ന്യൂഡൽഹി: ഐസ്ആർഒ ചാരക്കേസിനു പിന്നിലെ ഗൂഢാലോചനയിൽ ജസ്റ്റിസ് ഡികെ ജയിൻ കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടികളെടുക്കാനാവില്ലെന്നും സിബിഐ നിയമാനുസൃതമായ അന്വേഷണം നടത്തണമെന്നും സുപ്രീം കോടതി. ഡികെ ജയിൻ കമ്മിറ്റിയുടെ റിപ്പോർട്ട് ആവശ്യപ്പെട്ട്, കേസിൽ പ്രതിയാക്കപ്പെട്ടവർ നൽകിയ ഹർജി പരിഗണിച്ചുകൊണ്ടാണ് ജസ്റ്റിസുമാരായ എഎം ഖാൻവിൽക്കർ, സഞ്ജയ് ഖന്ന എന്നിവരുടെ നിരീക്ഷണം.

'റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രോസിക്യൂഷനിലേക്കു നീങ്ങാൻ സിബിഐക്കാവില്ല. അവർ അന്വേഷിച്ചു വസ്തുതകൾ പുറത്തുകൊണ്ടുവരട്ടെ, നിയമാനുസൃതമായ അന്വേഷണം നടക്കട്ടെ''- കോടതി പറഞ്ഞു.

റിപ്പോർട്ട് പരിശോധിച്ച് വേണ്ട നടപടിയെടുക്കാനാണ് മുൻ ഉത്തരവിൽ നിർദ്ദേശിച്ചിരുന്നതെന്ന് കോടതി പറഞ്ഞു. കേസെടുത്ത് അന്വേഷിക്കാൻ സിബിഐ തീരുമാനിച്ച സാഹചര്യത്തിൽ പുതിയ ഉത്തരവ് ഇക്കാര്യത്തിൽ നൽകേണ്ടതില്ലെന്ന് ബെഞ്ച് വിലയിരുത്തി. നിയമപരമായി ലഭിക്കേണ്ട പരിഹാരത്തിനായി പ്രതികൾക്കു കീഴ്ക്കോടതിയെ സമീപിക്കാമെന്നും ബെഞ്ച് അറിയിച്ചു.

ജസ്റ്റിസ് ഡികെ ജയിൻ സമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സിബിഐ അന്വേഷണം പുരോഗമിക്കുന്നതെന്ന് സിബി മാത്യൂസ് ഉൾപ്പടെയുള്ള പ്രതികളുടെ അഭിഭാഷകർ സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടി. അതിനാൽ സമിതി റിപ്പോർട്ട് തങ്ങൾക്ക് കൈമാറണമെന്നും പ്രതികൾ കോടതിയോട് ആവശ്യപ്പെട്ടു. എന്നാൽ റിപ്പോർട്ട് കോടതിക്ക് വേണ്ടി തയ്യാറാക്കിയതാണെന്നും അതിനാലാണ് അത് പരസ്യപ്പെടുത്താൻ അനുവദിക്കാത്തതെന്നും ജസ്റ്റിസ്മാരായ എഎം ഖാൻവിൽക്കർ, സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. സമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാത്രം പ്രതികൾക്കെതിരെ നടപടി എടുക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.

ജയിൻ സമിതി റിപ്പോർട്ടുമായി ബന്ധപ്പെട്ട ചില പരാമർശങ്ങൾ ഉള്ളതിനാലാണ് ഗൂഢാലോചന കേസിലെ എഫ്ഐആർ ഇതുവരെ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യാത്തതെന്ന് സിബിഐ സുപ്രീം കോടതിയെ അറിയിച്ചു. എന്നാൽ എഫ്ഐആർ അപ്ലോഡ് ചെയ്യാൻ കോടതി അനുമതി നൽകി. തുടർന്ന് ഇന്നുതന്നെ എഫ്ഐആർ അപ്ലോഡ് ചെയ്യുമെന്ന് സിബിഐയ്ക്ക് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു.

റിപ്പോർട്ട് സമർപ്പിച്ചതിനാൽ ജസ്റ്റിസ് ജയിൻ സമിതിയുടെ പ്രവർത്തനം അവസാനിപ്പിക്കണമെന്ന അഡീഷണൽ സോളിസിറ്റർ ജനറൽ എസ് വി രാജുവിന്റെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചു. സമിതിയെ നിലനിർത്തുകയാണെങ്കിൽ അംഗങ്ങൾക്ക് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നൽകേണ്ടി വരുമെന്നും അഡീഷണൽ സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു. ജസ്റ്റിസ് ജയിൻ സമിതിയുടെ പ്രവർത്തനങ്ങൾക്ക് കോടതി നന്ദി രേഖപ്പെടുത്തി.

 

അതേസമയം, ഐഎസ്ആർഒ ചാരക്കേസിനു പിന്നിലെ ഗൂഢാലോചനയെക്കുറിച്ച് സിബിഐ അന്വേഷിക്കുന്ന കേസിൽ പ്രതികളായ മുൻ പൊലീസ് ഉദ്യോഗസ്ഥർ എസ് വിജയൻ, തമ്പി എസ് ദുർഗാദത്ത് എന്നിവർക്ക് ഹൈക്കോടതി ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചു. ഇരുവരെയും അറസ്റ്റ് ചെയ്താൽ അന്നു തന്നെ ജാമ്യം നൽകണമെന്ന കോടതി സിബിഐക്ക് നിർദ്ദേശം നൽകി. അ്ന്വേഷണവുമായി സഹകരിക്കാൻ എസ് വിജയനോടും തമ്പി എസ് ദുർഗാദത്തിനോടും കോടതി നിർദ്ദേശിച്ചു.

ഗൂഢാലോചനക്കേസിൽ മുൻകൂർ ജാമ്യം തേടി മുൻ പൊലീസ് ഉദ്യോഗസ്ഥർ നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്. ഇരുവരെയും അറസ്റ്റ് ചെയ്യില്ലെന്ന ഉറപ്പുപറയാനാവില്ലെന്ന് നേരത്തെ വാദത്തിനിടെ സിബിഐ കോടതിയെ അറിയിച്ചിരുന്നു.

ഐഎസ്ആർഒ ചാരക്കേസിലെ ഉദ്യോഗസ്ഥ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിച്ച ഡികെ ജയിൻ കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സുപ്രീം കോടതി നിർദ്ദേശപ്രകാരമാണ് സിബിഐയുടെ അന്വേഷണം. ചാരക്കേസിൽ ഐഎസ്ആർഒ ശാസ്ത്രജ്ഞൻ നമ്പി നാരായണനെ പ്രതി ചേർത്തതിനു പിന്നിലെ അന്വേഷണ ഉദ്യോഗസ്ഥരുടെ നടപടികളാണ് ഡികെ ജയിൻ സമിതി അന്വേഷിച്ചത്.

നമ്പി നാരായണനെ കേരള പൊലീസ് കേസിൽ കുടുക്കിയതാണോ എന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ഡികെ ജയിൻ സമിതി പരിശോധിച്ചിരുന്നു. മുദ്ര വച്ച കവറിലാണ് സമിതി റിപ്പോർട്ട് സുപ്രീം കോടതിയിൽ നൽകിയത്. സുപ്രീം കോടതി നിർദ്ദേശപ്രകാരം റിപ്പോർട്ട് പരിശോധിച്ച സിബിഐ ഗൂഢാലോചനക്കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയായിരുന്നു.