- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൃത്രിമമായി ചമച്ച വ്യാജ ചാരക്കേസിന്റെ മാസ്റ്റർ മൈൻഡ് സിബി മാത്യൂസ്; തെളിവോ വസ്തുതയോ ഇല്ലാതെ ഉന്നത ഗൂഢാലോചനയെ തുടർന്ന് തന്നെ അറസ്റ്റ് ചെയ്ത് പീഡിപ്പിച്ചു; കസ്റ്റഡിയിൽ വെച്ച് സിബി മാത്യൂസിനെ ചോദ്യം ചെയ്യണം; മുൻകൂർജാമ്യ ഹർജി തള്ളണമെന്ന് നമ്പി നാരായണൻ
തിരുവനന്തപുരം: രാജ്യത്തെ പിടിച്ചു കുലുക്കിയ ഐ എസ് ആർ ഒ വ്യാജ ചാര വൃത്തിക്കേസിന് പിന്നിലുള്ള ഉദ്യോസ്ഥരുടെ ഗൂഢാലോചനാ കേസിൽ സിബിഐയുടെ അറസ്റ്റ് ഭയന്നുള്ള നാലാം പ്രതി മുൻ അന്വേഷണ സംഘത്തലവനായ ഡി. ഐ. ജി. സിബി മാത്യുവിന്റെ മുൻകൂർ ജാമ്യ ഹർജി ബുധനാഴ്ച പരിഗണിക്കും.ഐ. ബി. ഉദ്യോഗസ്ഥനായ ശ്രീകുമാറിന്റെ നിർദേശപ്രകാരമാണ് താൻ നമ്പി നാരായണനെ അറസ്റ്റ് ചെയ്തത്. മാലി വനിതകളുടെ മൊഴി നമ്പി നാരായണനെതിരായിരുന്നു. താൻ നിരപരാധിയും കേസിനാസ്പദമായ യാതൊരു കുറ്റവും ചെയ്തിട്ടില്ലെന്നും ജാമ്യഹർജിയിൽ പറയുന്നു.
അതേ സമയം മുൻകൂർ ജാമ്യം നൽകരുതെന്നും ഹർജി തള്ളണമെന്നും നമ്പി നാരായണൻ ജൂലൈ 2 ന് തിരുവനന്തപുരം ജില്ലാ കോടതിയിൽ ബോധിപ്പിച്ചിരുന്നു. സി ബി ഐ ഉൾപ്പെടെയുള്ളവരുടെ വിശദവാദം ഇന്ന് കേൾക്കും. ഇന്ത്യൻ ബഹിരാകാശ സംവിധാനത്തെയും ഐ എസ് ആർ ഓ യെയും പിന്നോട്ടടിക്കാൻ കൃത്രിമമായി ചമച്ച വ്യാജ ചാര വൃത്തിക്കേസിന്റെ പിന്നിൽ പ്രവർത്തിച്ച മാസ്റ്റർ മൈൻഡ് (ബുദ്ധികേന്ദ്രം) സിബി മാത്യുവാണ്. യാതൊരു തെളിവോ രേഖയോ വസ്തുതയോ ഇല്ലാതെ ഉന്നത ഗൂഢാലോചനയെ തുടർന്ന് സിബി മാത്യുവിന്റെ നിയമവിരുദ്ധ ഗൂഢലക്ഷ്യങ്ങൾ പൂർത്തീകരിക്കാൻ സിബി മാത്യുവിന്റെ നിർദ്ദേശപ്രകാരം തന്നെ അറസ്റ്റ് ചെയ്ത് അന്യായ തടങ്കലിൽ വച്ച് പീഡിപ്പിച്ചതായും കക്ഷി ചേരൽ ഹർജിയിൽ നമ്പി നാരായണൻ ചൂണ്ടിക്കാട്ടി.
കളവായും കൃത്രിമമായും ഉണ്ടാക്കിയ ഐ എസ് ആർ ഓ ചാരക്കേസിലെ പ്രതികളായ 5 പൊലീസുദ്യോഗസ്ഥരും നിയമവിരുദ്ധമായി തന്നെ അറസ്റ്റ് ചെയ്ത് കഠിനമായി പീഡിപ്പിച്ചു. അതിനാൽ മുൻകൂർ ജാമ്യത്തിന് നാലാം പ്രതി അർഹനല്ല. സുപ്രീം കോടതി ഉത്തരവ് പ്രകാരം രജിസ്റ്റർ ചെയ്ത ഗൂഡാലോചലന കേസിൽ ഉന്നത ഗൂഢാലോചന വെളിച്ചത്തു കൊണ്ടുവരാൻ സിബി മാത്യുവിനെ കസ്റ്റഡിയിൽ വെച്ച് ചോദ്യം ചെയ്യേണ്ടതുണ്ട്. മുൻ ഡിജിപിയെന്ന ഉന്നത പദവിയും പൊലീസ് സംവിധാനങ്ങളുമായുള്ള പ്രതിയുടെ തുടർച്ചയായ ബന്ധങ്ങളും കണക്കിലെടുത്ത് മുൻകൂർ ജാമ്യം തള്ളണമെന്നും മുൻകൂർ ജാമ്യഹർജിയെ എതിർത്ത് നമ്പി നാരായണൻ സമർപ്പിച്ച കക്ഷി ചേരൽ ഹർജിയിൽ ബോധിപ്പിച്ചു.
ഇരയും പരാതിക്കാരനുമായ നമ്പി നാരായണനെ കേൾക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് പറഞ്ഞ ജില്ലാ ജഡ്ജി പി. കൃഷ്ണകുമാർ കക്ഷി ചേരൽ ഹർജി അനുവദിച്ച് അദ്ദേഹത്തെ കക്ഷി ചേർക്കാൻ ഉത്തരവിട്ടു. സി ബി ഐ നിലപാട് രേഖാമൂലം ഫയൽ ചെയ്തതായി സിബിഐ സീനിയർ പബ്ലിക് പ്രോസിക്യൂട്ടർ മനോജ് കുമാർ കോടതിയിൽ പറഞ്ഞു. വിശദമായ വാദം ജൂലൈ 7 ന് സോധിപ്പിക്കാനും കോടതി നിർദേശിച്ചു.