- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐ എസ് ആർ ഒ വ്യാജ ചാരക്കേസിൽ ഉദ്യോഗസ്ഥരുടെ ഗൂഢാലോചനയിൽ സിബി മാത്യുവിന് വ്യവസ്ഥകളോടെ മുൻകൂർ ജാമ്യം; മുൻ ഡിജിപിയുടെ അറസ്റ്റ് ഒഴിവായി; തിരുവനന്തപുരം കോടതി തള്ളുന്നത് കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്ന സിബിഐ ആവശ്യം
തിരുവനന്തപുരം: ഐ എസ് ആർ ഓ വ്യാജ ചാരക്കേസിന് പിന്നിലെ ഉദ്യോഗസ്ഥ ഗൂഢാലോചന കേസിലെ നാലാം പ്രതി സിബി മാത്യുവിന് വ്യവസ്ഥകളോടെ മുൻകൂർ ജാമ്യം അനുവദിച്ചു. തിരുവനന്തപുരം ജില്ലാ കോടതിയാണ് ജാമ്യം അനുവദിച്ചത്. മുൻകൂർ ജാമ്യം നൽകരുതെന്നാവശ്യപ്പെട്ട് സിബിഐ ശക്തമായി വാദിച്ചിരുന്നു.
നാലാം പ്രതിയായ മുൻ അന്വേഷണ ഉദ്യോഗസ്ഥനായ സിബി മാത്യുവിന് 6 വ്യവസ്ഥകളോടെയാണ് തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്. സി ബി ഐ അറസ്റ്റ് ചെയ്യുന്ന പക്ഷം ഒരു ലക്ഷം രൂപയുടെ പ്രതിയുടെ സ്വന്തവും തുല്യ തുകയ്ക്കുള്ള രണ്ടാൾ ജാമ്യത്തിൽ ജാമ്യം നൽകണം.കോടതിയുടെ മുൻകൂർ അനുമതിയില്ലാതെ ഇന്ത്യ വിടരുത്. സി ബി ഐ ആവശ്യപ്പെടുന്ന സമയം കൃത്യമായി പ്രതി അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാകണം. തെളിവു നശിപ്പിക്കുകയോ സാക്ഷികളെ സ്വാധീനിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യരുത്. ജാമ്യ കാലാവധിയിൽ മറ്റു കുറ്റകൃത്യങ്ങളിൽ ഉൾപ്പെടരുത്. തൊണ്ടിമുതലുകൾ വീണ്ടെടുക്കലിനും പ്രതിയെ സാക്ഷികളെ കാണിച്ച് തിരിച്ചറിയൽ നടത്തുന്നതിനും സിബിഐ കസ്റ്റഡിയിലെടുക്കുന്നതടക്കമുള്ള ആവശ്യങ്ങൾക്ക് അന്വേഷണവുമായി സഹകരിക്കണം. 60 ദിവസം മാത്രമായിരിക്കും ജാമ്യ കാലാവധിയെന്നും കോടതി ജാമ്യ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
ജാമ്യം അനുവദിക്കുന്ന പക്ഷം കേസുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവുകൾ കണ്ടെത്താനാവില്ല. സി ബി മാത്യൂസടക്കമുള്ള പ്രതികളെ കസ്റ്റഡിയിൽ വച്ച് ചോദ്യം ചെയ്യേണ്ടതുണ്ട്. മുൻകൂർ ജാമ്യം അനുവദിച്ചാൽ സാക്ഷികളെയും തെളിവുകളയും സ്വാധീനിക്കാനിടയാകും. ലോകരാജ്യങ്ങളിൽ പ്രശസ്തമായ ഇന്ത്യൻ ബഹിരാകാശ മേഖലയിലെ ഇന്ത്യൻ ക്രയോജനിക് സാങ്കേതിക വിദ്യയുടെ വികസനമടക്കം തടസ്സപ്പെടുത്തിയ സാഹചര്യമാണ് നമ്പി നാരായണന്റെ അറസ്റ്റും വ്യാജ ചാരക്കേസും വന്നതോടു കൂടി ഉണ്ടായതെന്നും പാക്ക് ചാര സംഘടനയായ ഐഎസ്‌ഐയുടേതടക്കമുള്ള ഗൂഢാലോചന പുറത്തുകൊണ്ടുവരാൻ പ്രതികളെ കസ്റ്റഡിയിൽ വച്ച് ചോദ്യം ചെയ്യുന്നതിനായി ലഭിക്കേണ്ടതുണ്ടെന്നും ജാമ്യത്തെ എതിർത്ത് സി ബി ഐ പ്രോസിക്യൂട്ടർ മനോജ് കുമാറും അഡീ.സോളിസിറ്റർ ജനറൽ എസ്.വി. രാജുവും വാദവേളയിൽ ബോധിപ്പിച്ചിരുന്നു.
