്രാധാന്യം വ്യക്തമാണ്. ഇതിനുമുമ്പ് അമേരിക്കൻ പ്രസിഡന്റിനും മാർപാപ്പയ്ക്കും മാത്രമാണ് ഇത്തരമൊരു ആദരം ലഭിച്ചത്. ഈ സന്ദർശനം ചരിത്രംകുറിക്കുന്നതാണെന്നും മോദി ഇന്ത്യയുടെ മഹാനായ നേതാവും ലോകനേതാവും ആണെന്നും ഇസ്രയേൽ പ്രധാനമന്ത്രി പ്രകീർത്തിച്ചിരുന്നു.

ഇന്ത്യ-ഇസ്രയേൽ-അമേരിക്ക സഖ്യം ഭീകരവിരുദ്ധയുദ്ധത്തിൽ 1998 മുതൽ സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്. അമേരിക്ക സന്ദർശനം പൂർത്തിയാക്കി മോദി ഇസ്രയേലിലേക്ക് പറന്നത് പ്രതീകാത്മകമായിരുന്നു. ട്രംപിന്റെ ആദ്യ വിദേശസന്ദർശനം സൗദി അറേബ്യയിലേക്കായിരുന്നു. സുന്നി അറബ് രാജ്യങ്ങളും ഇസ്രയേലും ചേർന്ന ഐക്യനിര രൂപപ്പെടുത്താൻ ട്രംപിന്റെ പശ്ചിമേഷ്യൻ സന്ദർശനത്തിന് കഴിഞ്ഞു. ഈ കൂട്ടുകെട്ടിലേക്ക് ഇന്ത്യയും അണിനിരക്കുന്നു എന്ന സൂചനയാണ് അന്ന് മോദിയുടെ ഇസ്രയേൽ-അമേരിക്ക സന്ദർശനങ്ങളിലൂടെ ലഭിച്ചത്.

ശാസ്ത്രസാങ്കേതികവിദ്യ, കൃഷി, ജലവിനിയോഗം, സാംസ്‌കാരിക ബന്ധങ്ങൾ എന്നീ മേഖലകളിൽ വിപുലമായ ആദാനപ്രദാനങ്ങൾ ഇരുരാജ്യങ്ങൾക്കുമിടയിൽ നിലവിലുണ്ട്. 2016-ൽ 4.2 ബില്യൺ യു.എസ്. ഡോളറിന്റെ വ്യാപാരമാണ് ഇരുരാജ്യങ്ങൾക്കുമിടയിൽ ഉണ്ടായത്.

പക്ഷേ, തന്ത്രപരമായ സഹകരണവും ആയുധവ്യാപാരവും പ്രതിരോധരംഗത്തെ സംയുക്തസംരംഭങ്ങളുമാണ് ഇസ്രയേൽ ബന്ധത്തിന്റെ കേന്ദ്രസ്ഥാനത്ത് നിൽക്കുന്നത്. അതിർത്തികടന്ന ഭീകരാക്രമണങ്ങളെ ചെറുക്കാൻ ഇസ്രയേലിന്റെ പരിശീലനവും യുദ്ധതന്ത്രവും ഇന്ത്യ ഉപയോഗിക്കുന്നുണ്ട്. പാക്കിസ്ഥാനിൽ ഇന്ത്യ നടത്തിയ സർജിക്കൽ സ്ട്രൈക്ക് ഇസ്രയേൽ മാതൃകയിൽനിന്ന് കടംകൊണ്ടതാണെന്ന് ഹിമാചൽപ്രദേശിൽ നടത്തിയ ഒരു പ്രസംഗത്തിൽ മോദി സൂചിപ്പിക്കുകയുണ്ടായിരുന്നു.

