തിരുവനന്തപുരം: ഐഎസ്ആർഒ ചാരക്കേസിൽ ദുരൂഹത കൂട്ടി പുതിയ രേഖകൾ പുറത്ത്. കേസിലെ ഇര എന്ന കരുതപ്പെടുന്ന നമ്പി നാരായണൻ സിബിഐ മുൻ ഉദ്യോഗസ്ഥർക്ക് ഭൂമി കൈമാറിയതായാണ് രേഖകൾ. നമ്പി നാരായണൻ നൽകിയ ചാരക്കേസ് ഗൂഢാലോചനാ കേസിലെ പ്രതികളായ മുൻ ഡി.ജി.പി. സിബി മാത്യൂസ്, മുൻ എസ്‌പി.മാരായ എസ്.വിജയൻ, തമ്പി എസ്.ദുർഗാദത്ത് എന്നിവരാണ് നമ്പി നാരായണൻ തമിഴ്‌നാട്ടിലെ തിരുനെൽവേലി ജില്ലയിലെ നങ്കുനേരിയിൽ കൈമാറിയ ഭൂമിയുടെ രേഖകൾ കോടതിയിൽ സമർപ്പിച്ചത്. 'മാതൃഭൂമി'യാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. 2004-ലും 2008-ലുമായാണ് സ്ഥലമിടപാടുകൾ നടന്നത്. സിബിഐ. ഉദ്യോഗസ്ഥർക്ക് സമർപ്പിച്ചിട്ടും അവർ ഈ രേഖകൾ പരിഗണിക്കുന്നില്ല എന്നാണ് ഹർജിക്കാർ പറയുന്നത്. സിബി മാത്യൂസ് ജില്ലാക്കോടതിയിലും എസ്.വിജയനും തമ്പി എസ്.ദുർഗാദത്തും കേരളാഹൈക്കോടതിയിൽ ജാമ്യാപേക്ഷയോടൊപ്പവും ഈ രേഖകൾ സമർപ്പിച്ചിട്ടുണ്ട്.

ഐ.എസ്.ആർ.ഒ ചാരക്കേസ്, പ്രതിയായിരുന്ന നമ്പി നാരായണൻ അട്ടിമറിച്ചതാണെന്നും അതിനാൽ അദ്ദേഹത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്യണമെന്നുമുള്ള എസ്.വിജയന്റെ ഹർജിയിൽ വിധി 27ന് വരാനിരിക്കുകയാണ്. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് വിധി പറയുന്നത്.

ഭൂമി ഇടപാടുകൾ കൂടാതെ നമ്പി നാരായണന്റെ ഫോൺ രേഖകൾ, സ്വയം വിരമിക്കൽ രേഖകൾ തുടങ്ങിയവയും അന്വേഷണപരിധിയിൽ വരണമെന്നാണ് എസ്.വിജയന്റെ ഹർജിയിലെ പ്രധാന ആവശ്യം. പവർ ഓഫ് അറ്റോണി മുഖേന കോടിക്കണക്കിന് രൂപയുടെ ഭൂമി ചില ഉന്നത ഉദ്യോഗസ്ഥർക്ക് നൽകിയതിന്റെ രേഖകളും ഭൂമിയുടെ ബാധ്യത സർട്ടിഫിക്കറ്റുകളും വിജയൻ സമർപ്പിച്ച ഹരജിക്കൊപ്പം ഹാജരാക്കിയിട്ടുണ്ട്.ഭൂമി എഴുതി നല്കിയതുൾപ്പെടെ ചാരക്കേസ് അട്ടിമറിക്കപ്പെട്ടു എന്നതിന് തെളിവായി 23 രേഖകളാണ് എസ്.വിജയൻ ഹൈക്കോടതിയിൽ ഹാജരാക്കിയത്.

നമ്പിനാരായണന് എതിരായ ആരോപണങ്ങൾ

കേസിൽ ഇരയായതിന്റെ പേരിൽ ഒരു കോടി 91 ലക്ഷം രൂപ പൊതുഖജനാവിൽ നിന്ന് നമ്പി നാരായണൻ സ്വീകരിച്ചിരുന്നു. തന്റെയും മകൻ ശങ്കരകുമാറിന്റെയും പേരിലുള്ള ഭൂമി ചാരക്കേസ് അന്വേഷിച്ച സിബിഐ. ഡി.ഐ.ജി.രാജേന്ദ്രനാഥ് കൗൾ ഉൾപ്പെടെയുള്ളവർക്ക് കൈമാറി എന്നാണ് ആരോപണം. 1995-ൽ സിബിഐ. ചാരക്കേസ് അന്വേഷിക്കുമ്പോൾ ചെന്നൈ ആസ്ഥാനമായ ദക്ഷിണമേഖലയുടെ ചീഫായിരുന്നു രാജേന്ദ്രനാഥ് കൗൾ.

