ഇടുക്കി: കോവിഡ് ചട്ടം ലംഘിച്ചതായി കാണിച്ച് കഞ്ഞിക്കുഴി പൊലീസ് കേസെടുത്തിട്ടുള്ളത് രാഷ്ട്രീയ ഇടപെടലുകളെ ത്തുടർന്നാണെന്ന് സംശയിക്കുന്നെന്നും ഡോക്ടറെ കയ്യേറ്റം ചെയ്തായുള്ള ആരോപണം അടിസ്ഥാനരഹിതമാണെന്നും ഇസ്രയേലിൽ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യയുടെ ഭർത്താവും ബന്ധുക്കളും വെളിപ്പെടുത്തി.

ചേലച്ചുവട് സി എസ് ഐ ആശുപത്രിയിലെ ഡോക്ടർ അനൂപ് ബാബുവിനെ കയ്യേറ്റം ചെയ്തന്നെും കോവിഡ് ചട്ടം പാലിച്ചില്ലന്നും ആരോപിച്ച് കൊല്ലപ്പെട്ട സൗമ്യയുടെ ഭർത്താവ് സന്തോഷ്, സഹോദൻ സജി, സൗമ്യയുടെ സഹോദരൻ സജീഷ് എന്നിവർക്കെതിരെയാണ് കഞ്ഞിക്കുഴി പൊലീസ് ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തിട്ടുള്ളത്. കേസിനെക്കുറിച്ച് സൗമ്യയുടെ ഭർത്തൃസഹോദരൻ സജി വിശദീകരിക്കുന്നത് ഇങ്ങിനെ..

സൗമ്യയുടെ അടക്കുകഴിഞ്ഞ് ഞങ്ങളെല്ലാം ക്വാന്റൈനിലിരിയക്കുകയായിരുന്നു. ഇതിനിടെയാണ് മകൾക്ക് ആൻസയ്ക്ക്(18)സുഖമില്ലന്നും പറഞ്ഞ് സഹോദരി ബീനയുടെ ഫോൺവിളിയെത്തുന്നത്. വീട്ടിൽ നിന്നും 10 കിലോമീറ്ററിലേറെ അകലത്തിലാണ് ബീന താമസിച്ചിരുന്നത്. ഉടൻ അവിടേയ്ക്ക് വാഹനവുമായി പുറപ്പെട്ടു.ആകെ ക്ഷീണിതയായി അവസ്ഥയിലായിരുന്ന കുട്ടിയുമായി തള്ളക്കയത്തെ സർക്കാർ ആശുപത്രിയിലേയ്ക്കാണ് ആദ്യമെത്തിയത്.ഇവിടെ അടച്ചിരിക്കുകയായിരുന്നു.തുടർന്നാണ് ചേലച്ചുവടുള്ള സി എസ് ഐ ആശുപത്രിയിൽ എത്തുന്നത്.

കുട്ടിയെ ഡോക്ടറുടെ മുറിയിലെത്തിച്ചു.ഒപ്പം കുട്ടിയുടെഅമ്മയുമുണ്ടായിരുന്നു.എന്നെക്കണ്ടതോടെ ഉടൻ മുറിയിൽ നിന്നിറങ്ങണമെന്ന് ഡോക്ടർ അലറിവിളിച്ചു.കുട്ടി അവശതയാണെന്നും ഉടൻ നോക്കണമെന്നും ഒച്ചപ്പാടുണ്ടാക്കാനുള്ള സമയമല്ല ഇതെന്നും വ്യക്തമാക്കിയിട്ടും ഡോക്ടർ മുൻനിലപാട് ആവർത്തിച്ചു.ഇതിനിടയിൽ ദേഷ്യത്തോടെ കുട്ടിയുടെ കൈ മേശയിലേയ്ക്ക് വലിച്ച് ,ശക്തിയിൽ വയ്ക്കുകയും പ്രഷർ നോക്കുന്നതിനുള്ള ഉപകരണത്തിന്റെ ഭാഗങ്ങൾ ചുറ്റുകയും ചെയ്തു.