ചൈന-പാക്കിസ്ഥാൻ അതിർത്തിമേഖലയിലെ യുദ്ധതന്ത്രത്തിലും പ്രതിരോധത്തിലും ഭീകരതയ്‌ക്കെതിരായ യുദ്ധത്തിലും ഇസ്രയേലിന്റെ തന്ത്രങ്ങൾ, യുദ്ധരീതി, സാങ്കേതികവിദ്യ, ആശയപ്രചാരണം എന്നിവ ഇന്ത്യ സ്വീകരിക്കുന്നു. ഇസ്രയേൽ ഏറ്റവുമധികം ആയുധങ്ങൾ കയറ്റി അയയ്ക്കുന്ന രാജ്യം ഇന്ത്യയാണ്. അമേരിക്ക കഴിഞ്ഞാൽ ഇന്ത്യയുടെ ആയുധ ഇറക്കുമതിയിൽ രണ്ടാം സ്ഥാനത്താണ് ഇസ്രയേൽ.

ഇസ്രയേലിലെ റാഫേൽ അഡ്വാൻസ്ഡ് ഡിഫൻസ് സിസ്റ്റവുമായി 500 മില്യൺ ഡോളറിന്റെ കരാറിലാണ് നാം ഒപ്പുവെച്ചിട്ടുള്ളത്. സ്പൈക്ക് ടാങ്ക്വേധ മിസൈലുകൾ, രാത്രിയുദ്ധത്തിനുള്ള സംവിധാനങ്ങൾ, സൈബർ യുദ്ധവും പ്രതിരോധവും, ചാരവൃത്തിക്കുള്ള ഉപകരണങ്ങൾ എന്നിവയെല്ലാം ഇസ്രയേലിൽനിന്ന് ഇറക്കുമതിചെയ്യുന്നുണ്ട്. ഭാരത് ഇലക്ട്രോണിക്‌സും ഇസ്രയേൽ എയ്റോ സ്‌പേസ് ഇൻഡസ്ട്രീസും സഹകരിച്ച് പ്രവർത്തിക്കുന്നു. ബാരക്ക് മിസൈലുകൾ, മിസൈൽവേധ സംവിധാനം എന്നിവ സംയുക്തമായി വികസിപ്പിക്കുന്ന പദ്ധതിയാണിത്.

'ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെയും പിന്നീട് അമേരിക്കയുടെയും പിന്തുണയോടെ അറബികളുടെ ഭൂമി കൈവശപ്പെടുത്തി സ്ഥാപിച്ച കോളനിരാഷ്ട്രം' എന്ന നിലയിലാണ് ഇസ്രയേലിനെ ഇന്ത്യ കണ്ടത്. തന്മൂലം ഇസ്രയേലിനെ രൂപമെടുത്ത് രണ്ടുവർഷത്തിനുശേഷം 1950 സെപ്റ്റംബർ 17-ൽ മാത്രമാണ് ഇന്ത്യ അവരെ അംഗീകരിച്ചത്.

ഇന്ത്യക്കും ഇസ്രയേലിനുമിടയിൽ പാക്കിസ്ഥാന്റെ നേതൃത്വത്തിൽ ഒരു 'ഇന്ത്യാവിരുദ്ധ ഇസ്ലാമിക ബ്ലോക്ക്' രൂപപ്പെടുമെന്ന ഭീതിയും ഇന്ത്യൻ മുസ്ലിംകളെ വൈകാരികമായി സ്വാധീനിക്കുന്ന പ്രശ്‌നം എന്ന പരിഗണനയും ഇസ്രയേലുമായി അകന്നുനിൽക്കാൻ കാരണമായി. എന്നാൽ, 1962-ലെ ചൈനാ ആക്രമണം ഇന്ത്യ-ഇസ്രയേൽ ബന്ധത്തിൽ ദിശാമാറ്റത്തിന് കാരണമായി. പശ്ചിമേഷ്യയിൽ ഇന്ത്യയുടെ ഏറ്റവുമടുത്ത സുഹൃത്തായ ഈജിപ്ത് അടക്കമുള്ള രാജ്യങ്ങൾ ചൈനയുടെ ഏകപക്ഷീയമായ ആക്രമണത്തിൽ സമദൂരനയം സ്വീകരിച്ചപ്പോൾ ആയുധങ്ങളും സാങ്കേതികവിദ്യയും നൽകി ഇസ്രയേൽ സഹായിച്ചു.

