- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹോട്ടൽ മുറിയിൽ എത്തിയ എസ്.വിജയൻ തന്നെ കടന്നുപിടിക്കാൻ ശ്രമിച്ചു; പ്രകോപിതയായ താൻ വിജയനെ അടിച്ച് മുറിയിൽ നിന്ന് പുറത്താക്കി; പക മൂത്ത പൊലീസ് ഉദ്യോഗസ്ഥൻ തന്നെ ചാരക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്തെന്ന് മറിയം റഷീദ; ഐബി ഉദ്യോഗസ്ഥർ കാൽ കസേര കൊണ്ട് അടിച്ചുപൊട്ടിച്ചെന്നും ഹർജിയിൽ
തിരുവനന്തപുരം: ഐഎസ്ആർഒ ഗൂഢാലോചനക്കേസിലെ പ്രതി എസ് വിജയനെതിരെ ആരോപണവുമായി മറിയം റഷീദ. എസ് വിജയൻ തന്നെ കടന്നുപിടിക്കാൻ ശ്രമിച്ചുവെന്നും എതിർത്തതിനെ തുടർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നെന്നും മറിയം റഷീദ കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറഞ്ഞു. തിരുവനന്തപുരം ജില്ലാ കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് മറിയം റഷീദയുടെ വെളിപ്പെടുത്തൽ.
ഐഎസ്ആർഒ ചാരക്കേസുമായി ബന്ധപ്പെട്ട് ഗൂഢാലോചനയിൽ കേസ് രജിസ്റ്റർ ചെയ്തതിനെ തുടർന്ന് സിബി മാത്യൂസ് തിരുവനന്തപുരം ജില്ലാ കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നു. ഈ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്തുകൊണ്ടാണ് അന്ന് ചാരക്കേസിൽ പ്രതിയായ മറിയം റഷീദ ഹർജി നൽകിയത്. അന്ന് നടന്ന കാര്യങ്ങൾ വിശദമായി മറിയ ഹർജിയിൽ പറയുന്നു.
തിരുവനന്തപുരത്തുനിന്നും ഉദ്ദേശിച്ച വിമാനത്തിൽ മാലി ദ്വീപിലേക്ക് പോകാൻ കഴിഞ്ഞില്ല. തുടർന്ന് ഹോട്ടലിൽ താമസിക്കുകയായിരുന്നു. വിസ കാലാവധി നീട്ടിക്കിട്ടാനായാണ് എസ് വിജയനെ കാണുന്നത്. അന്ന് രണ്ട് ദിവസം കഴിഞ്ഞ് വരാനാണ് എസ് വിജയൻ പറഞ്ഞത്. തിരിച്ച് ഹോട്ടിൽ മുറിയിലെത്തി. രണ്ട് ദിവസത്തിന് ശേഷം എസ് വിജയൻ ഹോട്ടൽ മുറിയിലെത്തി. തന്നെ കടന്നുപിടിക്കാൻ ശ്രമിച്ചു. ഇതിൽ പ്രകോപിതനായ താൻ എസ് വിജയനെ അടിക്കുകയും മുറിയിൽ നിന്ന് പുറത്തിറക്കി വിടുകയുമായിരുന്നു. അതിനെ തുടർന്നാണ് തന്നെ അറസ്റ്റ് ചെയ്യുകയും ചാരക്കേസിൽ കുടുക്കുകയും ചെയ്തതെന്ന് റഷീദ ആരോപിക്കുന്നു. അറസ്റ്റ് ചെയ്തതിന് ശേഷം ഐബി ഉദ്യോഗസ്ഥർ അതിക്രൂരമായ രീതിയിൽ ചോദ്യം ചെയ്യലിന് വിധേയയാക്കി. കാൽ കസേരകൊണ്ട് അടിച്ച് പൊട്ടിച്ചതായും മറിയം റഷീദ ഹർജിയിൽ പറയുന്നു.