തർക്കം മൂത്തതോടെ ഡോക്ടർ അസഭ്യം പറയുകയും കൂട്ടിയുടെ കൈയിൽ ചുറ്റിയിരുന്ന ഉപകരണത്തിന്റെ ഭാഗങ്ങൾ വലിച്ചഴിക്കുകയും പിന്നാലെ എവിടെയെങ്കിലും കൊണ്ടുപോടാ.... എന്നും പറഞ്ഞ് തള്ളിവിടുകയുമായിരുന്നു.എന്റെ ദേഹത്തേയ്ക്കാണ് കുട്ടിവീണത്. ഇത് എല്ലാവർക്കും വലിയ സങ്കടമായിപ്പോയി. ഈയവസരത്തിൽ കൂടെയുണ്ടായിരുന്ന എല്ലാവരും പ്രതികരിച്ചു. ഒച്ചപ്പാട് ഉണ്ടായതൊഴിച്ചാൽ ആരും ഡോക്ടറെയോ അവിടുത്തെ മറ്റ് ജീവനക്കാരെയോ ആരും കയ്യേറ്റം ചെയ്തിട്ടില്ല.

ഈ സമയം മാസ്‌ക് മുഖത്തുണ്ടായിരുന്നു എന്നുതന്നെയാണ് വിശ്വസിക്കുന്നത്. ഇവിടെ നിന്നും കൂട്ടിയെ ചേലച്ചുവടുതന്നെയുള്ള മറ്റൊരുസ്വകാര്യ ആശുപത്രിയിൽക്കാണിച്ചാണ് ചികത്സ നൽകിയത്. സൗമ്യയുടെ മരണവാർത്തയറിഞ്ഞ് ബോധരഹിതനായ സന്തോഷിനെ ഇതെ ആശുപത്രിയിൽ ചികത്സയ്ക്കായി എത്തിച്ചിരുന്നു. ഈ സമയത്തും ഈ ഡോക്ടറുടെ പ്രതികരണം മോശമായിരുന്നു. ഇത് ഇവിടെ നിന്നും പോരുന്ന അവസരത്തിൽ ഇവിടുത്തെ അത്യാഹിത വിഭാഗത്തിലെ നേഴ്സുമാരോട് പറയുകയും ചെയ്തിരുന്നു. ഇതായിരിക്കാം ഡോക്ടർക്ക് എന്നോടുള്ള വൈരാഗ്യത്തിന് കാരണമെന്നാണ് മനസ്സിലായിട്ടുള്ളത്.

പരാതി ആദ്യഘട്ടത്തിൽ പൊലീസ് അന്വേഷിച്ച് തള്ളിയിരുന്നെന്നാണ് അറിയാൻ സാധിച്ചത്. ഇപ്പോൾ ഭരണപക്ഷ നേതാക്കളുടെ ഇടപെടലിനെത്തുടർന്ന് നിവർത്തിയില്ലാതെ് പൊലീസ് കേസെടുത്തിട്ടുള്ളതായിട്ടാണ് അറിയുന്നത്. സ്പെഷ്യൽ ബ്രാഞ്ച് നവിഭാഗത്തിൽ നിന്നും വിളിച്ചിരുന്നു. വിവരങ്ങളെല്ലാം വ്യക്തമാക്കിയിട്ടുണ്ട്.കഞ്ഞിക്കുഴി എസ് ഐയും വിളിച്ച് സംഭവിച്ച കാര്യങ്ങളെക്കുറിച്ച് ചോദിച്ചറിഞ്ഞു. സൗമ്യയുടെ മരണത്തെത്തുടർന്നുള്ള മനോവേദനയ്ക്കിടെ കഴിയുന്ന ഞങ്ങൾക്കെതിരെ ഇത്തരത്തിലൊരുനീക്കമുണ്ടായതിൽ അതിയായ ദുഃഖമുണ്ട്.

ഈ സമയത്ത് ഇത് വല്ലാത്തക്രൂരതയായിപ്പോയി. എന്തും നേരിടാൻ ഞങ്ങൾ തയ്യാറാണ്-സജി വ്യക്തമാക്കി. തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം. ചികിത്സയ്ക്കായി എത്തിയവർ മാസ്‌ക്കും അകലവും പാലിച്ചിരുന്നില്ലന്നും ഇത് ചോദ്യം ചെയ്ത അവസരത്തിൽ ആശുപത്രിയിൽ അതിക്രമിച്ചു കയറിയവർ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ അനൂപ് ബാബുവിനെ മർദ്ദിക്കുകയും ചെകിട്ടത്തടിക്കുകയും ചെയ്തതായാണ് ആശുപത്രിയുടെ ചുമതലയുള്ള അഡ്‌മിനിസ്റ്റർ ഫാദർ രാജേഷ് പത്രോസ് പൊലീസിന് നൽകിയ പരാതിയിൽ സൂചിപ്പിച്ചിട്ടുള്ളത്.