നമ്പി നാരായണന്റെ മകൻ ശങ്കരകുമാറിന്റെ പേരിൽ ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ രജിസ്റ്റർ ചെയ്ത ജനറൽ പവർ ഓഫ് അറ്റോർണി ഉപയോഗിച്ചായിരുന്നു കൈമാറ്റങ്ങൾ. അഞ്ജലി ശ്രീവാസ്തവ ഉൾപ്പെടെ ഭൂമി ലഭിച്ച ആളുകൾ അവിടെ എത്തിയിരുന്നതായാണ് വിവരം. കേസിൽ ആരോപണവിധേയനായ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ ഒ.എൻ.ജി.സി.യിൽ സെക്യൂരിറ്റി ആൻഡ് വിജിലൻസ് ചുമതലയിൽ ഡെറാഡൂണിൽ ജോലിചെയ്തിരുന്ന കാലത്താണ് പവർ ഓഫ് അറ്റോർണി അവിടെ രജിസ്റ്റർ ചെയ്തത്.കോടതിയുടെ പരിഗണനയിൽ ഉള്ള വിഷയത്തിൽ പ്രതികരിക്കാൻ നമ്പി നാരായണൻ തയ്യാറായിട്ടില്ല.

ആരോപണപ്രകാരം ഭൂമി കൈമാറ്റ രേഖകൾ ഇങ്ങനെ

കോടതിയിൽ സമർപ്പിച്ച രേഖകൾ പ്രകാരം 2004 ജൂലൈ ഒന്നിനാണ് 412/2004 എന്നപേരിൽ പവർ ഓഫ് അറ്റോർണി രജിസ്റ്റർ ചെയ്തത്. അവിടത്തെ സബ് രജിസ്റ്റ്രാർ ഓഫീസിലെ നാലാം നമ്പർബുക്കിൽ 631മുതൽ 636വരെ പേജുകളിൽ ഈ വിവരങ്ങൾ ഉണ്ട്. നങ്കുനേരി സബ് രജിസ്റ്റ്രാർ ഓഫീസിൽ രജിസ്റ്റർചെയ്ത 1868/2004 ആധാരം പ്രകാരം 5.25 ഏക്കർ ഭൂമി 2004 ജൂലൈ 23ന് അഞ്ജലി ശ്രീവാസ്തവയുടെ പേരിൽ വാങ്ങി.

ചാരക്കേസിൽ ആരോപണ വിധേയനാവുകയും കോടതി പരാമർശത്തെത്തുടർന്ന് സസ്പെൻഷനിലാകുകകയും ചെയ്ത മുൻ ഡി.ജി.പി. രമൺ ശ്രീവാസ്തവയുടെ ഭാര്യയാണ് അഞ്ജലി. 196/2008 രേഖപ്രകാരം അഞ്ജലി ശ്രീവാസ്തവയുടെ ഭൂമി പവർ ഓഫ് അറ്റോർണി പ്രകാരം നമ്പി നാരായണൻ വിറ്റിട്ടുണ്ട്. 1994 ഡിസംബറിൽ ചാരക്കേസ് സിബിഐ.യ്ക്ക് കൈമാറിയപ്പോൾ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഡി.വൈ.എസ്‌പി. ഹരിവത്സന്റെ സഹോദരീ ഭർത്താവിനും മൂത്ത സഹോദരിക്കുമായി 22.9 ഏക്കർ കൈമാറി.

2008 ജനവരി 18ന് 198/2008 ആധാരം പ്രകാരം നങ്കുനേരിയിൽ 9.27 ഏക്കർ ഭൂമി ബ്രഹ്മനായകം എന്നു പേരുള്ളയാൾ വിറ്റതിൽ ഹരിവത്സന്റെ സഹോദരി ശ്യാമളാദേവിയുടെ ഭൂമിയുണ്ടെന്ന് രേഖകൾ തെളിയിക്കുന്നു. നമ്പി നാരായണന്റെ സഹോദരിയുടെ മകനാണ് ബ്രഹ്മനായകം. നമ്പി നാരായണനും മകൻ ശങ്കരകുമാറും ഇടപെട്ട ഭൂമി ഇടപാടുകളുടെ വിശദവിവരം എസ്.വിജയൻ കേരള ഹൈക്കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.