സിബിഐയുടെ അറസ്റ്റ് ഭയന്ന് നാലാം പ്രതി മുൻ അന്വേഷണ ഉദ്യോഗസ്ഥൻ സിബി മാത്യുവിന്റെ മുൻകൂർ ജാമ്യ ഹർജി തിരുവനന്തപുരം ജില്ലാ കോടതി പരിഗണിക്കവേയാണ് മറിയം റഷീദയും ഫൗസിയ ഹസനും ഹർജിയിൽ കക്ഷി ചേർന്നത്. നിരപരാധികളായ തങ്ങളെ വ്യാജ ചാരക്കേസിൽ കുടുക്കിയതിൽ പ്രധാന പങ്കുവഹിച്ചവരിൽ പ്രധാനിയാണ് സിബി മാത്യു. ഹൈക്കോടതിയിൽ മറ്റു 3 പ്രതികളുടെ ജാമ്യഹർജി പരിഗണിക്കുന്നതിനാൽ അതിലെ തീരുമാനം എന്തെന്ന് നോക്കിയ ശേഷം ഇവിടുത്തെ ഹർജി പരിഗണിക്കാമെന്നറിയിച്ച ജഡ്ജി പി.കൃഷ്ണകുമാർ സിബിയുടെ ഹർജി 12 ന് പരിഗണിക്കാനായി മാറ്റി. മുൻകൂർ ജാമ്യത്തെ എതിർത്തുകൊണ്ട് സിബിഐ നിലപാട് രേഖാമൂലം സമർപ്പിച്ചിട്ടുണ്ട്. നമ്പി നാരായണനും സിബി മാത്യുവിനെ കസ്റ്റഡിയിൽ വെച്ച് ചോദ്യം ചെയ്ത് ഉന്നത ഗൂഢാലോചന വെളിച്ചത്തു കൊണ്ടുവരണമെന്നാവശ്യപ്പെട്ട് ഹർജിയിൽ കക്ഷി ചേർന്നിട്ടുണ്ട്.
ലോകരാജ്യങ്ങൾക്ക് മുന്നിൽ ഇന്ത്യയെ പിന്നോട്ടടിക്കാൻ ഇന്ത്യൻ ബഹിരാകാശ ശാസ്ത്രജ്ഞരെ സംശയനിഴലിൽ നിർത്തി ഇന്ത്യൻ ക്രയോജനിക് സാങ്കേതിക വിദ്യ അട്ടിമറിക്കാൻ കേരള പൊലീസ് ശ്രമിച്ചതിന്റെ ഫലമായി മെനഞ്ഞെടുത്ത കള്ളക്കേസാണ് വ്യാജ ചാരക്കേസ്. ചാരക്കേസ് കാരണം ഇന്ത്യൻ ബഹിരാകാശ മേഖല വളർച്ച മുരടിച്ച നിലയിലായി. മാലി സ്വദേശിനി മറിയം റഷീദയെ വിസാ കാലാവധി തീരാൻ 5 ദിവസം ബാക്കി നിൽക്കെ തമ്പാനൂർ ഹൊറൈസൺ ഹോട്ടലിൽ നിന്ന് പിടികൂടിയത് കേരളാ പൊലീസ് സംഘമാണ്. എഫ് ഐ ആർ (ക്രൈം) പോലും രജിസ്റ്റർ ചെയ്യാതെ 5 ദിവസം അന്യായ തടങ്കലിൽ വച്ച് പീഡിപ്പിച്ച ശേഷം വിസാ കാലാവധി തീർന്നിട്ടും കേരളത്തിൽ തങ്ങിയതായി വരുത്തി ഫോറിനഴ്സ് ആക്റ്റ് പ്രകാരം വ്യാജ കേസെടുത്ത് തിരുവനന്തപുരം അഡീ.ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയതായും സുപ്രീം കോടതി നിയോഗിച്ച ജസ്റ്റിസ് ജയിൻ കമ്മിറ്റി കണ്ടെത്തി.
കമ്മിറ്റി സുപ്രീം കോടതിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ ഇക്കാര്യങ്ങൾ അക്കമിട്ട് നിരത്തിയിട്ടുള്ളതായി അറിയുന്നു. 5,000 രൂപ പെറ്റിയടിച്ച് തീരാവുന്ന കേസിനെ കേരളാ പൊലീസ് അന്നത്തെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ ഹബീബുള്ളയെക്കൊണ്ട് കോടതിയിൽ ജാമ്യഹർജിയെ ശക്തമായി എതിർത്തു. തുടർന്ന് കോടതി പ്രതിയുടെ ജാമ്യഹർജി തള്ളി റിമാന്റ് ചെയ്യുകയായിരുന്നു. തുടർന്നാണ് തുമ്പ ഐ എസ് ആർ. ഒ ശാസ്ത്രജ്ഞരായ നമ്പി നാരായണനെയും ശശികുമാറിനെയും ചേർത്ത് മസാല ചേർത്ത ചാരക്കഥ മെനഞ്ഞത്. കേരളാ പൊലീസിന്റെ ഭാവനയിൽ വിരിഞ്ഞ സാങ്കൽപ്പിക അപസർപ്പക കഥകൾ മെനഞ്ഞ് പത്ര ദൃശ്യമാധ്യമങ്ങൾക്ക് നൽകി ആഘോഷമാക്കി.
മറുനാടന് മലയാളി ബ്യൂറോ