സിബിഐയുടെ അറസ്റ്റ് ഭയന്നുള്ള നാലാം പ്രതി മുൻ അന്വേഷണ സംഘത്തലവനായ ഡി. ഐ. ജി. സിബി മാത്യുവിന്റെ മുൻകൂർ ജാമ്യ ഹർജി പരിഗണിക്കവേയാണ് സിബിഐ നിലപാടിയിച്ചത്. അതേ സമയം സിബി മാത്യുവിന് മുൻകൂർ ജാമ്യം നൽകരുതെന്നും ഹർജി തള്ളണമെന്നും നമ്പി നാരായണൻ ജൂലൈ 2 ന് തിരുവനന്തപുരം ജില്ലാ കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ബോധിപ്പിച്ചു. ചാരക്കേസിലെ ഇരകളും മാലി വനിതകളുമായ മറിയം റഷീദയും ഫൗസിയ ഹസനും സമർപ്പിച്ച കക്ഷി ചേരൽ ഹർജി അനുവദിച്ച കോടതി ഇരുവരെയും കക്ഷി ചേർക്കാനും ഉത്തരവിട്ടു. തങ്ങളെ ചാരവനിതകളായി മുദ്ര കുത്തി ശാസ്ത്രജ്ഞരെ ചേർത്ത് വച്ച് വ്യാജ ചാരക്കേസുണ്ടാക്കി പൊലീസ് കള്ളക്കേസിൽ കുടുക്കി പീഡിപ്പിച്ചതിന്റെ പിന്നിലെ ഗൂഢാലോചന പുറത്തു കൊണ്ടുവരണമെന്നും അതിനാൽ സിബി മാത്യൂസടക്കമുള്ളവരെ കസ്റ്റഡിയിൽ വച്ച് ചോദ്യം ചെയ്ത് ഗൂഢാലോചന പുറത്തു കൊണ്ടു വരണമെന്നും അതിനാൽ മുൻകൂർ ജാമ്യം നൽകരുതെന്നും ആവശ്യപ്പെട്ടു. തന്നെ സർക്കിൾ ഇൻസ്‌പെക്ടർ എസ്. വിജയൻ പീഡിപ്പിക്കാൻ ശ്രമിച്ചതായും മറിയം റഷീദ ബോധിപ്പിച്ചു.
ഇന്ത്യൻ ബഹിരാകാശ സംവിധാനത്തെയും ഐ എസ് ആർ ഓ യെയും പിന്നോട്ടടിക്കാൻ കൃത്രിമമായി ചമച്ച വ്യാജ ചാര വൃത്തിക്കേസിന്റെ പിന്നിൽ പ്രവർത്തിച്ച മാസ്റ്റർ മൈൻഡ് (ബുദ്ധികേന്ദ്രം) സിബി മാത്യുവാണ്. യാതൊരു തെളിവോ രേഖയോ വസ്തുതയോ ഇല്ലാതെ ഉന്നത ഗൂഢാലോചനയെ തുടർന്ന് സിബി മാത്യുവിന്റെ നിയമവിരുദ്ധ ഗൂഢലക്ഷ്യങ്ങൾ പൂർത്തീകരിക്കാൻ സിബി മാത്യുവിന്റെ നിർദ്ദേശപ്രകാരം തന്നെ അറസ്റ്റ് ചെയ്ത് അന്യായ തടങ്കലിൽ വച്ച് പീഡിപ്പിച്ചതായും കക്ഷി ചേരൽ ഹർജിയിൽ നമ്പി നാരായണൻ ചൂണ്ടിക്കാട്ടി. കളവായും കൃത്രിമമായും ഉണ്ടാക്കിയ ഐ എസ് ആർ ഓ ചാരക്കേസിലെ പ്രതികളായ 5 പൊലീസുദ്യോഗസ്ഥരും നിയമവിരുദ്ധമായി തന്നെ അറസ്റ്റ് ചെയ്ത് കഠിനമായി പീഡിപ്പിച്ചു. അതിനാൽ മുൻകൂർ ജാമ്യത്തിന് നാലാം പ്രതി അർഹനല്ല. സുപ്രീം കോടതി ഉത്തരവ് പ്രകാരം രജിസ്റ്റർ ചെയ്ത ഗൂഢാലോചന കേസിൽ ഉന്നത ഗൂഢാലോചന വെളിച്ചത്തു കൊണ്ടുവരാൻ സിബി മാത്യുവിനെ കസ്റ്റഡിയിൽ വെച്ച് ചോദ്യം ചെയ്യേണ്ടതുണ്ട്. മുൻ ഡിജിപിയെന്ന ഉന്നത പദവിയും പൊലീസ് സംവിധാനങ്ങളുമായുള്ള പ്രതിയുടെ തുടർച്ചയായ ബന്ധങ്ങളും കണക്കിലെടുത്ത് മുൻകൂർ ജാമ്യം തള്ളണമെന്നും മുൻകൂർ ജാമ്യഹർജിയെ എതിർത്ത് നമ്പി നാരായണൻ സമർപ്പിച്ച കക്ഷി ചേരൽ ഹർജിയിൽ ബോധിപ്പിച്ചു. ഇരയും പരാതിക്കാരനുമായ നമ്പി നാരായണനെ കേൾക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് പറഞ്ഞ ജില്ലാ ജഡ്ജി പി. കൃഷ്ണകുമാർ കക്ഷി ചേരൽ ഹർജി അനുവദിച്ച് അദ്ദേഹത്തെ കക്ഷി ചേർക്കാൻ ഉത്തരവിട്ടു. സി ബി ഐ നിലപാട് രേഖാമൂലം ഫയൽ ചെയ്തു.