പവർ ഓഫ് അറ്റോർണി ഉപയോഗിച്ച് 2004-ൽ ശങ്കരകുമാർ വാങ്ങുകയും 2008-ൽ നമ്പി നാരായണൻ വിൽക്കുകയുമാണ് ചെയ്തതെന്ന് എസ്.വിജയൻ പറയുന്നു. 1994-ൽ ചാരക്കേസ് സിബിഐയ്ക്ക് കൈമാറിയപ്പോൾ നമ്പി നാരായണനും. ശശികുമാറിനുമെതിരേ അനധികൃത സ്വത്ത് സമ്പാദിച്ചതിന് അഴിമതി നിരോധനനിയമ പ്രകാരം കേസ് എടുത്തയാളാണ് ഡിവൈ.എസ്‌പി. ഹരിവത്സൻ എന്നും ഹർജിയിൽ ആരോപിക്കുന്നു.

പശ്ചിമ ബംഗാളിലെ രാഷ്ട്രീയ നേതാവിന് 10.54 ഏക്കർ, കേന്ദ്ര പെൻഷൻ വിഭാഗത്തിലെ ഉന്നതോദ്യോഗസ്ഥന്റെ ബന്ധുവിന് ഒരേക്കർ, പൊതു ഭരണ വകുപ്പ് ഉദ്യോഗസ്ഥന്റെ ബന്ധുവിന് 15.09 ഏക്കർ, സി .ബി.ഐ. ഡി.ഐ.ജി.യായിരുന്ന നെയ്യാറ്റിൻകര സ്വദേശി പി.എം.നായരുടെ ബിനാമി എന്ന് പറയപ്പെടുന്നയാൾക്ക് 18.88 ഏക്കർ എന്നിങ്ങനെ കൈമാറിയത് അന്വേഷിക്കണമെന്നാണ് ആവശ്യം. ഒ.എൻ. ജി.സി.യിൽ ചീഫ് മാനേജരായിരുന്ന ന്യൂഡൽഹി വസന്ത്കുഞ്ജിലെ ശശിധരൻ നായരുടെ പേരിലാണ് 1874/2004 ആധാരപ്രകാരമുള്ള ഭൂമി നൽകിയത്. ഇദ്ദേഹം പി.എം.നായരുടെ ബിനാമിയാണെന്ന് വിജയൻ ഹൈക്കോടതിയിൽ നൽകിയ രേഖയിൽ ആരോപിക്കുന്നു.

1994 ഒക്ടോബർ 20-ന് മറിയം റഷീദ അറസ്റ്റിലായതിന്റെ പത്താമത്തെ ദിവസം നമ്പി നാരായണൻ ഐ.എസ്.ആർ.ഒയിൽനിന്ന് സ്വയം വിരമിക്കാൻ നൽകിയ അപേക്ഷയും കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. വി.ആർ.എസിന് മൂന്നു മാസം മുമ്പ് അപേക്ഷനൽകണമെന്നാണ് ഐഎസ്ആർഒയിലെ നിയമമെങ്കിലും തന്റെ കാര്യത്തിൽ 10 ദിവസം കൊണ്ട് വി.ആർ.എസ്. തരണമെന്ന് അപേക്ഷയിൽ നമ്പി നാരായണൻ എഴുതിയിട്ടുണ്ട്. ഇത്ര തിരക്കിട്ട് വി.ആർ.എസ്.എടുക്കാൻ ശ്രമിച്ചത് രാജ്യം വിടാനുള്ള പദ്ധതിയുടെ ഭാഗമായിരുന്നുവെന്ന് സംശയിക്കണമെന്ന് ദേശീയ മനുഷ്യാവകാശകമ്മീഷന് നൽകിയ സത്യവാങ്മൂലത്തിൽ സിബി മാത്യൂസ് പറഞ്ഞിട്ടുണ്ട്.

നമ്പി നാരായണന്റെ തിരുവനന്തപുരം പെരുന്താന്നിയിലെ സംഗീത എന്ന വീട്ടിൽ വൻ ബിസിനസുകാരനും കോൺട്രാക്ടറുമായ കുര്യൻ കളത്തിലിന്റെ പേരിലുള്ള ഫോണാണ് ഉപയോഗിച്ചിരുന്നതെന്ന് സിബി മാത്യൂസ് കോടതിയിൽ സമർപ്പിച്ച രേഖകളിൽ പറയുന്നു. 451900 എന്നതായിരുന്നു ഫോൺനമ്പർ. 1994 ഒക്ടോബർ ഒന്ന് മുതൽ ഈ ഫോണിന്റെ രണ്ടുമാസത്തെ ബില്ല് 44,498 രൂപയാണ്. ആ ബില്ലും കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.