സയണിസത്തെ വംശീയതയായി പ്രഖ്യാപിച്ച 1975-ലെ യു.എൻ. പ്രമേയം 3379 പിൻവലിക്കാനുള്ള പ്രമേയത്തിന് 1991-ൽ ഇന്ത്യ അനുകൂലമായി വോട്ടുചെയ്തതോടെ ഇന്ത്യ-ഇസ്രയേൽ ബന്ധത്തിന് പുതിയ തുടക്കമായത്. ഇതിന്റെ തുടർച്ചയായി നരസിംഹറാവു പ്രധാനമന്ത്രിയായിരിക്കേ 1992 ജനുവരിയിൽ ഇന്ത്യ ഇസ്രയേലുമായി സമ്പൂർണ നയതന്ത്രബന്ധങ്ങൾ സ്ഥാപിച്ചിരുന്നു. നരേന്ദ്ര മോദി സർക്കാർ അധികാരത്തിലെത്തിയതോടെ ബന്ധം കൂടുതൽ ദൃഢമാക്കാൻ സാധിച്ചു.

ഇന്ത്യ-ഇസ്രയേൽ ബന്ധത്തിൽ ആകാശമാണ് അതിര് എന്ന് മോദി പറയുകയുണ്ടായി. ഇതു സൂചിപ്പിച്ചുകൊണ്ട് 'ഇന്ത്യ-ഇസ്രയേൽ ബന്ധം ആകാശത്തിന്റ അതിരും കടന്നെന്ന്' നെതന്യാഹു പ്രഖ്യാപിച്ചു. ഇന്ത്യ-ഇസ്രയേൽ സംയുക്ത ബഹിരാകാശ പദ്ധതികളെ ഉദ്ദേശിച്ചാണ് 'അതിരുകടന്ന' പ്രയോഗം അദ്ദേഹം നടത്തിയത്.

ഇന്ത്യയും യഹൂദരും തമ്മിൽ സഹസ്രാബ്ദങ്ങളുടെ ഊഷ്മളമായ ബന്ധങ്ങളാണുള്ളത്. സോളമൻ രാജാവിന്റെ കാലംമുതൽ ഇന്ത്യയും യഹൂദരും തമ്മിൽ വ്യാപാരബന്ധങ്ങളുണ്ട്. ജറുസലേം ദേവാലയനിർമ്മിതിക്ക് ഉപയോഗിച്ച തേക്ക് മലബാറിൽനിന്ന് കൊണ്ടുപോയതാണെന്ന് ചരിത്രകാരന്മാർ കരുതുന്നു. പേർഷ്യൻ-അസീറിയൻ-റോമൻ അധിനിവേശങ്ങളെത്തുടർന്ന് വിവിധ കാലഘട്ടങ്ങളിൽ ഫലസ്തീനിൽനിന്ന് ചിതറപ്പെട്ട യഹൂദർ ഇന്ത്യയിലെത്തിയിട്ടുണ്ട്.

1492-ലെ 'റീ കോൺക്വിസ്റ്റ'യ്ക്കുശേഷം ഹിസ്പാനിക് ഉപദ്വീപായ മേഖലയിൽനിന്ന് പുറത്താക്കപ്പെട്ട യഹൂദർ കൊച്ചിയിലെത്തുകയും 'പരദേശി യഹൂദർ' എന്ന പേരിൽ വിപുലമായ ഒരു സമൂഹമായിത്തീരുകയും ചെയ്തു. മതപരവും സാംസ്‌കാരികവുമായ സ്വാധികാരത്തോടെ നൂറ്റാണ്ടുകളായി യഹൂദർക്ക് ജീവിക്കാൻസാധിച്ച ഏകസ്ഥലം ഇന്ത്യയാണ്. എ.ഡി. 1000-ൽ ചേരരാജാവായ ഭാസ്‌കരരവിവർമ യഹൂദമുഖ്യനായ ജോസഫ് റബ്ബാന് പ്രഭുപദവിയും മറ്റു സവിശേഷാധികാരങ്ങളും ചാർത്തിനൽകിയ യഹൂദചെമ്പുപട്ടയം കേരളത്തിൽ യഹൂദസമൂഹം നേടിയ സാമൂഹികപദവിയെ കുറിക്കുന്നു.