ഐഎസ്ആർഒ നൽകിയ ഫോണും ആ വീട്ടിൽ ഉണ്ടായിരുന്നു. ഷിക്കാഗോ, സാൾട്ട്ലേക് സിറ്റി, റഷ്യ, ടൊറാന്റോ, ഓസേ്ട്രലിയ, കസാഖിസ്ഥാൻ ദുബായ് തുടങ്ങിയ സ്ഥലങ്ങളിലേക്ക് കുര്യൻ കളത്തിൽ നൽകിയ ഫോണിൽ നിന്ന് വിളിച്ചതിന്റെ തെളിവുമുണ്ട്. 1982 മുതൽ നമ്പി നാരായണനും ശശി കുമാറും ഐ.ബി.യുടെ നിരീക്ഷണത്തിലായിരുന്നെന്നും ഇതിനെ സംബന്ധിക്കുന്ന രേഖകൾ മുദ്രവെച്ച കവറിൽ കോടതിയിൽ ഹാജരാക്കിയിട്ടുണ്ടെന്നും സിബി മാത്യൂസ് കോടതിയെ അറിയിച്ചു.

ചാരക്കേസ് ഗൂഢാലോചനാ കേസ്

ഐഎസ്ആർഒ ചാരക്കേസ് ഗൂഢാലോചനയിൽ അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥരായിരുന്ന സിബി മാത്യൂസ്, ആർ ബി ശ്രീകുമാർ, കെ കെ ജോഷ്വ ഉൾപ്പെടെ 18 പേരെ പ്രതിചേർത്താണ് സിബിഐ കേസെടുത്തത്. ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കൽ, തട്ടിക്കൊണ്ടുപോകൽ, അന്യായമായി കസ്റ്റഡിയിൽ വയ്ക്കൽ തുടങ്ങിയ വകുപ്പുകൾ ചേർത്ത എഫ്ഐആർ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ സമർപ്പിച്ചു. സുപ്രീംകോടതി നിർദ്ദേശപ്രകാരമാണ് കേസെടുത്തത്.

സംഭവം നടക്കുമ്പോൾ സ്പെഷ്യൽബ്രാഞ്ച് സിഐയായിരുന്ന എസ് വിജയനാണ് ഒന്നാം പ്രതി. വഞ്ചിയൂർ എസ്ഐയായിരുന്ന തമ്പി എസ് ദുർഗാദത്ത് രണ്ടും തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണറായിരുന്ന വി ആർ രാജീവൻ മൂന്നും പ്രതിയാണ്. അന്വേഷണസംഘം തലവനായിരുന്ന അന്നത്തെ ഐജി സിബി മാത്യൂസ് നാലും ഡിവൈഎസ്‌പിയായിരുന്ന കെ കെ ജോഷ്വാ അഞ്ചും രവീന്ദ്രൻ ആറും ഐബി ഡെപ്യൂട്ടി ഡയറക്ടറായിരുന്ന ആർ ബി ശ്രീകുമാർ ഏഴാം പ്രതിയുമാണ്. സി ആർ ആർ നായർ, ജി എസ് നായർ, കെ വി തോമസ്, പി എസ് ജയപ്രകാശ്, ജി ബാബുരാജ് , മാത്യു, ജോൺ പുന്നൻ, ബേബി, ഡിൻഡാ മാത്യൂസ്, വി കെ മോനി, എസ് ജോഗേഷ് എന്നിവരാണ് മറ്റുപ്രതികൾ.

1994ലാണ് ഐഎസ്ആർഒ റോക്കറ്റ് എൻജിനുകളുടെ രഹസ്യ ഡ്രോയിങ് പാക്കിസ്ഥാന് വിൽക്കാൻ ശ്രമിച്ചു എന്ന കേസിൽ നമ്പി നാരായൺ ഉൾപ്പെടെയുള്ളവർ അറസ്റ്റിലായത്. ഐഎസ്ആർഒയുടെ ക്രയോജനിക് പ്രോജക്ട് ഡയറക്ടറായിരുന്നു നമ്പി നാരായണൻ. ആരോപണം കെട്ടിച്ചമച്ചതാണെന്ന് സിബിഐ കണ്ടെത്തി. നമ്പി നാരായണനെ കോടതി കുറ്റവിമുക്തനുമാക്കി. കേസിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് സിബിഐ ചൂണ്ടിക്കാട്ടി. തുടർന്ന്, സുപ്രീംകോടതി ജെയിൻ കമീഷനെ നിയോഗിച്ചു. കമീഷനും ഗൂഢാലോചന അന്വേഷിക്കാൻ ശുപാർശ നൽകി. തുടർന്നാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. മെയ് മൂന്നിനാണ് സിബിഐ അന്വേഷണം ഏറ്റെടുത്തത്.